Connect with us

punjab congress issue

കോണ്‍ഗ്രസിലെ ജി-23 നേതാക്കളുമായി അമരീന്ദര്‍ സിംഗ് കൂടിക്കാഴ്ച നടത്തും

അമിത് ഷായെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളെ കാണുന്നതെന്നത് ശ്രദ്ധേയമാണ്

Published

|

Last Updated

ന്യൂഡല്‍ഹി | അമിത് ഷായെ സന്ദര്‍ശിച്ചതിന് പിന്നാലെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വിമത സ്വരം ഉയര്‍ത്തിയ ജി-23 നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അമരീന്ദര്‍ സിംഗ് ബി ജെ പില്‍ ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള വിമത കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.

അമിത് ഷായും അമരീന്ദറും തമ്മില്‍ നടത്തിയ ഒരു മണിക്കൂര്‍നീണ്ട ചര്‍ച്ചയെക്കുറിച്ച് ബി ജെ പി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തതയുണ്ടാകുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചന നല്‍കി. കര്‍ഷക സമരത്തെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ചചെയ്തതെന്ന് അമരീന്ദര്‍ പറഞ്ഞു. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാബിലെ ആഭ്യന്തരസുരക്ഷയെപ്പറ്റിയും ചര്‍ച്ചചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി ജി-23 നേതാക്കളില്‍ പ്രമുഖനായ കപില്‍ സിബല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസില്‍ ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്ക് പ്രസിഡന്റില്ല. അതുകൊണ്ടുതന്നെ തീരുമാനങ്ങള്‍ എടുക്കുന്നത് ആരാണെന്ന് അറിയില്ല. എത്തിച്ചേരാന്‍ പാടില്ലാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശം ഉന്നയിച്ച് സിബല്‍ കഴിഞ്ഞ വര്‍ഷം സോണിയാ ഗാന്ധിക്ക് കത്തയച്ചത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

അതിനിടെ ജി 23 നേതാക്കളില്‍ ഒരാളായ ഗുലാം നബി ആസാദും കഴിഞ്ഞ ദിവസം പഞ്ചാബിലെ വിഷയങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ വിളിച്ചുചേര്‍ത്ത് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ഗുലാം നബി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രിപദത്തിലേക്ക് ഉയര്‍ത്തുകയാണെങ്കില്‍ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുമെന്ന് അമരീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രക്ക് അപകടകാരിയായ വ്യക്തിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാണ്. തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ് മറ്റാര്‍ക്കെങ്കിലും പദവി നല്‍കാന്‍ തയ്യാറാണെന്ന് സോണിയാഗാന്ധിയോട് പറഞ്ഞതാണ്. എന്നാല്‍ അപമാനിച്ച് പടിയിറക്കുകയാണുണ്ടായത്. ഇനി പോരാടുകതന്നെ ചെയ്യുമെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അനുഭവസമ്പത്തില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നവജോത് സിങ് സിദ്ദുവിന്റെ തോല്‍വി ഉറപ്പാക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest