School Kalolsavam
എവിടെയും എന്തിനും... കുട്ടിപ്പോലീസ്
അതിമനോഹരമായി കോഴിക്കോട് സമാപിച്ച കലോത്സവ വേദികളിൽ സുരക്ഷയടക്കം സേവനങ്ങൾക്കായി അണിനിരന്നത് 750 സ്റ്റുഡന്റ്പോലീസ് കേഡറ്റുകൾ. രണ്ട് ഷിഫ്റ്റുകളിലായാണ് എല്ലാ വേദികളിലും ഇവർ സേവനം ചെയ്തത്. നഗരത്തിലെ 28 സ്കൂളുകളിൽ നിന്നുള്ളവരാണിവർ. ക്രമസമാധാനപാലനത്തോടൊപ്പം മത്സരാർഥികൾക്കും കൂടെയെത്തുന്നവർക്കും കാണികൾക്കും എല്ലാ സഹായത്തിനും ഇവരുണ്ടായിരുന്നു. പത്തോളം വേദികളിൽ വിവിധ പദ്ധതിയും ഇവർ ആവിഷ്കരിച്ചിരുന്നു.
മുഴുവൻ വേദികളിലുള്ള എസ് പി സി ഹെൽപ് ഡസ്കുകളും മികച്ച അഭിപ്രായം നേടി. സാമൂതിരി സ്കൂൾ ഗ്രൗണ്ടിൽ ഹോണസ്റ്റി ഫുഡ് ഷോപ്പും പ്രവർത്തിച്ചിരുന്നു. കലോത്സവത്തിനെത്തുന്നവരുടെ സത്യസന്ധതയടക്കം കണ്ടെത്തുകയാണ് ലക്ഷ്യം. ലഘുഭക്ഷണങ്ങളും പാനീയങ്ങളുമടക്കം ഒരുക്കിയ ഇവിടെ വിലവിവരപട്ടിക പ്രദർശിപ്പിക്കുകയാണ് ചെയ്തത്. കടക്കാരനില്ലാത്ത ഇവിടെ ആളുകൾ സാധനങ്ങൾ എടുത്ത് അതിന്റെ തുക പ്രത്യേകം ഒരുക്കിയ പെട്ടിയിലിടുകയാണ് വേണ്ടത്.
പ്രധാന വേദിയായ വിക്രം മൈതാനിയിൽ ലഹരിവിരുദ്ധ സന്ദേശം പകർന്ന് സെൽഫി കോർണറും ഒരുക്കിയിരുന്നു. നോഡൽ ഓഫിസർ അസി. കമീഷണർ പ്രകാശൻ പടന്നയിലാണ് എസ് പി സിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കലോത്സവം സമാപിച്ച് ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയാണ് കുട്ടിപ്പോലീസുകാർ മടങ്ങിയത്.





