Connect with us

Articles

അപരവത്കരണത്തിന്റെ മറ്റൊരു വിധി

പൗരത്വ നിയമ ഭേദഗതിയിലൂടെയും പൗരത്വപ്പട്ടികയുടെ നിര്‍മാണത്തിലൂടെയും ഏത് വിധത്തിലാണോ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകളെ അപരവത്കരിക്കാന്‍ ശ്രമിച്ചത് അതിന്റെ തുടര്‍ച്ചയാണ് കര്‍ണാടക ഹൈക്കോടതിയുടെ വിധിയിലുമുള്ളത്. എല്ലാ ജനവിഭാഗങ്ങളെയും യോജിപ്പിച്ച് നിര്‍ത്തി, ഇന്ത്യന്‍ യൂനിയനെന്ന സങ്കല്‍പ്പത്തിന്റെ അന്തസ്സത്ത നിലനിര്‍ത്താന്‍ നീതിന്യായ സംവിധാനം ലക്ഷ്യമിട്ടിരുന്നുവെങ്കില്‍ യൂനിഫോമിന്റെ ഭാഗമായി ഹിജാബ് ധരിക്കാന്‍ അവകാശമുണ്ടെന്ന് വിധിക്കുമായിരുന്നു.

Published

|

Last Updated

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ഉപയോഗിക്കുന്നത് വിലക്കി കര്‍ണാടക സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ശരിവെച്ച് ആ സംസ്ഥാനത്തെ ഹൈക്കോടതിയുടെ ഫുള്‍ ബഞ്ചിന്റെ വിധി വന്നിരിക്കുന്നു. ഹിജാബ് ഉപയോഗിക്കുക എന്നത് ഇസ്ലാമിലെ ഒഴിവാക്കാന്‍ കഴിയാത്ത അനുഷ്ഠാനമായി (എസന്‍ഷ്യല്‍ റിലീജ്യസ് പ്രാക്ടീസ്) കണക്കാക്കാനാകില്ലെന്നാണ് വിശുദ്ധ ഖുര്‍ആനും അതിന്റെ വ്യാഖ്യാനങ്ങളും നബി വചനവുമൊക്കെ അടിസ്ഥാനമാക്കി കോടതി കണ്ടെത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂനിഫോം ഏര്‍പ്പെടുത്തുന്നത്, ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായി കാണാനാകില്ലെന്നും മൗലികാവകാശങ്ങള്‍ക്ക് യുക്തിസഹമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് ഭരണഘടന തന്നെ അനുവാദം നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കര്‍ണാടക സര്‍ക്കാറിന്റെ ഉത്തരവ് നിലനില്‍ക്കുമെന്നുമാണ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കിയത്.

ഹിജാബ് ഇസ്ലാമിലെ ഒഴിവാക്കാന്‍ കഴിയാത്ത അനുഷ്ഠാനമാണോ അല്ലയോ എന്നത് നീതിന്യായ സംവിധാനമാണോ തീരുമാനിക്കേണ്ടത് എന്നത് ഒരു പ്രശ്നമാണ്. യൂനിഫോമിറ്റിക്ക് വേണ്ടി മൗലികാവകാശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികാരമുണ്ടെന്ന കോടതി വിധി ഉണ്ടാക്കാന്‍ ഇടയുള്ള ഗൗരവമുള്ള പ്രശ്നം മറ്റൊന്ന്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ നിഷ്‌കര്‍ഷിച്ച വിധത്തില്‍ എഴുന്നേറ്റ് നില്‍ക്കുക എന്നത് രാജ്യത്തെ പൗരന്മാരുടെ ഉത്തരവാദിത്വമാണ്. അതങ്ങനെ ചെയ്യാതിരിക്കുന്നത് ദേശീയ ഗാനത്തെ അപമാനിക്കുന്നതിന് തുല്യമായാണ് കണക്കാക്കപ്പെടുക. എന്നാല്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുക എന്നത് തങ്ങളുടെ വിശ്വാസത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യഹോവസാക്ഷി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ സാമാന്യം ദൈര്‍ഘ്യമുള്ള നിയമപോരാട്ടം നടത്തിയിരുന്നു. മതവിശ്വാസവും ആ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുവദിക്കുന്നതാണെന്നും അതുകൊണ്ടുതന്നെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കാനുള്ള അവകാശം യഹോവസാക്ഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുണ്ടെന്നുമാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിച്ചത്. ആ വിധി അങ്ങനെ നില്‍ക്കുമ്പോഴാണ് ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ അനുഷ്ഠാനമല്ലെന്ന് ചൂണ്ടിക്കാട്ടി യുക്തിസഹമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കര്‍ണാടക ഹൈക്കോടതി വിധിക്കുന്നത്.

വിശ്വാസത്തിന്റെയും മതത്തിന്റെയും ഭരണഘടനയുടെയും അതിനെ ആധാരമാക്കുന്ന നിയമസംഹിതകളുടെയും കാര്യം നമുക്ക് വിടാം. ഈ വിഷയത്തെ സമൂഹവുമായി ബന്ധപ്പെടുത്തി കാണുക എന്നതാണ് പരമപ്രധാനം. ഭിന്ന വിശ്വാസങ്ങളും ഭാഷകളും സംസ്‌കാരധാരകളും നിലനില്‍ക്കുന്ന രാജ്യം, ഏക യൂനിയനായി നിലകൊള്ളുകയും തുടര്‍ന്ന് പോകുകയും ചെയ്യുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ രാജ്യത്തിന്റെ വിവിധ സംവിധാനങ്ങള്‍ (നിയമ നിര്‍മാണ സഭയും നീതിനിര്‍വഹണ സംവിധാനവും ഭരണ നിര്‍വഹണ സംവിധാനവും) തയ്യാറാകുകയും ആ സാമൂഹിക വ്യക്തിത്വങ്ങളെ നിലനിര്‍ത്തും വിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. ആ രീതിയില്‍ നിന്ന് മാറിനില്‍ക്കുന്ന വിധികള്‍ പലത് അടുത്ത കാലത്ത് രാജ്യത്തെ നീതിന്യായ സംവിധാനങ്ങളില്‍ നിന്നുണ്ടായിട്ടുണ്ട്. അതിലൊന്നായി വേണം കര്‍ണാടക ഹൈക്കോടതിയുടെ വിധിയെ കാണാന്‍. അതൊരു രാഷ്ട്രീയമാറ്റത്തിന്റെ തുടര്‍ച്ചയില്‍ സംഭവിക്കുന്നതുമാണ്.

മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കിയതും ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് തീവ്ര ഹിന്ദുത്വ ശക്തികള്‍ ആരംഭിച്ച പ്രക്ഷോഭവുമാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായക സ്വാധീനം ചെലുത്തിയ രണ്ട് കാര്യങ്ങള്‍. രാജ്യത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് അധികാര സ്ഥാനങ്ങളില്‍ അര്‍ഹിക്കുന്ന അവസരം തുറന്ന് ആ ജനവിഭാഗങ്ങളുടെ അന്തസ്സുയര്‍ത്തുന്നതായിരുന്നു മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ നടപ്പാക്കലെങ്കില്‍, കര്‍സേവയിലൂടെ ബാബരി മസ്ജിദ് തകര്‍ത്ത, തീവ്ര ഹിന്ദുത്വവാദികളും അതിന് അവരെ അനുവദിച്ച ഭരണ സംവിധാനവും ഒരു വിഭാഗം ജനതയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങള്‍ അവരുടെ സ്വത്വത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ സംവിധാനങ്ങളിലൂടെ അധികാരം പിടിക്കുന്ന കാഴ്ച വിവിധ സംസ്ഥാനങ്ങളില്‍ കണ്ടപ്പോള്‍ സ്വന്തം സ്വത്വം സംരക്ഷിക്കുന്നതിന് മതത്തിന്റെ ചിഹ്നങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും മുസ്ലിംകള്‍ തിരിയുന്ന കാഴ്ചയാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം കണ്ടത്. ആ ജനവിഭാഗത്തെ രാജ്യത്തിന്റെ സംവിധാനങ്ങളില്‍ വിശ്വാസമര്‍പ്പിക്കാന്‍ പാകത്തിലുള്ള യാതൊന്നും 1992 ഡിസംബര്‍ ആറിന് ശേഷം ഇക്കാലം വരെ ഉണ്ടായതുമില്ല. മറിച്ച് അവരെ കൂടുതല്‍ അരക്ഷിതരാക്കുന്ന, രണ്ടാം കിട പൗരന്മാരായി ചിത്രീകരിക്കുന്ന, രാജ്യസുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നവരെന്ന സംശയത്തിന്റെ നിഴലിലേക്ക് നീക്കിനിര്‍ത്തുന്ന നടപടികള്‍ കൂടുതല്‍ ഉണ്ടാകുകയും ചെയ്തു. അത് ഇപ്പോഴും അനുസ്യൂതം തുടരുകയുമാണ്. ഉത്തര്‍ പ്രദേശ് അടക്കം നാല് സംസ്ഥാനങ്ങളില്‍ ബി ജെ പി അധികാരത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ അതില്‍ വലിയൊരളവ് ഊര്‍ജമാകുന്നത് മുസ്ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ആസൂത്രിത പ്രചാരണങ്ങളായിരുന്നുവെന്ന് കാണണം.

ആ ജനതയെ കൂടുതല്‍ അന്യവത്കരിക്കാന്‍ മാത്രമേ കര്‍ണാടക ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധി കാരണമാകുകയുള്ളൂവെന്ന് നിസ്സംശയം പറയാം. സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള പൊതു ഇടങ്ങളില്‍ വ്യവഹരിക്കാന്‍ അനുവാദമില്ലാത്ത ജനത, ഇന്ത്യന്‍ യൂനിയനെ നിര്‍വചിക്കുകയും നിയന്ത്രിക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്ന ഭരണഘടനാ വ്യവസ്ഥകളില്‍ ഇനിയും വിശ്വസിക്കുന്നത് എങ്ങനെ എന്നതാണ് ചോദ്യം. സിഖ് ഉള്‍പ്പെടെയുള്ള മതവിഭാഗങ്ങള്‍ക്ക് അവരുടെ അനുഷ്ഠാനങ്ങളുടെ ഭാഗമായ അടയാളങ്ങള്‍ ഏതിടത്തും ഉപയോഗിക്കാന്‍ സാധിക്കുമ്പോള്‍, തങ്ങള്‍ ഭരണകൂടം അവര്‍ക്ക് യുക്തിസഹമെന്ന് തോന്നുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അതനുസരിക്കാന്‍ ബാധ്യസ്ഥരാണ് എന്ന തോന്നല്‍ അവരെ കൂടുതല്‍ ഇകഴ്ത്തുകയാണ് ചെയ്യുക. പൗരത്വ നിയമ ഭേദഗതിയിലൂടെയും ദേശീയ പൗരത്വപ്പട്ടികയുടെ നിര്‍മാണത്തിലൂടെയും ഏത് വിധത്തിലാണോ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകളെ അപരവത്കരിക്കാന്‍ ശ്രമിച്ചത് അതിന്റെ തുടര്‍ച്ചയാണ് കര്‍ണാടക ഹൈക്കോടതിയുടെ വിധിയിലുമുള്ളത്. എല്ലാ ജനവിഭാഗങ്ങളെയും യോജിപ്പിച്ച് നിര്‍ത്തി, ഇന്ത്യന്‍ യൂനിയനെന്ന സങ്കല്‍പ്പത്തിന്റെ അന്തസ്സത്ത നിലനിര്‍ത്താന്‍ നീതിന്യായ സംവിധാനം ലക്ഷ്യമിട്ടിരുന്നുവെങ്കില്‍ യൂനിഫോമിന്റെ ഭാഗമായി ഹിജാബ് ധരിക്കാന്‍ ഈ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് വിധിക്കുമായിരുന്നു. അത്തരമൊരു വിധി ആ സമുദായാംഗങ്ങള്‍ക്ക് നല്‍കുമായിരുന്ന ആദരവ്, മതനിരപേക്ഷ ജനാധിപത്യത്തിന്റെ മഹനീയതയെ കൂടുതല്‍ മിഴിവുറ്റതാക്കുകയും ചെയ്യുമായിരുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ തുടരുന്ന ഭരണകൂടം തങ്ങളെ ലക്ഷ്യമിട്ട് വേട്ടയാടുമ്പോള്‍ അവകാശ സംരക്ഷണത്തിന് നീതിന്യായ സംവിധാനത്തെ ആശ്രയിക്കാന്‍ കഴിയുമെന്ന തോന്നല്‍ മുസ്ലിം ജനസാമാന്യത്തിനുണ്ടാകുമായിരുന്നു. അത്തരത്തിലൊരു ബഹുസ്വര സമൂഹം പരസ്പരം വിശ്വസിച്ചും ഭരണഘടനാ സ്ഥാപനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചും തുടരുമ്പോഴാണ് മേല്‍വിവരിച്ച സ്ഥാപനങ്ങളൊക്കെ പ്രസക്തമാകുന്നത്. അതിന് പാകത്തില്‍ സമൂഹത്തെ മുന്നില്‍ക്കണ്ട്, അവിടെ നടക്കുന്ന ചലനങ്ങള്‍ രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കി ഭരണഘടനാ വ്യവസ്ഥകളെയും നിയമങ്ങളെയും വ്യാഖ്യാനിക്കുമ്പോഴാണ് നീതിന്യായ സംവിധാനങ്ങള്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട് എന്ന് നമുക്ക് പറയാനാകുക. അതില്ലാതെ, ഭരണഘടനാ വ്യവസ്ഥകളെയും നിയമ വ്യവസ്ഥകളെയും അതിന്റെ സൂക്ഷ്മാര്‍ഥത്തില്‍ മാത്രം ഉള്‍ക്കൊള്ളുമ്പോള്‍ അത് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യമെന്ന സങ്കല്‍പ്പത്തെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അരുനില്‍ക്കലായി മാറുകയാണ്. കര്‍ണാടക ഹൈക്കോടതിയുടെ വിധിയും ഒരു പരിധിവരെ അങ്ങനെയായി മാറുന്നുണ്ട്.

ഹിജാബ് വിഷയം പൊടുന്നനെ ഉയര്‍ന്നുവന്നതെങ്ങനെ? അതിനെ അര്‍ഹിക്കുന്നതിലും വലുപ്പത്തില്‍ വീര്‍പ്പിച്ചെടുക്കാന്‍ ശ്രമം നടന്നുവോ? എന്നീ ചോദ്യങ്ങളൊക്കെ വിധിയില്‍ കോടതി ചോദിക്കുന്നുണ്ട്. ആ ചോദ്യങ്ങള്‍ക്കൊക്കെ സത്യസന്ധമായ ഉത്തരത്തിലേക്ക് സഞ്ചരിക്കണമെങ്കില്‍ മുസ്ലിം ജനവിഭാഗത്തിന്റെ സ്വത്വം അംഗീകരിക്കേണ്ട തീരുമാനമാണ് ആദ്യമുണ്ടാകേണ്ടത്. അതുണ്ടാകാതിരിക്കുന്നുവെങ്കില്‍, ആ സ്വത്വം അംഗീകരിക്കപ്പെടുന്നതിന് വേണ്ടി കൂടുതല്‍ നിയമയുദ്ധങ്ങള്‍ അവര്‍ നടത്തേണ്ടി വരുന്നുവെങ്കില്‍ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പില്‍ക്കാലത്ത് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന ഉത്തരങ്ങളൊക്കെ ഏകപക്ഷീയ സ്വഭാവത്തില്‍ മാത്രമുള്ളതായി മാറും.

 

Latest