Kerala
എയിംസ് കേന്ദ നിയമം അനുസരിച്ച് മാത്രം; സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താല്‍പ്പര്യം: എം ടി രമേശ്
കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്നും അല്ലെങ്കില്‍ തൃശൂരിലേക്ക് കൊണ്ടുപോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിക്കുന്നതിനിടെയാണ് രമേശിന്റെ തിരുത്ത്

തിരുവനന്തപുരം | കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും കേരളത്തില്‍ എയിംസ് അനുവദിക്കുകയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. വിഷയത്തില്‍ സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും ആവശ്യങ്ങളുമാണെന്നും എം ടി രമേശ് പറഞ്ഞു
കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്നും അല്ലെങ്കില്‍ തൃശൂരിലേക്ക് കൊണ്ടുപോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിക്കുന്നതിനിടെയാണ് രമേശിന്റെ തിരുത്ത്.
സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും ആവശ്യവുമാണ്. ഓരോ നേതാക്കളും അവരവര്‍ക്ക് ഇഷ്ടമുള്ളിടത്ത് ആവശ്യപ്പെടുമെന്നും രമേശ് പറഞ്ഞു. കേരളത്തില്‍ എവിടെ എയിംസ് വന്നാലും ബിജെപിക്ക് സന്തോഷമാണ്. കേരളത്തിന് എയിംസ് അനുവദിക്കണം എന്നേയുള്ളൂവെന്നും രമേശ് വ്യക്തമാക്കി.സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ബിജെപി സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യുമെന്നും രമേശ് വ്യക്തമാക്കി
എയിംസ് സംബന്ധിച്ച സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ ബിജെപിയില്‍ ഭിന്നത രൂക്ഷമാണ്. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് സുരേഷ് ഗോപി പല പ്രസ്താവനകളും നടത്തുന്നതെന്ന വിമര്‍ശം പാര്‍ട്ടിയില്‍ പലരും ഉന്നയിക്കുന്നുണ്ട്.