Connect with us

National

ഏഷ്യന്‍ ഗെയിംസ്; പുരുഷ കബഡിയിലും സ്വര്‍ണത്തിളക്കവുമായി ഇന്ത്യ

ഫൈനലില്‍ പോയിന്റ് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിവാദങ്ങളിലും പ്രതിഷേധങ്ങളിലും ചെന്നെത്തിയത്.

Published

|

Last Updated

ഹാങ്ചൗ |  ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയിലും ഇന്ത്യക്ക് സ്വര്‍ണം. അതേ സമയം, ഏറെ നാടകീയ രംഗങ്ങളാണ് ഫൈനലില്‍ കളത്തിലും കളത്തിന് പുറത്തും അരങ്ങേറിയത് . അതിശക്തരായ ഇറാനെതിരെയായിരുന്നു ഇന്ത്യയുടെ കലാശപ്പോരാട്ടം. ഫൈനലില്‍ പോയിന്റ് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിവാദങ്ങളിലും പ്രതിഷേധങ്ങളിലും ചെന്നെത്തിയത്. അവസാന ഘട്ടത്തില്‍ ഇറാന്‍ താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതും വിവാദത്തിന്റെ ആക്കം കൂട്ടി.33-29 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ ജയവും സുവര്‍ണ നേട്ടവും.

രണ്ടാം പകുതിയില്‍ ഇന്ത്യന്‍ താരം പവന്‍ ഷെരാവത്തിനെ പ്രതിരോധിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം തുടങ്ങിയത്. ഇന്ത്യക്ക് മൂന്ന് പോയിന്റ് നല്‍കിയതും ഇറാനു ഒരു പോയിന്റ് നല്‍കിയതും പ്രതിഷേധത്തിനു ഇടയാക്കി. ഒടുവില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് നല്‍കിയാണ് വിവാദം തണുപ്പിച്ചത്. മത്സരത്തിന്റെ വീഡിയോ അടക്കം പരിശോധിച്ചായിരുന്നു തീരുമാനം.
ഇരു ടീമും 28 പോയന്റ് വീതം നേടി തുല്യത പാലിച്ചിരിക്കേ ഇന്ത്യന്‍ താരം പവന്‍ ഡു ഓര്‍ ഡൈ റെയ്ഡിനിറങ്ങി. ഇന്ത്യന്‍ താരത്തെ ഇറാന്‍ താരങ്ങള്‍ പിടിച്ചെങ്കിലും ഇറാന്‍ താരങ്ങളെ സ്പര്‍ശിക്കും മുമ്പ് താന്‍ ലൈനിന് പുറത്തുപോയതായി പവന്‍ അവകാശമുന്നയിച്ചു. ഇറാന്‍ പ്രതിരോധ താരങ്ങള്‍ പുറത്തുപോയ പവനെ സ്പര്‍ശിച്ചതിനാല്‍ ഇന്ത്യ നാല് പോയന്റ് അവകാശപ്പെട്ടു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച റഫറി ഇരു ടീമിനും ഓരോ പോയന്റ് വീതം നല്‍കിയെങ്കിലും ഇന്ത്യ നാല് പോയന്റ് നല്‍കണമെന്ന് വാദിച്ച് പ്രതിഷേധിച്ചു. ഇതോടെ റഫറി ഇന്ത്യക്ക് മൂന്ന് പോയിന്റും ഇറാന് ഒരു പോയിന്റും നല്‍കി തര്‍ക്കം അവസാനിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് പോയിന്റുകൂടി നേടി ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കി

Latest