Connect with us

From the print

നിയമസഭാ തിരഞ്ഞെടുപ്പ്: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്നോട്ടുവെക്കാതെ ബി ജെ പി

വസുന്ധരക്കും ചൗഹാനും അവഗണന. ഛത്തീസ്ഗഢില്‍ കൂട്ടുത്തരവാദിത്വം.

Published

|

Last Updated

മുംബൈ | ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബി ജെ പി ആരെയും ഉയര്‍ത്തിക്കാട്ടില്ല. ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടക്കുന്നത്.

രാജസ്ഥാനില്‍ ബി ജെ പി ശക്തമായ പോരാട്ടത്തിന് പദ്ധതി തയ്യാറാക്കിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടിയിട്ടില്ല. സംസ്ഥാനത്ത് സിന്ധ്യ കുടുംബത്തില്‍പ്പെട്ട വസുന്ധര രാജെ സിന്ധ്യ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമാണെന്നിരിക്കെ സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ നിയോഗിക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍, നേതൃത്വത്തിന് വസുന്ധരയോടും അവര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പിനോടും യോജിപ്പില്ല. ഇതാദ്യമാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടാതെ ബി ജെ പി ജനവിധി തേടുന്നത്.

ഛത്തീസ്ഗഢില്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗും പ്രതിപക്ഷ നേതാവ് അരുണ്‍സാവോയും കൂട്ടുത്തരവാദിത്വത്തോടെ പാര്‍ട്ടിയെ നയിക്കും. മിസോറാമിലും തെലങ്കാനയിലും ബി ജെ പി അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല.

മധ്യപ്രദേശ് തിരഞ്ഞെടുപ്പിനുള്ള രണ്ടാം പട്ടിക കൂടി പുറത്തിറക്കി ഒരുപടി മുന്നേ നീങ്ങുന്ന ബി ജെ പിയില്‍ ആഭ്യന്തര ഭിന്നതകള്‍ രൂക്ഷമാകുന്നതായും സൂചനയുണ്ട്. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ശിവരാജ് സിംഗ് ചൗഹാനെ തഴയുന്നതിന്റെ ഭാഗമായാണ് ഈ തിടുക്കമെന്നും രണ്ടാം പട്ടികയില്‍ തികച്ചും അപ്രതീക്ഷിതമായി കേന്ദ്ര മന്ത്രിമാരും എം പിമാരും ഇടം പിടിച്ചത് ഇതിന് തെളിവാണെന്നും ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ചൗഹാന് ടിക്കറ്റ് നിഷേധിക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍, അത്തരമൊരു നീക്കവുമില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തത്കാലം ചൗഹാനെ ഉയര്‍ത്തിക്കാട്ടില്ലെന്ന് വ്യക്തമാണ്.

ഏത് വലിയ നേതാവും മുഖ്യമന്ത്രിയായി വരാമെന്ന രീതിയിലാണ് നേതൃത്വം പ്രതികരിക്കുന്നത്. 2018 മുതല്‍ തുടരുന്ന ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍. ശിവരാജ് സിംഗ്് ചൗഹാന് ഒരവസരം കൂടി ലഭിച്ചിട്ടും അത് മാറ്റിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും പാര്‍ട്ടി കണക്കാക്കുന്നു.
മോദി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പ്രചാരണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രമുഖരെ ഉള്‍പ്പെടുത്തി രണ്ടാം പട്ടിക ബി ജെ പി പുറത്തിറക്കിയത്. തന്റെ പ്രസംഗത്തില്‍ ഒരിടത്തു പോലും ചൗഹാന്റെ പേര് പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

തുടര്‍ച്ചയായി മൂന്ന് തവണ മുഖ്യമന്ത്രിയായ ചൗഹാന് 2018ല്‍ ചുവട് പിഴച്ചിരുന്നു. 2018ല്‍ കോണ്‍ഗ്രസ്സ് 114 സീറ്റ് നേടി വലിയ കക്ഷിയായി. ബി ജെ പി 109 സീറ്റ് നേടി. കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കി അധികാരത്തിലേറിയ കോണ്‍ഗ്രസ്സിനെ, എം എല്‍ എമാരെ ചാക്കിട്ട് പിടിച്ചാണ് ബി ജെ പി വീഴ്ത്തിയത്.