Editors Pick
ആപ്പിളിന്റെ പുതിയ ബജറ്റ് ഫോൺ ഐഫോൺ 17ഇ ഉടൻ; കുറഞ്ഞ വിലയിൽ വമ്പൻ ഫീച്ചറുകൾ
മികച്ച പ്രകടനം ലക്ഷ്യമിട്ട് ഐഫോൺ 17-ൽ ഉപയോഗിക്കുന്ന അതേ എ19 ചിപ്പ് തന്നെയാണ് ഈ ബജറ്റ് മോഡലിലും ആപ്പിൾ ഉൾപ്പെടുത്തുന്നത്.
ടെഹ്റാൻ | ആപ്പിളിന്റെ ഐഫോൺ 17 പരമ്പരയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ഐഫോൺ 17ഇ (iPhone 17e) ഫെബ്രുവരി 19-ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ബ്ലൂംബെർഗിലെ പ്രമുഖ ആപ്പിൾ നിരീക്ഷകനായ മാർക്ക് ഗുർമാനാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരി 19-ന് പുറത്തിറങ്ങിയ ഐഫോൺ 16ഇയുടെ പിൻഗാമിയായാണ് പുതിയ ഫോൺ എത്തുന്നത്. 599 ഡോളർ (ഏകദേശം 50,000 രൂപയ്ക്ക് മുകളിൽ) ആയിരിക്കും ഇതിന്റെ പ്രാരംഭ വിലയെന്നാണ് സൂചന. ഇന്ത്യയിൽ ഇത് ഏകദേശം 60,000 രൂപയോളം വരാൻ സാധ്യതയുണ്ട്.
മികച്ച പ്രകടനം ലക്ഷ്യമിട്ട് ഐഫോൺ 17-ൽ ഉപയോഗിക്കുന്ന അതേ എ19 ചിപ്പ് തന്നെയാണ് ഈ ബജറ്റ് മോഡലിലും ആപ്പിൾ ഉൾപ്പെടുത്തുന്നത്. 6-കോർ സി പി യു, 6-കോർ ജി പി യു എന്നിവയടങ്ങുന്ന കരുത്തുറ്റ പ്രൊസസറാണ് ഇതിന്റേത്. ഇതിന് പുറമെ ആപ്പിളിന്റെ സ്വന്തം സെല്ലുലാർ മോഡമായ സി1 എക്സ് (C1X), എൻ1 കണക്റ്റിവിറ്റി ചിപ്പ് എന്നിവയും ഫോണിലുണ്ടാകും. പഴയ മോഡലുകളിൽ ഉണ്ടായിരുന്ന ക്വാൽകോം മോഡമുകൾക്ക് പകരം ആപ്പിൾ സ്വന്തമായി വികസിപ്പിച്ചവയാണ് ഇവ. ഇത് മികച്ച നെറ്റ്‌വർക്ക് വേഗതയും ഊർജ്ജക്ഷമതയും നൽകാൻ സഹായിക്കും.
ഐഫോൺ 16ഇയിൽ ഇല്ലാതിരുന്ന മാഗ്‌സേഫ് (MagSafe) ചാർജിങ് സൗകര്യം ഇത്തവണ ഐഫോൺ 17ഇയിൽ ഉൾപ്പെടുത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് 25W വേഗതയിൽ വയർലെസ് ചാർജിങ് സാധ്യമാക്കും. സിംഗിൾ ക്യാമറ ഡിസൈൻ തുടരുമെങ്കിലും മുൻവശത്തെ സെൽഫി ക്യാമറയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സാംസങ് ഗാലക്‌സി എസ്26 പോലുള്ള പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾ വിപണിയിൽ എത്തുന്നതിന് മുന്നോടിയായി ബജറ്റ് വിപണി പിടിക്കാനാണ് ആപ്പിളിന്റെ ഈ നീക്കം.




