National
ഡല്‍ഹിയില്‍ സമരം തുടരുമെന്ന് അജിങ്ക്യ ഷിന്‍ഡെ
അഭിഭാഷകരുമായി സംസാരിക്കാനൊ കുടുംബവുമായി ബന്ധപ്പെടാനൊ കസ്റ്റഡിയിലായ സി ജെ പി നേതാക്കള്‍ക്ക് കഴിഞ്ഞില്ലെന്ന് അജിങ്ക്യ മാധ്യമങ്ങളോട്
ന്യൂഡല്‍ഹി | ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നതുവരെ ഡല്‍ഹിയില്‍ സമരം തുടരുമെന്ന് കോക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ നിലവിലെ നേതൃ ചുമതലയുള്ള അജിങ്ക്യ ഷിന്‍ഡെ. അഭിഭാഷകരുമായി സംസാരിക്കാനൊ കുടുംബവുമായി ബന്ധപ്പെടാനൊ കസ്റ്റഡിയിലായ സി ജെ പി നേതാക്കള്‍ക്ക് കഴിഞ്ഞില്ലെന്ന് അജിങ്ക്യ മാധ്യമങ്ങളോട് പറഞ്ഞു. അഭിജീത് ദിപ്‌കെ, സൗരവ് ദൗസ്, അശുതോഷ് റാങ്ക എന്നിവരെക്കുറിച്ച് ഒരു വിവരവുമില്ലന്നും അവര്‍ വ്യത്യസ്ത രഹസ്യ കേന്ദ്രങ്ങളില്‍ തടവിലാണെന്നും സി ജെ പി നേതൃത്വം പറഞ്ഞു.
ജനാധിപത്യത്തിന് വേണ്ടി പോരാടിയ യുവാക്കളെ അടിച്ചമര്‍ത്തിയ പ്രധാനപ്പെട്ട ദിവസമാണ് ഇന്നത്തെ ദിവസമെന്നും എസ് എഫ് ഐ ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഭട്ടാചാര്യ പറഞ്ഞു. സി ജെ പി, എസ് എഫ് ഐ, എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സി ജെ പിയുടെ സ്ഥാപകനായ അഭിജീത് ദീപ്കെ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ദീപ്കെയുടെ നിര്‍ദേശമനുസരിച്ചാണ് അജിങ്ക്യ ഷിന്‍ഡെ സി ജെ പിയുടെ നേതൃത്വം ഏറ്റെടുത്തത്.
വര്‍ഷങ്ങളായി അഭിജീത് ദീപ്കെയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നയാളാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള അജിങ്ക്യ ഷിന്‍ഡെ. മുന്‍പ് ആം ആദ്മി പാര്‍ട്ടിയുടെ യുവജന വിഭാഗവുമായി പ്രവര്‍ത്തിച്ചിരുന്ന 35കാരന്‍ പിന്നീട് സി ജെ പി നേതൃത്വത്തിലേക്ക് വരികയായിരുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ച ഘട്ടത്തില്‍ നേതൃനിരയെ നയിക്കുന്ന 12 വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ എന്ന ചര്‍ച്ച ഉയര്‍ന്നപ്പോള്‍ അജിങ്ക്യ ഷിന്‍ഡെയും ശ്രദ്ധേയമായിരുന്നു.
അതേസമയം സിജെപിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇന്ത്യയുടെ യുവത്വത്തെ ഓര്‍ത്ത് അഭിമാനിക്കുകയാണന്നും പോരാട്ടം തുടരുകയെന്നും തങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും രാഹുല്‍ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. ഈ ഭരണകൂടത്തെയും ഭരണഘടനയെ ആക്രമിച്ച ആളുകളെയും നമ്മള്‍ ഉറപ്പായും പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



