Connect with us

Kerala

ആശ വേതന വര്‍ധന; ആദ്യ കാബിനറ്റില്‍ തീരുമാനം ഉണ്ടായിട്ടില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭമെന്ന് സമരക്കാര്‍

മുഖ്യമന്ത്രി ആരാകും എന്നത് തങ്ങള്‍ക്ക് പ്രശ്‌നമല്ല

Published

|

Last Updated

തിരുവനന്തപുരം | ആശവര്‍ക്കര്‍മാരുടെ വേതന വര്‍ധന സംബന്ധിച്ച തീരുമാനം ആദ്യ കാബിനറ്റില്‍ ഉണ്ടാവുമെന്ന വി ഡി സതീശന്റെ പ്രഖ്യാപനം നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും തെരുവില്‍ സമരം നടത്തുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍.

വി ഡി സതീശന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പില്ലെങ്കിലും വി ഡി സതീശന്റെ പ്രഖ്യാപനം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രഖ്യാപനമായിട്ടാണ് ആശ വര്‍ക്കര്‍മാര്‍ കാണന്നത്. പ്രതിദിന വേതനം 700 രൂപയാക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരന്നു 266 ദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ സ്ത്രീ തൊഴിലാളികള്‍ സമരം ചെയ്തത്. അന്നു സമരപ്പന്തല്‍ സന്ദര്‍ശിച്ച വി ഡി സതീശന്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യ ക്യാബിനറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.

യു ഡി എഫ് അധികാരത്തിലെത്തിയതോടെ ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കലടക്കമുള്ള ആവശ്യങ്ങള്‍ ഉടന്‍ തന്നെ പരിഗണിക്കുമെന്ന വാക്ക് പാലിച്ചില്ലെങ്കില്‍ പുതിയ സര്‍ക്കാരിനെതിരെയും സമരം നടത്തുമെന്ന നിലപാടിലാണ് സമരത്തിന്നേതൃത്വം നല്‍കിയവര്‍. മുഖ്യമന്ത്രി ആരായാലും വിഷയത്തില്‍ ജനവികാരം മാനിക്കണമെന്നാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ അഭിപ്രായം.

ആശ കേന്ദ്ര പദ്ധതിയാണെന്നും കേന്ദ്ര സര്‍ക്കാറിനെതിരെയാണ് സമരം നടത്തേണ്ടത് എന്ന നിലപാടിലായിരുന്നു ഇടതു സര്‍ക്കാര്‍. സി ഐ ടി യു, സി പി എം നേതാക്കളെല്ലാം സമരത്തെ തള്ളിപ്പറഞ്ഞു. സമരത്തിന് മികച്ച മാധ്യമ പിന്തുണ ലഭിച്ചതോടെ ബി ജെ പി, കോണ്‍ഗ്രസ് നേതാക്കളെല്ലാം സമരപ്പന്തലില്‍ എത്തി. ഭരണം മാറിയാല്‍ ആദ്യ കാബിനറ്റില്‍ നടപടിയുണ്ടാവുമെന്ന് വി ഡി സതീശന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ രണ്ടു ഘട്ടമായി ഇടതു സര്‍ക്കാര്‍ 2000 രൂപ ഉയര്‍ത്തിയെങ്കിലും സമരക്കാര്‍ സര്‍ക്കാറിനെതിരെ ശക്തമായി നിലക്കൊള്ളുകയായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് സര്‍ക്കാര്‍ ഓണറേറിയം 1000 രൂപ വര്‍ധിപ്പിതോടെയാണ് 2025 ഫെബ്രുവരി 10ന് ആരംഭിച്ച സെക്രട്ടേറിയേറ്റിന് മുന്നലെ രാപ്പകല്‍ സമരം നവംബര്‍ ഒന്നിന് അവസാനിപ്പിച്ചത്. 1500 രൂപയുടെ ഫിക്‌സഡ് ഇന്‍സെന്റീവ് കേന്ദ്ര സര്‍ക്കാര്‍ 3500 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു.

 

Latest