Connect with us

Political crisis again in Goa

ഗോവയില്‍  11ല്‍ എട്ട് കോണ്‍ഗ്രസ് എം എല്‍ എമാരും ബി ജെ പിയില്‍

കൂറുമാറ്റ നിയമ പ്രകാരം നടപടിയെടുക്കാന്‍ പോലും പറ്റാത്ത വിധം ഗോവയില്‍ കോണ്‍ഗ്രസ് തകര്‍ന്നു

Published

|

Last Updated

പനാജി‌  അമ്പലങ്ങളിലും പള്ളികളിലും കൊണ്ടുപോയി സത്യം ചെയ്യിച്ചിട്ടും കാര്യമുണ്ടായില്ല, ഗോവയിലെ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂട്ടത്തോടെ ബി ജെ പിയില്‍ ചേര്‍ന്നു. മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ആകെയുള്ള 11ല്‍ കോണ്‍ഗ്രസ് എം എല്‍ എമാരില്‍ എട്ട് പേരാണ് ബി ജെ പിയില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത്, പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ എന്നിവര്‍ക്കൊപ്പം ഡെലിയാ ലോബോ, രാജേഷ് പല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലൈക്സോ സെക്വയ്റ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നീ എം എല്‍ എമാരാണ് കോണ്‍ഗ്രസ് വിട്ടത്. മൂന്നില്‍ രണ്ട് എം എല്‍ എമാര്‍ ഒറ്റയടിക്ക് കൂറുമാറിയതിനാല്‍ കൂറുമാറ്റ നിയമ പ്രകാരം നടപടിയെടുക്കാന്‍ പോലും പറ്റാത്ത വിധം ഗോവയില്‍ കോണ്‍ഗ്രസ് ദുര്‍ബലമായി.

രാവിലെ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയുടെ ചേംബറില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഗോവ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. കോണ്‍ഗ്രസിലെ തങ്ങളുടെ വിഭാഗത്തെ ബി ജെ പിയില്‍ ലയിപ്പിക്കുകയാണെന്ന പ്രമേയവും ഇവര്‍ പാസാക്കി. നേരത്തെ എം എല്‍ എമാര്‍ നിയമസഭയിലെത്തി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

40 അംഗ ഗോവ നിയമസഭയില്‍ 20 പേരുടെ പിന്തുണയാണ് ബി ജെ പിക്ക് കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവുണ്ട്. മൂന്ന് സ്വതന്ത്രന്‍മാരുടേയും രണ്ട് മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി എം എല്‍ എമാരുടേയും പിന്തുണയോടെയാണ് ബി ജെ പി ഗോവ ഭരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഒറ്റയടിക്ക് എത്തിയതോടെ ബി ജെ പിക്ക് സഭയില്‍ വ്യക്തമായ ഭൂരിഭക്ഷമാകും

മാസങ്ങള്‍ക്ക് മുമ്പും കോണ്‍ഗ്രസ് എം എല്‍ എമാരെ ഗോവയില്‍ ചാക്കിട്ടുപിടിക്കാന്‍ ബി ജെ പി ശ്രമിച്ചിരുന്നു. എന്നാല്‍ എട്ട് എം എല്‍ എമാര്‍ തികയാത്തതിനെത്തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്നേ തുടങ്ങിയ ബി ജെ പിയുടെ നീക്കമാണ് ഇപ്പോള്‍ ലക്ഷ്യത്തിലെത്തിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ വീണ്ടെടുക്കാനുള്ള ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് ഗോവയില്‍ പാര്‍ട്ടിയെ പൂര്‍ണമായും തകര്‍ത്ത് എം എല്‍ എമാരുടെ കൂടുമാറ്റം.

 

Latest