Connect with us

anju sree death

അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്തുചെന്ന്; അന്തിമ റിപ്പോർട്ട് പുറത്ത്

രാസപരിശോധനയിലും പോസ്റ്റ്‌മോര്‍ട്ടത്തിലും എലിവിഷമാണ് മരണകാരണമെന്ന് വ്യക്തമായി.

Published

|

Last Updated

കാസര്‍കോട് | ഭക്ഷ്യവിഷബാധയേറ്റെന്ന് വ്യാപക പ്രാചരണമുണ്ടായിരുന്ന പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം എലിവിഷം അകത്തുചെന്നതിനാലാണെന്ന് അന്തിമ റിപ്പോര്‍ട്ട്. ഹോട്ടലില്‍നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ചശേഷമുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചത്.

രാസപരിശോധനയിലും പോസ്റ്റ്‌മോര്‍ട്ടത്തിലും എലിവിഷമാണ് മരണകാരണമെന്ന് വ്യക്തമായി. ജനുവരി ഏഴിനാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയ്ക്കിടെ അഞ്ജുശ്രീ പാര്‍വതി മരിച്ചത്. ഡിസംബർ അവസാനത്തിൽ നാട്ടിൽ നിന്ന് വാങ്ങിയ കുഴിമന്തിയിൽ നിന്നേറ്റ ഭക്ഷ്യവിഷബാധയാണെന്ന് കുടുംബം പരാതിപ്പെടുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സമയത്തായിരുന്നു ഈ മരണവുമുണ്ടായിരുന്നത്. അതിനാൽ, ഭക്ഷ്യവിഷബാധയാണെന്ന പ്രചാരണത്തിന് വലിയ പ്രാധാന്യം ലഭിച്ചു.

പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയിലും എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. വീട്ടില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണിലെ തിരച്ചില്‍രേഖകളും അടിസ്ഥാനമാക്കി അഞ്ജുശ്രീയുടെത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസെത്തിയിരുന്നു. കാമുകൻ്റെ മരണം ഏൽപ്പിച്ച ആഘാതമാണ് ആത്മഹത്യയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സംഭവത്തില്‍ മേല്‍പ്പറമ്പ് പോലീസ് അന്വേഷണം തുടരുന്നുണ്ട്.

Latest