Connect with us

Health

മദ്യം തകർക്കുന്ന ദാമ്പത്യം

മദ്യപാനികൾ സ്വന്തം കുടുംബത്തിൽ, പ്രത്യേകിച്ചും വളർന്നുവരുന്ന ഇവരുടെ കുട്ടികളിൽ ചെലുത്തുന്ന മാനസിക പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. ഒരു അളവുകോലുകൊണ്ടും തിട്ടപ്പെടുത്താൻ പറ്റാത്തത്ര പ്രതിസന്ധി, സ്വന്തം ഭാര്യയുടെയും കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ജീവിത ഗുണനിലവാരം തകർത്ത് തരിപ്പണമാക്കുന്നു.

Published

|

Last Updated

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേരളത്തിലെ വിവാഹമോചന കേസുകളിൽ 350 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. ഓരോ വർഷവും ശരാശരി 20 ശതമാനം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 2011 ജനുവരി മുതൽ 2012 ജനുവരി വരെ മാത്രം 44,236 വിവാഹമോചന കേസുകൾ കേരളത്തിലെ കുടുംബ കോടതികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലെ വിവാഹമോചന കേസുകളിൽ 80 ശതമാനത്തിനും പ്രധാന കാരണക്കാരൻ പുരുഷ പങ്കാളിയുടെ മദ്യപാന ശീലമാണ്.
മദ്യപാനം മൂലമുള്ള ഗാർഹിക പീഡനങ്ങളും കടക്കെണിയുമാണ് സ്ത്രീകളെ വിവാഹമോചനത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം. നേരത്തെ 62 ശതമാനമായിരുന്ന മദ്യപാനം കൊണ്ടുള്ള വിവാഹമോചനം അഞ്ച് വർഷം കൊണ്ട് 80-85 ശതമാനമായാണ് വർധിച്ചത്. സംസ്ഥാനത്തെ പുരുഷ ജനസംഖ്യയിൽ 48 ശതമാനവും മദ്യപാനികളാണെന്നാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ഒരു പഠനം പറയുന്നത്. മദ്യപാനികളുടെ ഭാര്യമാരിൽ 62 ശതമാനവും ശാരീരികവും മാനസികവുമായ പല പീഡനങ്ങൾ സഹിച്ചു കഴിയുന്നവരാണ്. മദ്യപാനികളിൽ ഉടലെടുക്കുന്ന ചാരിത്ര്യ സംശയരോഗവും തുടർന്ന് സംഭവിക്കുന്ന അതിക്രമങ്ങളും ദാമ്പത്യബന്ധം ശിഥിലമാക്കുന്നതോടെ ഭാര്യക്ക് വിവാഹമോചനമല്ലാതെ മറ്റൊരു വഴിയില്ലാതെ വരുന്നു. മദ്യപാനംമൂലമുള്ള സാമ്പത്തിക തകർച്ചയും, ശാരീരികരോഗങ്ങളും കുടുംബത്തിന്റെ അടിവേരിളക്കാം. കൂട്ടത്തിൽ ഒരു ഉത്തരവാദിത്വമില്ലാത്ത ഭർത്താവുകൂടിയാകുമ്പോൾ എല്ലാ പ്രശ്‌നങ്ങളും ഭാര്യയുടെ തലയിൽ വന്നുവീഴുന്നു. വീട്ടിലെ മറ്റംഗങ്ങൾക്കുള്ള അത്യാവശ്യ കാര്യങ്ങൾക്കുള്ള പണം മദ്യപാനി കവർന്നെടുത്ത് സ്വന്തം കാര്യം സാധിക്കുന്നു. ഭർത്താവിന്റെ മദ്യാസക്തിമൂലം രോഗങ്ങൾപോലും ചികിത്സിക്കാൻ കഴിയാതെ കൈകുഞ്ഞുമായി ആത്മഹത്യ ചെയ്ത സംഭവങ്ങൾക്കും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൂട്ട ആത്മഹത്യകൾ വർധിച്ചുവരുന്നതിന്റെ ഒരു പ്രധാന കാരണവും മദ്യംതന്നെയാണെന്ന് പറയാതെ വയ്യ. മദ്യപിക്കാൻ പണമില്ലാത്തപ്പോൾ ഭാര്യയേയും കുഞ്ഞിനേയും വിൽക്കുന്ന സംഭവങ്ങൾവരെ നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പണ്ടത്തെ പോലെ അടിയും ഇടിയും സഹിച്ച് കണ്ണീരും കൈയുമായി ജീവിച്ചുപോകാൻ ഇന്നത്തെ മലയാളി വനിതകൾ തയ്യാറല്ല. അടിച്ചാൽ തിരിച്ചടിക്കാനും തന്റെ സ്വന്തം വഴി തേടിപ്പോകാനും ഇന്നത്തെ മലയാളി വനിത പഠിച്ചതാണ് വിവാഹമോചനങ്ങൾ ഇത്രയധികം വർധിക്കാൻ കാരണം.

മദ്യപാനത്തിന്റെ ദുരിതം മൂലം വിവാഹമോചനം തേടുന്നവരിൽ പണക്കാരെന്നോ, പാവപ്പെട്ടവരെന്നോ, പഠിപ്പുള്ളവരെന്നോ, ഇല്ലാത്തവരെന്നോ ഏതു മത വിഭാഗക്കാരാണെന്നോ വ്യത്യാസമില്ല. വിവാഹ മോചനങ്ങളിലെത്താതെ ഭർത്താവിൽനിന്ന് വേറിട്ട് കുട്ടികളുമായി താമസിക്കുന്ന കുടുംബിനികളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ മദ്യപാനികൾ സ്വന്തം കുടുംബത്തിൽ പ്രത്യേകിച്ചും വളർന്നുവരുന്ന ഇവരുടെ കുട്ടികളിൽ ചെലുത്തുന്ന മാനസിക പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. ഒരു അളവുകോലുകൊണ്ടും തിട്ടപ്പെടുത്താൻ പറ്റാത്തത്ര പ്രതിസന്ധി സ്വന്തം ഭാര്യയുടെയും കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ജീവിത ഗുണനിലവാരം തകർത്ത് തരിപ്പണമാക്കുന്നു.

Latest