Connect with us

Afghanistan crisis

മുള്ളുവേലിക്ക് അപ്പുറത്തേക്ക് കുഞ്ഞുങ്ങളെ എറിഞ്ഞുകൊടുത്ത് അഫ്ഗാന്‍ സ്ത്രീകള്‍; കരളലിയിക്കും ഈ കാഴ്ചകള്‍

താലിബാന്‍ വരുന്നൂ, ഞങ്ങളെ സഹായിക്കൂ എന്ന് കേണപേക്ഷിച്ച് സ്ത്രീകള്‍ കരയുന്നത് വീഡിയോയില്‍ കാണാം.

Published

|

Last Updated

കാബൂള്‍ | അതിദയനീയമായ കാഴ്ചകളാണ് താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ കണ്ടുകൊണ്ടിരിക്കുന്നത്. പ്രാണരക്ഷാര്‍ഥം പരക്കംപായുന്ന ജനതയുടെ കാഴ്ചകള്‍ ആരെയും കണ്ണീരണിയിക്കും. പിറന്ന മണ്ണില്‍ ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്ന് രക്ഷയുടെ തുരുത്ത് തേടി, ഓടിത്തുടങ്ങിയ വിമാനത്തില്‍ വരെ അള്ളിപ്പിടിച്ച് അവസാന ശ്രമം നടത്തുന്ന അഫ്ഗാനികളുടെ കാഴ്ച ഞെട്ടലോടെയാണ് നാം കണ്ടത്. ഇപ്പോഴിതാ അതിലും കരളലിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നു.

താലിബാനെ ഭയന്ന് കൈക്കുഞ്ഞുങ്ങളെ മുള്ളുവേലിക്ക് അപ്പുറത്തേക്ക് എറിഞ്ഞ് കൊടുക്കുന്ന മാതാപിതാക്കളുടെ കാഴ്ചയാണ് അവിടെ നിന്നും ഏറ്റവും പുതുതായി പുറത്തുവരുന്നത്. രക്ഷിക്കാന്‍ കേണപേക്ഷിച്ച് സ്ത്രീകള്‍ മുള്ളുവേലിക്ക് അപ്പുറത്തുള്ള ബ്രിട്ടീഷ്, യുഎസ് സൈനികരുടെ കൈയിലേക്കാണ് കുട്ടികളെ എറിഞ്ഞുകൊടുക്കുന്നത്. ഇതിനിടയില്‍ ചില കുട്ടികള്‍ മുള്ളുവേലികളില്‍ കുടുങ്ങുകയും ചെയ്യുന്നുണ്ട്.

താലിബാന്‍ വരുന്നൂ, ഞങ്ങളെ സഹായിക്കൂ എന്ന് കേണപേക്ഷിച്ച് സ്ത്രീകള്‍ കരയുന്നത് വീഡിയോയില്‍ കാണാം. ഈ കാഴ്ചകള്‍ തങ്ങളുടെ ഹൃദയം പിളര്‍ത്തുന്നുവെന്ന് ബ്രിട്ടീഷ് സൈനികര്‍ പറഞ്ഞായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ, കാനഡ ജര്‍മനി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ പുനരധിവാസ പദ്ധതി പ്രകാരം 20,000 അഫ്ഗാനികള്‍ക്ക് അഭയം നല്‍കുമെന്ന് ബ്രിട്ടണ്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഓസ്ട്രിയ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അഭയാര്‍ഥിളെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി അഫ്ഗാനികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

Latest