Connect with us

International

ബലൂണിന് പിന്നാലെ യുഎസ് ആകാശത്ത് അജ്ഞാത പേടകം; വെടിവെച്ചു വീഴ്ത്തി

പേടകം എവിടെ നിന്ന് വന്നുവെന്നോ ഉദ്ദേശം എന്തെന്നോ വ്യക്തമല്ല.

Published

|

Last Updated

വാഷിംഗ്ടൺ | ചൈനീസ് ബലൂൺ വെടിവെച്ച് വീഴ്ത്തി ഒരാഴ്ചക്കകം അമേരിക്കൻ ആകാശത്ത് അജ്ഞാത പേടകം. അലസ്കയിൽ 40000 അടി ഉയരത്തിൽ പറന്ന അജ്ഞാത പേടകം അമേരിക്ക വെടിവെച്ചു വീഴ്ത്തി. യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് പേടകം വെടിവെച്ചിടാൻ ഉത്തരവിട്ടത്.

ആളില്ലാ പേടകമാണ് അലസ്കയുടെ വടക്കൻ തീരത്ത് പറക്കുന്നതായി ശ്രദ്ധയിൽപെട്ടത്. 20 മുതൽ 40 മൈൽ വരെ വേഗത്തിലാണ് പേടകം പറന്നിരുന്നത്. ഒരു ചെറുകാറിന്റെ വലിപ്പമാണ് പേടകത്തിന് ഉള്ളതെന്ന് അമേരിക്കൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പേടകം എവിടെ നിന്ന് വന്നുവെന്നോ ഉദ്ദേശം എന്തെന്നോ വ്യക്തമല്ല.

വിമാന സർവീസുകളെ ബാധിക്കുമെന്നതിനാലാണ് പേടകം വെടിവെച്ച് വീഴ്ത്താൻ ബൈഡൻ നിർദേശം നൽകിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. വാണിജ്യ വിമാനകമ്പനികൾക്ക് 45,000 അടി ഉയരത്തിൽ പറക്കാൻ കഴിയും.

എഫ് 22 ഫൈറ്റർ ജെറ്റ് ഉപയോഗിച്ചാണ് പേടകം തകർത്തതെന്ന് പെന്റഗൺ വൃത്തങ്ങൾ പറഞ്ഞു. ബ്യൂഫോർട്ട് കടലിലിലെ തണുത്തുറഞ്ഞ മഞ്ഞുപാളികൾക്ക് മുകളിലാണ് പേടകം തകർന്നുവീണത്. ഇതിന്റെ അവശിഷ്ടങ്ങൾ ശേഖരിക്കാൻ ഹെലികോപ്റ്ററുകളും ഗതാഗത വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് യുഎസ് ആകാശത്ത് ചൈനീസ് ബലൂൺ പരിഭ്രാന്തി പരത്തിയത്. പിന്നീട് ബലൂൺ യുഎസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

Latest