Connect with us

child kidnap

തട്ടിക്കൊണ്ടുപോയശേഷം പ്രതികള്‍ കുട്ടിക്കു മയക്കു ഗുളിക നല്‍കി: എ ഡി ജി പി

മൂന്നു പ്രതികളെയും പൂയപ്പള്ളി സ്റ്റേഷനില്‍ എത്തിച്ചു; വന്‍ ജനാവലി തിങ്ങിക്കൂടി

Published

|

Last Updated

കൊല്ലം | കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാര്‍ അടക്കം മൂന്ന് പ്രതികളെയും പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

നിരവധി നാട്ടുകാരാണ് സ്റ്റേഷനില്‍ പ്രതികളെ കാണാനായി തടിച്ചു കൂടിയത്. മുഖം മറച്ച നിലയിലാണ് പ്രതികളെയെത്തിച്ചത്. പ്രതികളെ കുട്ടികള്‍ തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയെയും സഹോദരനെയും ക്യാമ്പില്‍ കൊണ്ട് വന്നാണ് തിരിച്ചറിയല്‍ നടത്തിയത്. സഹോദരിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ കാറിലുണ്ടായിരുന്നത് ഇവര്‍ മൂന്ന് പേര്‍ മാത്രമായിരുന്നുവെന്നാണ് സഹോദരന്‍ മൊഴി നല്‍കിയത്.

തട്ടിക്കൊണ്ടു പോയശേഷം കുട്ടിക്കു ഗുളിക കൊടുത്തു മയക്കിയതായി പ്രതി മൊഴിനല്‍കിയതായി എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ വെളിപ്പെടുത്തി.
1993 ല്‍ ടി കെ എം എന്‍ജിനിയറിംഗ് കോളജില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ ആളാണ് പത്മകുമാര്‍. വിവിധ ബിസിനസ്സുകള്‍ ചെയ്തു. കൊവിഡാനന്തരം സാമ്പത്തിക തകര്‍ച്ച ഉണ്ടായി. സമീപ പ്രദേശങ്ങളില്‍ പലര്‍ക്കും വലിയ സാമ്പത്തിക വളര്‍ച്ച ഉണ്ടായത് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വഴിയാണെന്നു ധരിച്ചാണ് പത്മകുമാര്‍ ഒരു വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. ഒരു വര്‍ഷം മുമ്പുതന്നെ വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കി. പിന്നീട് പരിപാടി ഉപേക്ഷിച്ചെങ്കിലും ഒന്നര മാസം മുമ്പു വീണ്ടും പദ്ധതി സജീവമായി. ഭാര്യ അനിതകുമാരിയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്.

നിത്യവും കാറുമായി വീട്ടില്‍ നിന്നിറങ്ങും വഴിയില്‍ വച്ച് നമ്പര്‍ പ്ലേറ്റ് മാറ്റും. വീട്ടിലേക്കു തിരിച്ചെത്തുമ്പോഴും നമ്പര്‍ പ്ലേറ്റ് മാറ്റും. പലേ കുട്ടികളേയും നിരീക്ഷിച്ചു. ഈ കുട്ടികള്‍ ട്യൂഷനു പോയി വരുന്നതു മനസ്സിലാക്കി. കുട്ടിയെ കാറില്‍ കയറ്റിയ ശേഷം ഭാര്യ കടയില്‍ നിന്നു സാധനം വാങ്ങി. അവരുടെ ഫോണ്‍വാങ്ങി കുട്ടിയുടെ വീട്ടിലേക്കു വിളിച്ചു.

ജനങ്ങളില്‍ നിന്നു വിവരം ശേഖരിച്ചാണു പോലീസ് പ്രതികളിലേക്ക് എത്തിയത്. കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വരച്ച രേഖാ ചിത്രം അന്വേഷണത്തെ സഹായിച്ചു. ഭാര്യ അനിത കുമാരിയാണ് ആശ്രാമം മൈതാനത്തു കുട്ടിയെ ഇരുത്തിയത്. കോളജ് വിദ്യാര്‍ഥിനികള്‍ ശ്രദ്ധിച്ചു എന്നു മനസ്സിലാക്കിയ ശേഷം ഓട്ടോയില്‍ തിരിച്ചു പോയി. കുട്ടിയെ ചാത്തന്നൂരിലെ വീട്ടിലാണു താമസിപ്പിച്ചത്. ഫാംഹൗസിലേക്കു പ്രതികള്‍ പോയില്ല. പ്രതികള്‍ ഒരിക്കലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല.

നേരത്തെ ഒരു തവണ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. മാധ്യമങ്ങളില്‍ ചര്‍ച്ചയായതും പോലീസ് അന്വേഷണം ശക്തമാക്കിയതുമാണു ഇത്തവം ലക്ഷ്യം പാളിയത്. തെങ്കാശിയില്‍ പാട്ടത്തിനു ഭൂമി എടുത്തു കൃഷിചെയ്യുന്നുണ്ട്. അതാണ് പ്രതികള്‍ അങ്ങോട്ടു പോകാന്‍ കാരണം. അവിടെ വച്ചാണു പ്രതികളെ പിടികൂടിയത്. ഇത്രയും വലിയ മാധ്യമ ശ്രദ്ധ ലഭിക്കുമെന്നു പ്രതികള്‍ കരുതിയില്ല. കുട്ടികളുടെ പിതാവിന് പ്രതികളുമായി യാതോരു ബന്ധവുമില്ല. ഓട്ടോ ഡ്രൈവര്‍ സംഭവത്തില്‍ പ്രതിയല്ല. മകള്‍ അനുപമക്ക് യൂട്യൂബില്‍ നിന്ന് അഞ്ചു ലക്ഷം രൂപവരെ വരുമാനമുണ്ടായിരുന്നു. ചാനലില്‍ നിന്നു വരുമാനം നിലച്ചതില്‍ അനുപമക്കു നിരാശയുണ്ടായിരുന്നുവെന്നും എ ഡി ജി പി വിശദീകരിച്ചു.

 

 

 

Latest