Connect with us

Uae

അറബി ഭാഷാ അധ്യാപന നയം; മാർഗനിർദേശങ്ങൾ പുറത്തിറക്കി

കളി, പര്യവേക്ഷണം, ഇന്ദ്രിയാനുഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പഠന രീതിയാണ് നയം മുന്നോട്ടുവെക്കുന്നത്.

Published

|

Last Updated

ദുബൈ| ദുബൈയിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ എച്് ഡി എ) ദുബൈയിലെ ആദ്യകാല ബാല്യകാല കേന്ദ്രങ്ങൾക്കും സ്വകാര്യ സ്‌കൂളുകൾക്കും അറബി ഭാഷാ അധ്യാപന നയം നടപ്പിലാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ശൈശവാവസ്ഥയിൽ തന്നെ കുട്ടികളിൽ അറബി ഭാഷയോടുള്ള സ്‌നേഹം വളർത്തുകയും അവരുടെ ഭാഷാപരവും സാംസ്‌കാരികവുമായ കഴിവുകൾ വർധിപ്പിക്കുകയുമാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യം.

കളി, പര്യവേക്ഷണം, ഇന്ദ്രിയാനുഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പഠന രീതിയാണ് നയം മുന്നോട്ടുവെക്കുന്നത്. അറബി പഠിപ്പിക്കുന്നതിൽ താത്പര്യമുള്ള യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാനും ആഴ്ചയിലെ സമയത്തിന്റെ മൂന്നിലൊന്ന് രസകരമായ പ്രവർത്തനങ്ങളിലൂടെ കുട്ടികളുമായി സംവദിക്കാനും സ്‌കൂളുകളോട് നിർദേശിച്ചിട്ടുണ്ട്.
ഈ നയത്തിന്റെ ആദ്യ ഘട്ടം സെപ്തംബറിൽ ആരംഭിക്കും. നാലിനും ആറിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുക.

ആദ്യ ഘട്ടത്തിന്റെ ഫലങ്ങൾ വിലയിരുത്തിയ ശേഷം തുടർന്നുള്ള ഘട്ടങ്ങൾ തീരുമാനിക്കും. അറബി സംസാരിക്കുന്നവരും സംസാരിക്കാത്തവരുമായ എല്ലാ കുട്ടികളെയും ലക്ഷ്യമിട്ടാണ് ഈ നയം നടപ്പിലാക്കുന്നത്. ദുബൈയിലെ സ്വകാര്യ സ്‌കൂളുകളിൽ 387,441 വിദ്യാർഥികളും 274 ബാല്യകാല കേന്ദ്രങ്ങളിൽ 27,490 കുട്ടികളും പഠിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.