Editorial
അതിജീവനത്തിന്റെ മറ്റൊരു കേരള മാതൃക
വേദനകളുടെയും നാശനഷ്ടത്തിന്റെയും കഥകളാണ് ദുരന്തങ്ങള്‍ക്ക് പറയാനുള്ളതെങ്കിലും ഭരണകൂടവും സമൂഹവും ഒന്നിച്ചു ചേര്‍ന്നാല്‍ അത്തരം തകര്‍ച്ചയില്‍ നിന്ന് ഏറെത്താമസിയാതെ ഉയിര്‍ത്തെഴുന്നേല്‍ക്കാനാകുമെന്ന പാഠമാണ് മുണ്ടക്കൈ പുനരധിവാസ പദ്ധതി നല്‍കുന്ന സന്ദേശം.
ദുരന്തനിവാരണ, പുനരധിവാസ മേഖലകളില്‍ ദേശീയ, അന്തര്‍ ദേശീയ തലങ്ങളില്‍ പുതിയ മാനങ്ങള്‍ നല്‍കിയ ചരിത്രമാണ് കേരളത്തിന്റേത്. 2018ലെ മഹാപ്രളയ കാലത്ത് കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആഗോള പ്രശംസ നേടിയതാണ്. ഈ ഗണത്തില്‍ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു മാതൃകയാണ് വന്‍ ഉരുള്‍പൊട്ടലും നാശനഷ്ടവും നടന്ന വയനാട് മുണ്ടക്കൈ- ചൂരല്‍മലയില്‍ ദുരിതബാധിതര്‍ക്കായി ഒന്നര വര്‍ഷത്തിനിടെ 178 വീടുകള്‍ നിര്‍മിച്ച് കൈമാറിയ സംസ്ഥാന സര്‍ക്കാര്‍ നടപടി. ഇത്രയും വീടുകളുടെ താക്കോല്‍ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതബാധിതര്‍ക്ക് കൈമാറുകയുണ്ടായി. അവശേഷിക്കുന്ന വീടുകള്‍ അടുത്ത മഴക്കാലത്തിനു മുമ്പായി കൈമാറുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
64.47 ഹെക്ടറിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നത്. ഇതില്‍ കൈമാറിയ വീടുകള്‍ക്ക് പുറമെയുള്ളവയുടെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രണ്ട് ബെഡ്‌റൂം, രണ്ട് ശുചിമുറി, ലിവിംഗ്- ഡൈനിംഗ് റൂമുകള്‍, സിറ്റൗട്ട്, പഠനമുറി, അടുക്കള, വര്‍ക്ക് ഏരിയ എന്നീ സൗകര്യങ്ങള്‍ അടങ്ങുന്നതാണ് വീടുകള്‍. നിര്‍മാണത്തിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പൊതുമരാമത്ത് ജോലികള്‍ക്ക് അഞ്ച് വര്‍ഷവും ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് മൂന്ന് വര്‍ഷവും വാറന്റിയും നല്‍കുന്നുണ്ട് സര്‍ക്കാര്‍.
സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2024 ജൂലൈയില്‍ മുണ്ടക്കൈ- ചൂരല്‍മല പ്രദേശത്ത് സംഭവിച്ചത്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ നൂറുകണക്കിനു വീടുകളും കടകളും സ്ഥാപനങ്ങളും തകരുകയും ഒലിച്ചു പോകുകയും അനേകം മനുഷ്യജീവനുകള്‍ ഇല്ലാതാകുകയും ചെയ്തു. ജീവനോപാധികള്‍ മുഴുവന്‍ നഷ്ടമായി. ഒരു രാത്രി കൊണ്ട് ഒരു നാടാകെ ഇല്ലാതായ ഭയാനകമായ അവസ്ഥ. കേരളീയ സമൂഹം ഒന്നാകെ- വിശേഷിച്ചും വയനാട്, പകച്ചു നിന്ന സാഹചര്യം. കനത്ത വെല്ലുവിളിയായിരുന്നു ഈ സാഹചര്യത്തില്‍ സമഗ്രമായ പുനരധിവാസ പദ്ധതി.
അതിനിടെ തടസ്സങ്ങള്‍ ഏറെയുണ്ടായി. കേന്ദ്രത്തിന്റെ സഹായ നിഷേധം, കോടതി വ്യവഹാരങ്ങള്‍, ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിക്കാശ് കൊടുക്കരുതെന്ന ആഹ്വാനം, ദുരിതബാധിതരെ തെറ്റിദ്ധരിപ്പിക്കല്‍… ചില മാധ്യമങ്ങള്‍ വരെ ഇത്തരം പ്രതിലോമ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയുമായി മുന്നോട്ടുപോയത്. പതിറ്റാണ്ടുകള്‍ നീളാറുണ്ട് വന്‍ദുരന്തങ്ങള്‍ക്ക് ശേഷമുള്ള ദുരിതാശ്വാസ പദ്ധതികള്‍. എന്നാല്‍ വ്യത്യസ്തമായ ചരിത്രമാണ് വയനാട്ടില്‍ കണ്ടത്. പ്രദേശം ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകുന്നതിനു മുമ്പേ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടൗണ്‍ഷിപ്പിനുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കി പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
അതേസമയം, ഭരണകൂടത്തിന് മാത്രം അവകാശപ്പെടാവുന്ന നേട്ടമല്ല ഇത്. സജീവ ജനകീയ പങ്കാളിത്തം കൊണ്ടാണ് ഒന്നര വര്‍ഷത്തിനകം 178 വീടുകള്‍ നിര്‍മിച്ച് കൈമാറാന്‍ സര്‍ക്കാറിന് സാധ്യമായത്. വിവിധ മത- സാംസ്‌കാരിക, സന്നദ്ധ സംഘടനകളുടെയും മനുഷ്യസ്‌നേഹികളുടെയും അകമഴിഞ്ഞ സഹകരണം കൂടിയുണ്ട് ഈ നേട്ടത്തിനു പിന്നില്‍. രാഷ്ട്രീയ വിയോജിപ്പുകളും മതപരമായ അതിര്‍വരമ്പുകളും മാറ്റിവെച്ച് എല്ലാം നഷ്ടപ്പെട്ട തങ്ങളുടെ സഹോദരങ്ങള്‍ക്കായി ഒരു ഗ്രാമം പടുത്തുയര്‍ത്താന്‍ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും മലയാളികളുടെയും ഉദാരമതികളുടെയും സഹായഹസ്തം നീണ്ടു വയനാട്ടിലേക്ക്. കേരള മുസ്‌ലിം ജമാഅത്ത് രണ്ടര കോടി രൂപ സര്‍ക്കാറിന് കൈമാറി. 50 വീടുകളുടെ നിര്‍മാണത്തിനുള്ള തുക നല്‍കിയത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയാണ്.
കേവലം ഒരു പാര്‍പ്പിട പദ്ധതിയല്ല; ഒരു ജനതയുടെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും പാരസ്പര്യത്തിന്റെയും അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ പദ്ധതി. വേദനകളുടെയും നാശനഷ്ടത്തിന്റെയും കഥകളാണ് ദുരന്തങ്ങള്‍ക്ക് പറയാനുള്ളതെങ്കിലും ഭരണകൂടവും സമൂഹവും ഒന്നിച്ചു ചേര്‍ന്നാല്‍ അത്തരം തകര്‍ച്ചയില്‍ നിന്ന് ഏറെത്താമസിയാതെ ഉയിര്‍ത്തെഴുന്നേല്‍ക്കാനാകുമെന്ന പാഠമാണ് മുണ്ടക്കൈ പുനരധിവാസ പദ്ധതി നല്‍കുന്ന സന്ദേശം. വിദ്വേഷങ്ങളില്ലാതെ പരസ്പര സ്‌നേഹത്തോടെ ഇടകലര്‍ന്നുള്ള മനുഷ്യജീവിതം ചിലരെ അസ്വസ്ഥരാക്കാറുണ്ട്. അവരാണ് വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതും കേരളത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ സിനിമകളും നിര്‍മിതികളുമായി രംഗത്തുവരുന്നതും. ഇത്തരക്കാരെ കണ്ണുതുറപ്പിക്കേണ്ടതാണ് മുണ്ടക്കൈ ടൗണ്‍ഷിപ്പ്.
178 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അത് പുനരധിവാസ പദ്ധതിയിലെ ആദ്യപടി മാത്രമാണ്. അവശേഷിച്ച വീടുകളുടെയും ടൗണ്‍ഷിപ്പിന്റെ ഭാഗമായുള്ള ക്ലസ്റ്റര്‍ റോഡുകളുടെയും മറ്റു പദ്ധതികളുടെയും നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കുടിവെള്ളം, സ്‌കൂള്‍, അങ്കണ്‍വാടി, പ്രാഥമികാരോഗ്യ കേന്ദ്രം, ലൈബ്രറി, കമ്മ്യൂണിറ്റി സെന്റര്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങള്‍, വൈദ്യുതി സബ്‌സ്റ്റേഷന്‍, അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ പ്രവൃത്തി, ചുറ്റുമതില്‍ തുടങ്ങി ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പലതും നിര്‍മാണത്തിലാണ്. ഇത്തരം വിഷയങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആവശ്യമാണ്. വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനോളം തന്നെ പ്രധാനമാണ് ദുരിതബാധിതര്‍ക്ക് മാന്യമായ ജീവിതം നയിക്കാന്‍ ആവശ്യമായ ഇടപെടലും ജീവിതോപാധികള്‍ ലഭ്യമാക്കലും. ദുരന്തബാധിതര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള സാഹചര്യം കൂടി സൃഷ്ടിക്കപ്പെടുമ്പോഴാണ് പുനരധിവാസ പദ്ധതി പൂര്‍ത്തിയാകുന്നത്. കേരളത്തിന്റെ ജനകീയ കൂട്ടായ്മയോടെയുള്ള ഭരണസംവിധാനവും സാമൂഹിക സുരക്ഷാ പദ്ധതികളും പലപ്പോഴും ഐക്യരാഷ്ട്ര സഭയുള്‍പ്പെടെ ആഗോള ഏജന്‍സികളുടെ പ്രശംസക്ക് വിധേയമായിട്ടുണ്ട്. ആ പട്ടികയില്‍ ഇടം പിടിക്കാന്‍ മുണ്ടക്കൈ ടൗണ്‍ഷിപ്പ് പദ്ധതിക്കാകട്ടെ.





