Connect with us

smrthi

പ്രഭാഷണത്തിലെ സ്നേഹപ്രകന്പനം

അശാന്തിയും അസ്വാരസ്യങ്ങളും മനുഷ്യമനസ്സുകളിൽ അകൽച്ചയുണ്ടാക്കിയ സമയത്ത് അടങ്ങിയിരിക്കാനല്ല അബ്ദുല്ലത്വീഫ് സഅദി ഉസ്താദ് ശ്രമിച്ചത്. ഇരിട്ടി മേഖലയിൽ, പ്രത്യേകിച്ച് പ്രശ്നബാധിത പ്രദേശങ്ങളിൽ മനുഷ്യമനസ്സുകളെ കോർത്തിണക്കാൻ അബ്ദുല്ലത്വീഫ് സഅദിയുടെ നേതൃത്വത്തിൽ "ശാന്തി യാത്ര' നടത്തി. പ്രസ്ഥാനം ഒന്നിച്ച് യാത്രയെ അനുഗമിച്ചു. സമാധാനം കാംക്ഷിക്കുന്ന ജനഹൃദയങ്ങൾ യാത്രയെ വരവേറ്റു. തന്റെ സൗമ്യ ഭാഷയിൽ മനസ്സിൽ കൊള്ളുന്ന പ്രഭാഷണങ്ങൾ നടത്തി നിരവധി യൂനിറ്റുകളിൽ മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളെ അണിനിരത്തി മട്ടന്നൂരിൽ യാത്ര സമാപിക്കുമ്പോൾ വർഗീയ സംഘട്ടനങ്ങൾക്കും ധ്രുവീകരണത്തിനും തക്കം പാർത്ത് കഴിഞ്ഞവർ പോലും യാത്രയെ അഭിനന്ദിക്കുകയും സ്വീകരണ കേന്ദ്രങ്ങളിൽ വന്നെത്തുകയും ചെയ്തു.

Published

|

Last Updated

ഇരിട്ടി മേഖലയിൽ വർഗീയ ചേരിതിരിവുകൾ പ്രകടമായ കാലം. മനുഷ്യർക്കിടയിൽ അകൽച്ചയുടെ അസ്വാരസ്യങ്ങൾ നീറ്റലായി വന്നുതുടങ്ങുന്നു. ഇരിട്ടി -പുന്നാട് പ്രദേശത്ത് ആർ എസ് എസ് നേതാവ് കൊല ചെയ്യപ്പെടുന്നു. ആസൂത്രിതമായി നടത്തിയ ആക്രമണത്തിൽ മേലെ പുന്നാട് പ്രദേശത്തെ മുസ്്ലിം വീടുകൾ കൊള്ളയടിക്കപ്പെടുന്നു, തകർക്കപ്പെടുന്നു. പ്രദേശത്തുകാർ ജീവനുംകൊണ്ട് അഭയാർഥി ക്യാമ്പിൽ അഭയം പ്രാപിക്കുന്നു. ഒരു പ്രബോധകൻ എന്ന നിലയിൽ അബ്ദുല്ലത്വീഫ് സഅദി ഉസ്താദ് അടങ്ങിയിരുന്നില്ല.

മേലെ പുന്നാട് പ്രദേശത്ത് തകർക്കപ്പെട്ട നിരവധി വീടുകൾ… കൊള്ളയടിക്കപ്പെട്ട വീട്ടുപകരണങ്ങൾ… ജീവനിൽ പേടിച്ച് ഓടിയകന്ന ഇവിടത്തുകാർക്ക് ഭയവും ആകുലതയും നിലനിന്ന സമയത്ത് സധൈര്യം സഹപ്രവർത്തകരെ കൂട്ടി പ്രദേശം സന്ദർശിക്കാനും പ്രദേശത്തുകാർക്ക് സമാശ്വാസവും ആത്മവിശ്വാസവും പകരാനും സാധിച്ചു.

മേലേ പുന്നാട് പ്രദേശത്ത് അക്രമം കൊണ്ട് അടക്കിവാണ വർഗീയശക്തികൾ… ഒരാളെപ്പോലും അവിടത്തേക്ക് കടത്തിവിടാതെ ഭീകരത സൃഷ്ടിച്ച്, പേടിപ്പെടുത്തിയപ്പോൾ, അവർക്കിടയിലേക്ക് അബ്ദുല്ലത്വീഫ് ഉസ്താദിന്റെ നേതൃത്വത്തിലാണ് സമാധാന സന്ദേശവുമായി ആത്മധൈര്യം പകർന്നു ഓടിപ്പോയ പ്രദേശ വാസികളെ തിരിച്ചുകൊണ്ടുവരുന്നത്. ഇരിട്ടി, വള്ളിത്തോട് പ്രദേശങ്ങളിൽ സർക്കാർ സ്ഥാപിച്ച അഭയാർഥി ക്യാമ്പുകളിലേക്ക് വസ്ത്രവും ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിച്ചു, നിങ്ങൾ ഒറ്റക്കല്ല നമ്മളും കൂടെയുണ്ടെന്ന് മുറിവേറ്റ മനസ്സുകളെ ബോധ്യപ്പെടുത്താൻ ലത്വീഫ് സഅദിക്ക് സാധിച്ചു.

*** ****

അശാന്തിയും അസ്വാരസ്യങ്ങളും മനുഷ്യമനസ്സുകളിൽ അകൽച്ചയുണ്ടാക്കിയ സമയത്ത് അടങ്ങിയിരിക്കാനല്ല ഉസ്താദ് ശ്രമിച്ചത്. ഇരിട്ടി മേഖലയിൽ പ്രത്യേകിച്ച് പ്രശ്നബാധിത പ്രദേശങ്ങളിൽ മനുഷ്യമനസ്സുകളെ കോർത്തിണക്കാൻ അബ്ദുല്ലത്വീഫ് സഅദിയുടെ നേതൃത്വത്തിൽ “ശാന്തി യാത്ര’ നടത്തി. പ്രസ്ഥാനം ഒന്നിച്ച് യാത്രയെ അനുഗമിച്ചു, സമാധാനം കാംക്ഷിക്കുന്ന ജനഹൃദയങ്ങൾ യാത്രയെ വരവേറ്റു.
തന്റെ സൗമ്യ ഭാഷയിൽ മനസ്സിൽ കൊള്ളുന്ന പ്രഭാഷണങ്ങൾ നടത്തി നിരവധി യൂനിറ്റുകളിൽ മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളെ അണിനിരത്തി മട്ടന്നൂരിൽ യാത്ര സമാപിക്കുമ്പോൾ വർഗീയ സംഘട്ടനങ്ങൾക്കും ധ്രുവീകരണത്തിനും തക്കം പാർത്ത് കഴിഞ്ഞവർ പോലും യാത്രയെ അഭിനന്ദിക്കുകയും സ്വീകരണകേന്ദ്രങ്ങളിൽ വന്നെത്തുകയും ചെയ്തു.
പ്രശ്നബാധിത പ്രദേശങ്ങളിൽ സധൈര്യം ഇറങ്ങിച്ചെല്ലാനും ഉത്തരവാദിത്വപ്പെട്ടവരുടെ മുന്നിൽ നിവർന്നു സംസാരിക്കാനും ചർച്ചകൾ വഴി സമവായത്തിലെത്തി പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള സഅദിയുടെ കഴിവ് ആരും അംഗീകരിക്കപ്പെട്ടതാണ്.

*** ***

മലയോര മേഖലകളായ ഇരിട്ടി, കൂട്ടുപുഴ, കൊട്ടിയൂർ പ്രദേശങ്ങളിൽ ഈ അടുത്തിടെയുണ്ടായ പ്രകൃതിദുരന്തങ്ങളിൽ സമാധാനദൂതുമായി കടന്നുവന്ന മനുഷ്യസ്നേഹിയാണ് അദ്ദേഹം.

ഉടുക്കാനും ഉണ്ണാനും തലചായ്ക്കാനും നിവൃത്തിയില്ലാതെ ഒരു രാത്രികൊണ്ട് ഫഖീറുമാരായ മനുഷ്യ ജന്മങ്ങൾക്ക് സമാശ്വാസത്തിന്റെ ദൂതനായി, സംഘടനയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് ലത്വീഫ് സഅദി നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആർക്കും മറക്കാൻ കഴിയില്ല. ഇവിടങ്ങളിൽ ഒരു മാലാഖയെപ്പോലെ ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ പഠിച്ച് ലക്ഷക്കണക്കിന് രൂപയുടെ അവശ്യവസ്തുക്കൾ തരപ്പെടുത്തി കൊടുത്ത് നിരവധി മനുഷ്യർക്ക് ജീവിതം തിരിച്ചു നൽകാൻ ലത്വീഫ് സഅദിയുടെ നേതൃത്വത്തിൽ സാന്ത്വനം വളണ്ടിയർമാർക്ക് സാധിച്ചു. ഗവൺമെന്റ്സംവിധാനങ്ങളോട് സഹകരിച്ച് ഭക്ഷണവും ഉടയാടകളും പാർപ്പിട സൗകര്യങ്ങളും നൽകുന്നതിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി തന്റെ നയതന്ത്ര പാടവം പ്രകടിപ്പിക്കാൻ ലത്വീഫ് സഅദി എന്നുമുണ്ടായിരുന്നു.

പലരും അറച്ചുനിൽക്കുമ്പോൾ അടങ്ങിയിരിക്കുന്നതിലല്ല കാര്യം, ഇറങ്ങിച്ചെന്ന് ഇടപെടലാണ് കരുത്തെന്ന് വളർന്നുവരുന്ന തലമുറക്ക് അനുഭവങ്ങളിലൂടെ സമ്മാനിക്കുകയായിരുന്നു ലത്വീഫ് സഅദി.

ആരും പുറത്തിറങ്ങാതെ പേടിച്ചരണ്ട കൊറോണ കാലത്ത് സ്വശരീരം മറന്നു മനുഷ്യർക്കൊപ്പം നിൽക്കാൻ സഅദി ഉസ്താദ് കാണിച്ച മിടുക്ക് ആരും സമ്മതിച്ചതാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് മണിക്കൂറുകൾ യാത്ര ചെയ്തു രണ്ട് എയർപോർട്ടുകളിലും ചെക്കിംഗും ക്ലിയറൻസും കഴിഞ്ഞു കുടിവെള്ളംപോലും ലഭിക്കാതെ യാത്രാ ക്ഷീണത്തോടെ മട്ടന്നൂരിലെ കണ്ണൂർ എയർപോർട്ടിൽ എത്തുന്ന പതിനായിരക്കണക്കിന് യാത്രക്കാർക്ക് ഒരു നേരത്തെ അന്നം നൽകാൻ എസ് വൈ എസ് ജില്ലാ കമ്മിറ്റി മുന്നോട്ടുവരികയുണ്ടായി. ഓരോ ദിവസവും വിമാനങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് സമയാസമയം ഭക്ഷണവും വെള്ളവും എത്തിക്കുക എന്നത് എളുപ്പമല്ല. ഭക്ഷണം പാകം ചെയ്യുന്നിടത്ത്, പേക്ക് ചെയ്യുന്നത്, എത്തിക്കാൻ ആവശ്യമായ വാഹനങ്ങൾ, വളണ്ടിയർ സൗകര്യങ്ങൾ, സുരക്ഷാക്രമീകരണങ്ങൾ എല്ലാം പാലിച്ചുകൊണ്ട് രോഗവ്യാപന വഴികൾ കൊട്ടിയടച്ചു എയർപോർട്ട് അധികൃതരെ ബോധ്യപ്പെടുത്തി പതിനായിരത്തോളം വരുന്ന യാത്രക്കാരുടെ വിശപ്പകറ്റാൻ പ്രയത്നിച്ചു. ഓരോ ദിവസവും ചാർട്ടർ ചെയ്ത മുഴുവൻ വിമാനങ്ങളും വന്നു തീർന്നാൽ മാത്രമേ സംഘാടക സമിതി ചെയർമാനായ ലത്വീഫ് സഅദി എയർപോർട്ട് വിടാറുള്ളൂ. അർധരാത്രിയിലും യാത്രക്കാരെയും കാത്ത് ഏതാനും വളണ്ടിയർമാരോടൊപ്പം രോഗപീഡകളാൽ വിഷമിക്കുന്ന ലത്വീഫ് സഅദിയും ഉണ്ടായിരുന്നു. എയർപോർട്ട് കിച്ചൻ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് തുടക്കത്തിൽ ആശങ്കയോടെ കണ്ടപ്പോൾ ആവശ്യമായ സാധനങ്ങളും പേക്കിംഗ് സാമഗ്രികളും ഓഫർ ചെയ്യിപ്പിച്ചും കടം വാങ്ങിച്ചും മുന്നോട്ടു കൊണ്ടുപോകുന്നതിൽ സഅദി ഉസ്താദ് എന്ന നിസ്വാർഥ സേവകന്റെ പ്രയത്നം ചെറുതല്ല.

*** ***

കാന്തപുരം ഉസ്താദിന്റെ രണ്ടാം കേരള യാത്ര മട്ടന്നൂരിൽ എത്തിയപ്പോൾ ജനം ആകാംക്ഷയോടെ, ഏറെ കൗതുകത്തോടെ കണ്ടുനിന്ന കാഴ്ചക്ക് പിറകിലെ ലത്വീഫ് സഅദി ഉസ്താദിന്റെ സ്വാധീനം ആർക്കും ബോധ്യമാകും. പ്രസ്ഥാന നയങ്ങൾ നന്നായി അറിയുന്ന ലത്വീഫ് സഅദി കണ്ണൂരിലെ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നല്ല സൗഹൃദ ബന്ധം സ്ഥാപിച്ചു.

*** ****

കേരളത്തിലെ പ്രമുഖ പ്രഭാഷകരിൽ ഒരാളാണ് ലത്വീഫ് സഅദി. പഠിക്കാനും പകർത്താനും നിരവധി കാര്യങ്ങൾ ഉണ്ടാകുന്നതോടൊപ്പം ആഴമേറിയ വിഷയങ്ങൾ കൊണ്ട് ആകർഷണീയ പ്രഭാഷണമായിരുന്നു അദ്ദേഹത്തിന്റെത്. മതവിജ്ഞാന വേദികളിൽ ഏകദിന പ്രഭാഷണങ്ങൾക്ക് പകരം ലത്വീഫ് സഅദി നേരിട്ടു നടത്തിയ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രഭാഷണ സദസ്സുകൾ ശ്രദ്ധേയമായിരുന്നു. മട്ടന്നൂർ, ഉളിയിൽ, പഴശ്ശി, നീർവേലി തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പ്രഭാഷണങ്ങൾ ശ്രവിക്കാൻ ദിനംപ്രതി ആയിരങ്ങൾ സംബന്ധിക്കാറുണ്ട്. നബി സ്നേഹ പ്രഭാഷണം സഅദിയുടെ ഇഷ്ടവിഷയമാണ്. ഓൺലൈൻ കാലത്തു മട്ടന്നൂർ പാലോട്ട് പള്ളിയിൽ വെച്ച് നടത്തിയ നബി സ്നേഹ പ്രഭാഷണം ഏവരെയും ആകർഷിച്ചതാണ്. അബൂദബി, ദുബൈ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രഭാഷണങ്ങൾ നടത്താറുണ്ട്. ദുബൈ ഔഖാഫ് സംഘടിപ്പിച്ച ഹോളി ഖുർആൻ പ്രഭാഷണ വേദിയിൽ വർഷങ്ങളോളം ലത്വീഫ് സഅദി പ്രഭാഷണം നടത്തുകയുണ്ടായി.

*** ***

മൂരിയാട് ദർസിൽ പഠിക്കുന്ന കാലത്ത് മുരിയാട് യൂനിറ്റ് എസ് എസ് എഫിന്റെ പ്രസിഡന്റായി സംഘടനാ രംഗത്ത് വന്നശേഷം പ്രവർത്തന ഗോദയിൽ സജീവമായി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്റ്, ഒന്പത് വർഷം എസ് വൈ എസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത ഇരിട്ടി താലൂക്ക് പ്രസിഡന്റ്, കേരള മുസ്്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ, എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ്, ഉളിയിൽ സുന്നി മജ്‌ലിസിന്റെ ദീർഘകാല ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കൂടാതെ നിരവധി പള്ളി- മദ്റസാ സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിച്ചും ഉപദേശിച്ചും തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയായിരുന്നു അദ്ദേഹം.

അവസാനം കെ എം ബിയുടെ നീതിക്കുവേണ്ടി പ്രവർത്തകരെ ആവേശം കൊള്ളിച്ച പ്രഭാഷണം നടത്തി ഒരു സമര ഗോദയിൽ നിന്ന് വിരമിച്ച ഉടൻ ഈ ലോകത്തോട് യാത്രയായത് അല്ലാഹു നൽകിയ അപാരമായ നിയോഗമായിരിക്കാം.

Latest