Connect with us

Kerala

വേതന വർധനവും ഇ എസ് ഐയുമില്ലാതെ അങ്കൺവാടി ജീവനക്കാർ

കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. പോഷകാഹാര പദ്ധതി തുകയും തുച്ഛം

Published

|

Last Updated

ഹരിപ്പാട് | അങ്കൺവാടി ജീവനക്കാരുടെ വേതനം വർധിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഇനിയും നടപ്പായില്ല. 2020ലെ ബജറ്റിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് 1,000 രൂപ വർധിപ്പിക്കുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചത്. തുടർന്നും ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയിട്ടും ശന്പള വർധനവ് നടപ്പാക്കിയില്ല.

നിലവിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ വിഹിതവും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും ചേർത്ത് 12,000 രൂപയാണ് അധ്യാപികമാർക്ക് നൽകുന്നത്. ഹെൽപ്പർമാർക്ക് 8,000 രൂപയും. ഇതിൽ പ്രതിമാസം 1,000 രൂപയുടെ വർധനവ് വരുത്തുമെന്നായിരുന്നു പ്രഖ്യാപനം. വേതന വർധനവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് അങ്കൺവാടി ജീവനക്കാർ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വേതനം വർധിപ്പിക്കാതെ അങ്കൺവാടി ജീവനക്കാരെ കബളിപ്പിക്കുകയാണെങ്കിൽ, കേന്ദ്രം ഇ എസ് ഐ ആനുകൂല്യം പ്രഖ്യാപിച്ചിട്ട് അഞ്ച് വർഷത്തോളമായിട്ടും നടപ്പാക്കാതെ വട്ടംകറക്കുകയാണ്. നാലര വർഷം മുമ്പ് മൻകി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇ എസ് ഐ ആനുകൂല്യം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. എല്ലാ അങ്കൺവാടികളിലും റേഡിയോ ഓൺചെയ്ത് ജീവനക്കാരും കുട്ടികളും ഒന്നിച്ചിരുന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ശ്രവിച്ചത്. പ്രഖ്യാപിച്ച ആനുകൂല്യങ്ങളൊന്നും നൽകുന്നില്ലെങ്കിലും വിശ്രമമില്ലാതെ ജോലിയെടുപ്പിക്കുന്നതിൽ ഇരു സർക്കാറുകളും മത്സരത്തിലാണ്.

സർവ സർവേകളും അങ്കൺവാടി ജീവനക്കാരെ കൊണ്ടാണ് എടുപ്പിക്കുന്നത്. ചെറിയ കുഞ്ഞുങ്ങളെ നോക്കുന്നതിനുപുറമെ വീടുകൾ കയറിയിറങ്ങി സർവേ, തദ്ദേശ സ്ഥാപനങ്ങളിലെ അധിക ജോലി തുടങ്ങിയവയെല്ലാം ഇവരുടെ ചുമലിലാണ്. ഇതിനൊപ്പം കുട്ടികൾക്കായി സർക്കാർ പ്രഖ്യാപിക്കുന്ന പല പദ്ധതികൾക്കും ഫണ്ട് കണ്ടെത്തേണ്ടതും തുച്ഛവരുമാനക്കാരായ ഈ വനിതകളാണ്.

കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിന്റെ ഭാഗമായി പാലും മുട്ടയും അങ്കൺവാടികൾ മുഖേന വിതരണം ചെയ്യണമെന്ന നിർദേശമുണ്ട്. ഇവ വാങ്ങുന്നതിന് യഥാസമയം സർക്കാർ ഫണ്ട് നൽകില്ല. പദ്ധതി മുടങ്ങാതിരിക്കാൻ ജീവനക്കാർ കടംവാങ്ങിയും മറ്റുമാണ് പോഷകാഹാരം വിതരണം ചെയ്തുവരുന്നത്. ഈ ഫണ്ട് ലഭിക്കണമെങ്കിൽ ആറ് മാസം വരെ കാത്തിരിക്കണം.
സ്വന്തമായി കെട്ടിടമില്ലാത്ത അങ്കൺവാടികളുടെ സ്ഥിതിയും പരിതാപകരമാണ്. പഞ്ചായത്ത്തലങ്ങളിൽ അങ്കൺവാടികൾക്ക് 1,500 രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾ വാടകയായി നൽകുന്നത്. ഇത് നഗരസഭാതിർത്തിയിൽ 2,000 ആകും. ഈ തുകക്ക് സുരക്ഷിതമായ കെട്ടിടങ്ങൾ ലഭിക്കില്ല. അങ്കൺവാടികളുടെ പ്രവർത്തനം നിലക്കാതിരിക്കാനായി ജീവനക്കാർ അധിക വാടക കണ്ടെത്തേണ്ട അവസ്ഥയാണ്. ആവശ്യമായ ഗ്യാസ് സിലിൻഡറുകൾക്കുള്ള ഫണ്ടും കൃത്യസമയത്ത് ലഭിക്കാറില്ല. പച്ചക്കറി ക്കായി പഞ്ചായത്ത് പ്രദേശത്ത് ഒരു കുട്ടിക്ക് ഒരു രൂപയും നഗരസഭയിൽ രണ്ട് രൂപയുമാണ് നൽകുന്നത്. 20 കുട്ടികളുള്ള അങ്കൺവാടിയിൽ പച്ചക്കറിക്കായി കിട്ടുന്നത് 20 രൂപ. ഇത് ഒന്നിനും തികയാത്ത അവസ്ഥയാണെന്ന് ജീവനക്കാർ പറയുന്നു.