Connect with us

food poisoning death

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധാ മരണം; കാസര്‍കോട്ട് വിദ്യാര്‍ഥി മരിച്ചു

വീട്ടുകാര്‍ക്കൊപ്പമാണ് അഞ്ജുശ്രീ ഭക്ഷണം കഴിച്ചത്. മറ്റുള്ളവര്‍ക്കും ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.

Published

|

Last Updated

കാസര്‍കോട് | സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം. കാസര്‍കോട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതി(19(യാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു അഞ്ജുശ്രീ.

കഴിഞ്ഞ ഡിസംബര്‍ 31ന് ഓണ്‍ലൈനില്‍ വരുത്തിയ കുഴിമന്തി കഴിച്ചതിന്റെ പിറ്റേന്നാണ് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. വീട്ടുകാര്‍ക്കൊപ്പമാണ് അഞ്ജുശ്രീ ഭക്ഷണം കഴിച്ചത്. മറ്റുള്ളവര്‍ക്കും ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. എന്നാൽ, ഇവർക്ക് പിന്നീട് ഭേദമായി. ഉദുമയിലെ ഹോട്ടലിൽ നിന്നാണ് ഭക്ഷണം ഡെലിവറി ചെയ്തത്.

തുടര്‍ന്ന്, അഞ്ജുശ്രീയെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മേല്‍പ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ വന്നിട്ടില്ല. കാസർകോട്ട് ജില്ലാ ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് നടത്തുകയും പരിയാരം മെഡി.കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്യും. ഏതാനും ദിവസം മുമ്പ്, കോട്ടയത്ത് ഹോട്ടലിലെ പാഴ്‌സല്‍ ഭക്ഷണം കഴിച്ച് നഴ്‌സ് മരിച്ചിരുന്നു. സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്നുള്ള ഭക്ഷണമാണ് നഴ്‌സ് രശ്മി കഴിച്ചിരുന്നത്. കഴിഞ്ഞ മെയ് മാസം കാസർകോട്ട് ദേവനന്ദ എന്ന വിദ്യാർഥി ഷവർമ കഴിച്ച് മരിച്ചിരുന്നു.