National
സൈന്യത്തിനെതിരായ പരാമര്‍ശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് അലഹബാദ് ഹൈക്കോടതി
സമന്‍സ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി തള്ളി

അലഹബാദ് | ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരെയുള്ള സമന്‍സ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.
2022ലെ ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ലഖ്‌നോ കോടതി സമന്‍സ് പുറപ്പെടിവിച്ചിരുന്നത്. ഇത് തടയണമെന്നാവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹരജി ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥിയുടെ ബഞ്ചാണ് തള്ളിയത്. 2025 ഫെബ്രുവരിയിലാണ് ലഖ്‌നോവലിലെ എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കുമുള്ള പ്രത്യേക കോടതി സമന്‍സ് അയച്ചത്. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബി ആര്‍ ഒ) മുന്‍ ഡയറക്ടര്‍ ഉദയ് ശങ്കര്‍ ശ്രീവാസ്തവ നല്‍കിയ പരാതിയിലായിരുന്നു കോടതി നടപടി.
2022 ഡിസംബര്‍ ഒമ്പതിന് ഇന്ത്യ- ചൈനീസ് സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന പിടിച്ചെടുത്തതിനെക്കുറിച്ചും 20 ഇന്ത്യന്‍ സൈനികരെ കൊന്നതിനെക്കുറിച്ചും അരുണാചല്‍ പ്രദേശില്‍ നമ്മുടെ സൈനികരെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ചൊന്നും മാധ്യമങ്ങള്‍ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും രാഹുല്‍ പരാമര്‍ശിച്ചാതായി പരാതിയില്‍ പറയുന്നു.