Connect with us

anju sree death

കാസർകോട്ടെ വിദ്യാർഥിയുടെ മരണം ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഭക്ഷണത്തിൽ നിന്നേറ്റ വിഷബാധയല്ല ഇതെന്നാണ് ഫൊറൻസിക് സർജൻ്റെ നിഗമനം.

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതി(19)യുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഭക്ഷണത്തിൽ നിന്നേറ്റ വിഷബാധയല്ല ഇതെന്നാണ് ഫൊറൻസിക് സർജൻ്റെ നിഗമനം. കൂടുതൽ വ്യക്തതക്ക് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു.

 

കരൾ പ്രവർത്തനരഹിതമായതാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു. വിഷമാണ് കരളിൻ്റെ പ്രവർത്തനത്തെ ബാധിച്ചത്. വിഷം തിരിച്ചറിയാൻ വിദഗ്ധ പരിശോധന നടത്തും. മരണത്തിൽ ചില പ്രാഥമിക തെളിവുകൾ ലഭിച്ചെന്ന് കാസർകോട് എസ് പി വൈഭവ് സക്സേന പറഞ്ഞു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ രാസപരിശോധനാ ഫലം വേണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ജുശ്രീ ഭക്ഷണം പാഴ്സൽ വാങ്ങിയ ഹോട്ടലിൽ നിന്ന് 120ഓളം പേർ കുഴിമന്തി കഴിച്ചിരുന്നുവെന്നും എന്നാൽ, മറ്റാർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായില്ലെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലും പറയുന്നുണ്ട്. ഇന്നലെ രാവിലെയാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അഞ്ജുശ്രീ മരിച്ചത്. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു അഞ്ജുശ്രീ.

കഴിഞ്ഞ ഡിസംബര്‍ 31ന് ഓണ്‍ലൈനില്‍ വരുത്തിയ കുഴിമന്തി കഴിച്ചതിന്റെ പിറ്റേന്നാണ് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതെന്ന് വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വീട്ടുകാര്‍ക്കൊപ്പമാണ് അഞ്ജുശ്രീ ഭക്ഷണം കഴിച്ചത്. മറ്റുള്ളവര്‍ക്കും ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. എന്നാൽ, ഇവർക്ക് പിന്നീട് ഭേദമായി. ഉദുമയിലെ ഹോട്ടലിൽ നിന്നാണ് ഭക്ഷണം ഡെലിവറി ചെയ്തത്. അസ്വാഭാവിക മരണത്തിന് മേൽപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു.

തുടര്‍ന്ന്, അഞ്ജുശ്രീയെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കാസർകോട്ട് ജില്ലാ ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് നടത്തുകയും പരിയാരം മെഡി.കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു.

Latest