avikkal plant
ആവിക്കല്‍ മാലിന്യസംസ്‌കരണ പ്ലാന്റ്: എം എല്‍ എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംഘര്‍ഷം
തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എയെ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു; പോലീസ് ലാത്തിവീശി

കോഴിക്കോട് | ആവിക്കല്‍ തോടിലെ മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്ക പരിഹരിക്കുന്നതിനായി തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ വിളിച്ചുചേര്‍ത്ത ജനസഭയില്‍ വാക്കേറ്റം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് പ്ലാന്റ് നിര്‍മാണവുമായി കോര്‍പറേഷന്‍ മുന്നോട്ടുപോകുന്നതെന്ന് പറഞ്ഞ് സമരസമിതി പ്രതിഷേധിക്കുകയായിരുന്നു.
സമരക്കാര്‍ യോഗം നടന്ന ഹാളില്‍ തള്ളിക്കയറി എം എല്‍ എയെ തടഞ്ഞുവച്ചു. തുടര്‍ന്ന് പോലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു. ഹാളിനു പുറത്ത് സമരക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷം രൂക്ഷമായപ്പോള്‍ പോലീസ് രണ്ടുതവണ ലാത്തിവീശി.
ബന്ധപ്പെട്ട വാര്‍ഡിലെ ആളുകളെ പങ്കെടുപ്പിക്കാതെ തൊട്ടടുത്ത വാര്‍ഡിലെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മലിനജല പ്ലാന്റ് ആവശ്യം ചര്‍ച്ച ചെയ്‌തെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. സമരസമിതിക്ക് പറയാനുള്ളത് എം എല്‍ എ കേള്‍ക്കണമെന്നും ഇവര്‍ അറിയിച്ചു. പ്രതിഷേധം രൂക്ഷമായതോടെ യോഗ സ്ഥലത്ത് നിന്നും എം എല്‍ എ മടങ്ങുകയായിരുന്നു.