Kerala
യാത്രക്കാരിയെ വഴിയിലിറക്കി വിട്ടതിന് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം
തലവടി സ്വദേശികളായ അമല്‍ (അപൂസ്-21), കെവിന്‍ (19) എന്നിവരെയാണ് ആലപ്പുഴ എടത്വായിലെ ഓട്ടോ ഡ്രൈവര്‍ അനില്‍കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിച്ചത്.
ആലപ്പുഴ | യാത്രക്കാരിയെ വഴിയിലിറക്കി വിട്ടുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ഭാര്യയുടെ മുന്നില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരുലക്ഷ രൂപ പിഴയും. തലവടി സ്വദേശികളായ അമല്‍ (അപൂസ്-21), കെവിന്‍ (19) എന്നിവരെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി മൂന്ന് ജഡ്ജി എസ് ഭാരതി ശിക്ഷിച്ചത്. ആലപ്പുഴ എടത്വായിലെ ഓട്ടോ ഡ്രൈവര്‍ അനില്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി.
2019 ജനുവരി 14 രാത്രി 12.30 ഓടെയായിരുന്നു സംഭവം. കേസിലെ രണ്ടാം പ്രതിയായ കെവിന്റെ സഹോദരി സ്വകാര്യ ആശുപത്രിയില്‍ നിന്നും അനില്‍കുമാറിന്റെ ഓട്ടോയില്‍ മടങ്ങിവരുന്നതിനിടെ വഴിയില്‍ ഇറക്കിവിട്ടതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികള്‍ അനില്‍കുമാറിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഭാര്യ സന്ധ്യയുടെ മുന്നില്‍ വച്ച് ആക്രമിക്കുകയായിരുന്നു.
ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച അനില്‍കുമാറിന്റെ ഭാര്യ സന്ധ്യയെയും പ്രതികള്‍ ഗുരുതരമായി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ അനില്‍കുമാറിനെ നാട്ടുകാര്‍ ചേര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


