International
വെനസ്വേലയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം; പിന്നില്‍ അമേരിക്കയെന്ന് റിപ്പോര്‍ട്ട്
വൈറ്റ് ഹൗസോ പെന്റഗണോ ആക്രമണത്തേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കാരക്കാസ്| വെനസ്വേലയിലെ വിമാനത്താവളങ്ങള്‍ക്കുനേരെ അമേരിക്ക ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വെനസ്വേലയിലെ നാല് വിമാനത്താവളങ്ങള്‍ അമേരിക്ക ആക്രമിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ രാജ്യം വിടാന്‍ അനുവദിക്കാത്ത തരത്തിലുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് കിഴക്കന്‍ മേഖലയിലെ ഹിഗരറ്റ് വിമാനത്താവളം അടക്കം നാലോളം വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. നഗരത്തിന്റെ പല മേഖലകളിലും വൈദ്യുതി ബന്ധം നഷ്ടമായി.ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തിന് തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ സാക്ഷിയായെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ 1.50ഓടെയാണ് ആദ്യത്തെ പൊട്ടിത്തെറി ശബ്ദം കേട്ടത്. തങ്ങള്‍ താമസിച്ചിരുന്ന മുറിയുടെ ജനലുകള്‍ അടക്കം പൊട്ടിത്തെറിക്ക് പിന്നാലെ നടുങ്ങിയെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ഓസ്മാരി ഹെര്‍ണാണ്ടസ് റിപ്പോര്‍ട്ട് ചെയ്തു.
ലാ ഗുയ്രായിലും ആക്രമണമുണ്ടായതായി വെനസ്വേലയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെനസ്വേലയ്ക്ക് നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വൈറ്റ് ഹൗസോ പെന്റഗണോ ആക്രമണത്തേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.






