ahmedabad flight tragedy
അഹമ്മദാബാദ് വിമാന ദുരന്തം: വിമാനത്തിന് സാങ്കേതിക തകരാറുകളുണ്ടായിരുന്നില്ലെന്ന് എയർ ഇന്ത്യ സിഇഒ
എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിനെ ഉദ്ധരിച്ച് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂഡൽഹി | കഴിഞ്ഞ മാസം അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാട്ട്‌വിക്കിലേക്ക് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നു വീണ എയർ ഇന്ത്യയുടെ AI 171 ബോയിംഗ് ഡ്രീംലൈനർ വിമാനത്തിന് യാന്ത്രികമോ സാങ്കേതികപരമോ ആയ തകരാറുകളുണ്ടായിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിനെ ഉദ്ധരിച്ച് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണാണ് ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുത്ത എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച കത്തിലാണ് വിൽസൺ ഇക്കാര്യം പറഞ്ഞത്: വിമാനത്തിന്റെ നിർബന്ധിത മെയിൻ്റനൻസ് ജോലികൾ എല്ലാം പൂർത്തിയാക്കിയിരുന്നുവെന്നും ഇന്ധനത്തിൻ്റെ ഗുണനിലവാരത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും ടേക്ക്-ഓഫ് സമയത്ത് അസ്വാഭാവികതകളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിലെ ഇരു പൈലറ്റുമാരും നിർബന്ധിത പ്രീ-ഫ്ലൈറ്റ് ബ്രീത്ത് അനലൈസർ ടെസ്റ്റുകളിൽ വിജയിച്ചിരുന്നുവെന്നും, അവരുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് AAIB റിപ്പോർട്ടിൽ യാതൊരു നിരീക്ഷണങ്ങളുമില്ലെന്നും വിൽസൺ ചൂണ്ടിക്കാട്ടി. അന്വേഷണം പൂർത്തിയാകാത്തതിനാൽ അകാലത്തിലുള്ള നിഗമനങ്ങളിൽ എത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അതീവ ജാഗ്രതയുടെ ഭാഗമായി, അപകടം നടന്നതിന് ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യ തങ്ങളുടെ മുഴുവൻ 787 ഡ്രീംലൈനർ വിമാനങ്ങളും പരിശോധിക്കുകയും എല്ലാ വിമാനങ്ങളും സർവീസിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തതായി വിൽസൺ പറഞ്ഞു. എല്ലാ വിമാനങ്ങളിലും ആവശ്യമായ പരിശോധനകൾ തുടരും. അധികാരികൾ നിർദ്ദേശിക്കുന്ന പുതിയ പരിശോധനകളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 12-ന് നടന്ന അപകടത്തിൽ 260 പേരാണ് മരിച്ചത്. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഒരു കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. AAIB തങ്ങളുടെ പ്രാഥമിക കണ്ടെത്തലുകൾ ശനിയാഴ്ചയാണ് പുറത്തുവിട്ടത്.