Connect with us

Ongoing News

സൗരയൂഥത്തിന് പുറത്ത് ഭൂമിയെപോലൊരു ഗ്രഹം; പുതിയ കണ്ടെത്തലുമായി ജെയിംസ് വെബ്

41 പ്രകാശവര്‍ഷം അകലെ ഒക്റ്റന്റ് നക്ഷത്രസമൂഹത്തിലാണ് പാറകള്‍ നിറഞ്ഞ ഈ ഗ്രഹം സ്ഥിതിചെയ്യുന്നത്.

Published

|

Last Updated

ന്യൂയോർക്ക് | ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പായ ജെയിംസ് വെബ് അതിന്റ വിജയപട്ടികയിലേക്ക് ഒരു പൊൻതൂവൽ കൂടി തുന്നിച്ചേർക്കുന്നു. സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമെന്ന് തോന്നിപ്പിക്കുന്ന പുതിയൊരു ഗ്രഹത്തെ (എക്സോപ്ലാനറ്റ്) ജെയിംസ് വെബ് കണ്ടെത്തിയതായി നാസ അറിയിച്ചു.

സൗരയൂഥത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രഹത്തെ എല്‍ എച്ച് എസ് 475 എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ഏതാണ്ട് ഭൂമിയുടെ വലിപ്പത്തിനു സമാനമാണ് ഇതിന്റെ വലിപ്പമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മേരിലാന്റെിലെ ലോററിലുള്ള ജോണ്‍സ് ഹോപ്ക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ കെവിൻ സ്റ്റീവൻസണും ജേക്കബ് ലുസ്റ്റിഗ്-യേഗറും പറഞ്ഞു.

41 പ്രകാശവര്‍ഷം അകലെ ഒക്റ്റന്റ് നക്ഷത്രസമൂഹത്തിലാണ് പാറകള്‍ നിറഞ്ഞ ഈ ഗ്രഹം സ്ഥിതിചെയ്യുന്നത്. ഒരു കൂട്ടം ഗവേഷകര്‍ നക്ഷത്രത്തിന്റ ചലനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ജെയിംസ് വെബിന്റ നിയര്‍ ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോഗ്രഫിലൂടെയാണ് ഗ്രഹത്തെ വ്യക്തമായി കാണാന്‍ സാധിച്ചത്. ഇത്രയും വിവരങ്ങള്‍ ലഭിച്ചതിനാല്‍ തന്നെ ഗ്രഹം അവിടെയുണ്ട് എന്നതില്‍ ഒരു തര്‍ക്കവുമില്ലെന്ന് ജേക്കബ് ലുസ്റ്റിഗ്-യേഗർ വ്യക്തമാക്കി.

പുതിയ ഗ്രഹത്തെ കണ്ടെത്തിയത് പാറക്കെട്ടുകളുള്ള അന്തരീക്ഷമുള്ള ഗ്രഹങ്ങളെകുറിച്ചു പഠനം നടത്താനുള്ള സാധ്യതയാണ് തുറക്കുന്നതെന്ന് നാസ ആസ്ഥാനത്തെ ജ്യോതിശാസ്ത്രം വിഭാഗം ഡയറക്ടര്‍ മാര്‍ക്ക് കപ്ലിനും പറഞ്ഞു.

2021 ഡിസംബർ 25-ന് വിക്ഷേപിച്ച ബഹിരാകാശനിരീക്ഷണാലയമാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. ഹബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവയേക്കാൾ കൃത്യതയും സംവേദനക്ഷമതയും ഉള്ളതാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. ജ്യോതിഃശാസ്ത്രത്തിലും പ്രപഞ്ചവിജ്ഞാനീയത്തിലും പുതിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ ജയിംസ് വെബ് ദൂരദർശിനിക്കാവും. അതിവിദൂരങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രാപഞ്ചികപദാർത്ഥങ്ങളെ കണ്ടെത്താൻ ഇതിന് സാധിക്കും. ആദ്യനക്ഷത്രങ്ങളുടെ ഉത്ഭവവും ആദ്യത്തെ താരാപഥത്തിന്റെ ആവിർഭാവവും കണ്ടെത്താൻ ഇതിനാവുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞർ കരുതുന്നത്.

---- facebook comment plugin here -----

Latest