Connect with us

Articles

സാമുദായിക ധ്രുവീകരണത്തിന്റെ അസം മോഡലുകള്‍

ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ മുസ്ലിംകള്‍ക്കെതിരെ പുതിയ നിയമങ്ങള്‍ ചമക്കുന്നതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. ചിലതെല്ലാം നടപ്പാക്കി കഴിഞ്ഞു. കുറേ പേരെ ജയിലിലടച്ചു. നിരവധി മുസ്ലിം ഭവനങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇല്ലാതാക്കി. മദ്റസകള്‍ അടച്ചുപൂട്ടി. മുസ്ലിംകളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള നിലവിലെ നിയമങ്ങള്‍ റദ്ദാക്കി കൊണ്ടുള്ള തീരുമാനം ഏറ്റവും ഒടുവിലത്തേതാണ്.

Published

|

Last Updated

ഒമ്പത് ദശകം മുമ്പുള്ള മുസ്ലിം വിവാഹ, വിവാഹമോചന നിയമം റദ്ദാക്കിക്കൊണ്ടുള്ള അസം സര്‍ക്കാറിന്റെ തീരുമാനം അപ്രതീക്ഷിതമല്ല. ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ മുസ്ലിംകള്‍ക്കെതിരെ പുതിയ നിയമങ്ങള്‍ ചമക്കുന്നതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. ചിലതെല്ലാം നടപ്പാക്കി കഴിഞ്ഞു. കുറേ പേരെ ജയിലിലടച്ചു. നിരവധി മുസ്ലിം ഭവനങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇല്ലാതാക്കി. മദ്റസകള്‍ അടച്ചുപൂട്ടി. മുസ്ലിംകളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള നിലവിലെ നിയമങ്ങള്‍ റദ്ദാക്കി കൊണ്ടുള്ള തീരുമാനം ഏറ്റവും ഒടുവിലത്തേതാണ്. ഈ നിയമം സാമുദായിക ധ്രുവീകരണവും ഏക സിവില്‍ കോഡും ലക്ഷ്യമാക്കിയുള്ളതാണ്. ബഹുഭാര്യത്വം തടയുന്ന നിയമവും ഉടന്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ചേര്‍ന്ന അസം മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മന്ത്രിസഭാ തീരുമാനം മാധ്യമങ്ങളെ അറിയിച്ച ക്യാബിനറ്റ് മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞത്, ഈ തീരുമാനം യൂനിഫോം സിവില്‍ കോഡിലേക്കുള്ള (യു സി സി) സുപ്രധാന ചുവടുവെപ്പെന്നാണ്. മുസ്ലിം വിവാഹം, വിവാഹ മോചനം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്പെഷ്യല്‍ മാരേജ് ആക്ട് വഴി നിയന്ത്രിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. 1935ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് സംസ്ഥാനത്ത് നടപ്പാക്കിയ മുസ്ലിം വിവാഹ നിയമം ഇതോടെ റദ്ദാക്കപ്പെടുകയാണ്. മുസ്ലിം വിവാഹവും വിവാഹ മോചനവും രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം നിലവില്‍ സര്‍ക്കാര്‍ നിയമിച്ച ഖാസിമാര്‍ക്കും ഖാസിമാര്‍ അടങ്ങിയ സമിതിക്കുമായിരുന്നു. മതപരമായ മുസ്ലിംകളുടെ ഈ അവകാശം അടുത്ത ജൂലൈ ഒന്ന് മുതല്‍ ഇല്ലാതാകും. അതിനു ശേഷം വിവാഹവും വിവാഹ മോചനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അധികാരം ജില്ലാ കമ്മീഷണര്‍ക്കും ജില്ലാ രജിസ്റ്റാര്‍മാര്‍ക്കുമായിരിക്കും. ഖാസിമാരുടെയും സമിതികളുടെയും കൈവശമുള്ള രേഖകള്‍ കമ്മീഷണര്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്നവര്‍ക്കോ കൈമാറണമെന്നും മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ മുസ്ലിം വിവാഹവുമായുള്ള രേഖകളൊന്നും ഖാസിമാരുടെയോ മഹല്ലുകളുടെയോ കൈവശം ഉണ്ടായിരിക്കുകയില്ല. മുസ്ലിം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അധികാരപ്പെട്ട 94 കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഈ അധികാരം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഖാസിമാര്‍ക്കും മഹല്ലുകള്‍ക്കും നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് അസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലിംകളുടെ മതപരമായ അവകാശം സര്‍ക്കാര്‍ വില കൊടുത്ത് വാങ്ങുകയാണെന്ന ആക്ഷേപമാണുയരുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ നഷ്ടപരിഹാരം നിരസിക്കണമെന്ന ആവശ്യം സംസ്ഥാനത്തെ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മുസ്ലിം വിവാഹ നിയമം റദ്ദാക്കുന്നതിലൂടെ ശൈശവ വിവാഹം തടയാനാകുമെന്നും അതുവഴി ജനന നിയന്ത്രണം നടപ്പാക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ശൈശവ വിവാഹം പിന്തുടരുന്ന ഒട്ടേറെ വിഭാഗങ്ങള്‍ സംസ്ഥാനത്തുണ്ട്. പുതിയ നിയമം മുസ്ലിംകളെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. ശൈശവ വിവാഹത്തിന്റെ പേരില്‍ അടുത്ത കാലത്തായി അസം സര്‍ക്കാര്‍ ഒട്ടേറെ പേരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ 62 ശതമാനവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ശൈശവ വിവാഹം നടക്കുന്നത് മുസ്ലിംകളില്‍ മാത്രമല്ല എന്നാണ്. ബാക്കിവരുന്ന 38 ശതമാനത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.

2022ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ റിപോര്‍ട്ട് പ്രകാരം അസമില്‍ ശൈശവ വിവാഹം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. അസമിലെ മൂന്നിലൊന്ന് സ്ത്രീകളും 18 വയസ്സിന് മുമ്പേ തന്നെ വിവാഹിതരാകുന്നുവെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ദേശീയതലത്തില്‍ ഇത് നാലിലൊന്നാണ്. സര്‍വേ ഫലത്തെ തുടര്‍ന്ന് ശൈശവ വിവാഹം തടയുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ കൂട്ട അറസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ഉത്തരവ് നടപ്പാക്കുകയായിരുന്നു. മൂവായിരത്തിലധികം പേരെ ശൈശവ വിവാഹ നിരോധന നിയമം, പോക്സോ എന്നീ നിയമങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതരായവര്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ടായിരുന്നു.

ബഹുഭാര്യത്വവും ശൈശവ വിവാഹവും നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ സാധുത പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഡ്വ. നകിബുര്‍ സമാന്‍ അധ്യക്ഷനായി ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് ഇപ്പോഴത്തെ നടപടി. നിലവിലുള്ള നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്നാണ് സമിതിയുടെ റിപോര്‍ട്ട്. നികാഹിന്റെയും ത്വലാഖിന്റെയും കാര്യത്തില്‍ പല ഖാസിമാരും ബന്ധപ്പെട്ടവരും അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ വിവാഹത്തിന് അനുവദിക്കുന്നതായും കാരണമില്ലാതെ വിവാഹ മോചനത്തിന് പ്രേരിപ്പിക്കുന്നതായും റിപോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഇത് ശരിയാണെങ്കില്‍ നിയമലംഘനം നടത്തുന്ന ഖാസിമാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ശൈശവ വിവാഹ നിയമം കര്‍ക്കശമാക്കുകയുമാണ് വേണ്ടത്. എന്നാല്‍ അസം സര്‍ക്കാര്‍ മുഴുവന്‍ മുസ്ലിംകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്.

പുതിയ നിയമം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി ഏറെ ദുഷ്‌കരമാക്കും. നിലവില്‍ സംസ്ഥാനത്ത് ഗ്രാമ പ്രദേശങ്ങളിലടക്കം 94 ഇടങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അത്തരം സൗകര്യങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ മാത്രമായി പരിമിതപ്പെടും. ഇത് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് കാലതാമസം വരുത്തും.

കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്ന മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ മുസ്ലിം വിരോധം പ്രകടിപ്പിക്കുന്നതില്‍ യജമാനനേക്കാള്‍ വലിയ രാജ ഭക്തിയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിംകളുടെ വോട്ട് തനിക്കു വേണ്ട എന്ന് ഈയിടെ അസം മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ബംഗാളി സംസാരിക്കുന്ന അസം മുസ്ലിംകളെ നിന്ദ്യമായ ഭാഷയിലാണ് അദ്ദേഹം അഭിസംബോധന ചെയ്യാറുള്ളത്. സംസ്ഥാനത്തെ മുസ്ലിംകളെ ഭിന്നിപ്പിക്കാനുള്ള ശ്രമവും ഹിമന്ത ബിശ്വ ശര്‍മ നടത്തി വരുന്നു. 2011ലെ സെന്‍സസ് പ്രകാരം, അസമിലെ ജനസംഖ്യയുടെ 34 ശതമാനം മുസ്ലിംകളാണ്.

സംസ്ഥാനത്തെ മൊത്തം ജനസംഖ്യ 3.12 കോടിയാണ്. മുസ്ലിം ജനസംഖ്യ 1.06 കോടി. മുസ്ലിംകളില്‍ നല്ലൊരു വിഭാഗം ബംഗാളി വംശജരാണ്. ഇവര്‍ അറിയപ്പെടുന്നത് മിയാന്‍ മുസ്ലിംകള്‍ എന്ന പേരിലാണ്. നൂറ്റാണ്ടുകളായി സംസ്ഥാനത്ത് കഴിയുന്ന ഇവരെ ബംഗ്ലാദേശികളായ അനധികൃത കുടിയേറ്റക്കാരായാണ് അസം മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസ്സ് ഭരണകാലത്തും ഏറെ പീഡനങ്ങള്‍ നേരിട്ടവരാണ് മിയാന്‍ മുസ്ലിംകള്‍. 40 വര്‍ഷം മുമ്പ് ഉള്‍ഫ തീവ്രവാദികള്‍ നെല്ലിയില്‍ രണ്ടായിരത്തിലേറെ മുസ്ലിംകളെ തീവെച്ചു കൊലപ്പെടുത്തുകയുണ്ടായി. ഈ ക്രൂരകൃത്യം നടത്തിയ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് അയ്യായിരത്തോളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയുണ്ടായി. മദ്റസകളില്‍ അറബിയും ഉറുദുവും പഠിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇത്തരത്തിലുള്ള അറുനൂറോളം മദ്റസകള്‍ അസം സര്‍ക്കാര്‍ അടച്ചുപൂട്ടുകയോ മിഡില്‍ സ്‌കൂളുകളായി പരിവര്‍ത്തനം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.

 

Latest