Ongoing News
പ്രണയസന്ദേശങ്ങള്ക്കും എ ഐ; ബന്ധങ്ങളില്‍ വിശ്വാസം നശ്ടപ്പെടുന്നതായി പഠനങ്ങള്‍
ജന്മദിനാശംസകള്, പ്രണയലേഖനങ്ങള്‍, എന്തിന് വിവാഹവാഗ്ദാനങ്ങളും ബ്രേക്ക് അപ്പ് സന്ദേശങ്ങളും തയ്യാറാക്കാന്‍ പോലും പലരും എ ഐ സാങ്കേതികവിദ്യയുടെ സഹായം തേടുന്നുണ്ട്
ലണ്ടന്‍ | ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ജോലികള്‍ക്കും പുറമെ വ്യക്തിബന്ധങ്ങളിലെ ആശയവിനിമയങ്ങള്‍ക്കും ചാറ്റ് ജി പി ടി ഉള്‍പ്പെടെയുള്ള എ ഐ വ്യാപകമായി ഉപയോഗിക്കുന്നത് ആളുകളില്‍ കുറ്റബോധവും പരസ്പര അവിശ്വാസവും ഉണ്ടാക്കുന്നതായി പഠനങ്ങള്‍. ജന്മദിനാശംസകള്, പ്രണയലേഖനങ്ങള്‍, എന്തിന് വിവാഹവാഗ്ദാനങ്ങളും ബ്രേക്ക് അപ്പ് സന്ദേശങ്ങളും തയ്യാറാക്കാന്‍ പോലും പലരും എ ഐ സാങ്കേതികവിദ്യയുടെ സഹായം തേടുന്നുണ്ട്.
വ്യക്തിപരമായ സന്ദേശങ്ങള്‍ അയക്കാന്‍ എ ഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് യു എസിലെ കെന്നസോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഡാനിയേല്‍ ഹാസ് നടത്തിയ പഠനത്തില്‍, എ ഐ ഉപയോഗിച്ച എല്ലാവരിലും തന്നെ കടുത്ത കുറ്റബോധം ഉടലെടുക്കുന്നതായി കണ്ടെത്തി. മറ്റുള്ളവരെ വഞ്ചിക്കുകയാണെന്നോ അല്ലെങ്കില്‍ സ്വാധീനിക്കാന്‍ കൃത്രിമം കാണിക്കുകയാണെന്നോ ഉള്ള ചിന്തയാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് അവര്‍ വ്യക്തമാക്കുന്നു. മനുഷ്യര്‍ പരസ്പരമുള്ള തെറ്റുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഈ കുറ്റബോധമെന്നും, വ്യക്തിബന്ധങ്ങളില്‍ യഥാര്‍ത്ഥ മനുഷ്യത്വം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നതെന്നും ഹാസ് ചൂണ്ടിക്കാട്ടുന്നു.
വ്യക്തിബന്ധങ്ങളില്‍ എ ഐ ഉപയോഗിക്കുന്നവരെ മറ്റുള്ളവര്‍ മടിയന്മാരായും കാര്യപ്രാപ്തി കുറഞ്ഞവരായും വിശ്വാസ്യതയില്ലാത്തവരായും കാണാന്‍ സാധ്യത കൂടുതലാണെന്ന് ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകനായ സ്കോട്ട് ക്ലെസെന്സ് വ്യക്തമാക്കുന്നു. ആളുകള്‍ എ ഐ ഉപയോഗിക്കുന്നത് തുറന്നുപറഞ്ഞാല്‍ പോലും ഈ നെഗറ്റീവ് മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ല. ബന്ധങ്ങളില്‍ ആളുകള്‍ പരസ്പരം കാണിക്കുന്ന പ്രയത്നമാണ് ആ ബന്ധത്തോടുള്ള അവരുടെ പ്രതിബദ്ധതയുടെ അടയാളമെന്നും, എ ഐയുടെ അനായാസമായ രീതിയെ ആളുകള്‍ സ്വാഭാവികമായി ഉള്‍ക്കൊള്ളാന്‍ മടിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
സാന്‍ഫ്രാന്‍സിസ്കോയില്‍ ആര്‍ട്ടിസ്റ്റായ ഒലിവിയ തായ് നടത്തിയ എ ഐ രഹസ്യങ്ങള്‍ തുറന്നുപറയാനുള്ള പരീക്ഷണത്തില്‍, കാമുകനുമായുള്ള നിത്യേനയുള്ള സംഭാഷണങ്ങള്‍ക്കും ബ്രേക്ക് അപ്പ് സന്ദേശങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ ജയിക്കാനും വരെ എ ഐ ഉപയോഗിച്ചതായി ആളുകള്‍ തുറന്നുസമ്മതിച്ചിരുന്നു.
അതേസമയം, വ്യക്തിപരമായ സന്ദേശങ്ങള്‍ തികച്ചും കുറ്റമറ്റതായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അവയിലെ ചെറിയ അപൂര്‍ണ്ണതകളാണ് സന്ദേശങ്ങളെ സ്വാഭാവികവും പ്രിയങ്കരവുമാക്കുന്നതെന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ മെറ്റാലാബ് ഡയറക്ടര്‍ സാറാ ന്യൂമാന്‍ വ്യക്തമാക്കുന്നു. പങ്കാളിയോട് തുറന്നുപറയാന്‍ മടിക്കുന്ന തരത്തില്‍ എ ഐ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍, വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയത്തിനും, ഡിസ്ലെക്സിയ പോലുള്ള പഠനവൈകല്യമുള്ളവര്‍ക്കും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എ ഐ പ്രയോജനപ്പെടുത്തുന്നത് ന്യായീകരിക്കാവുന്ന സാഹചര്യമാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.




