Editorial
കുരുക്കഴിയാതെ എ ഡി ജി പി; നാണക്കേടില്‍ പോലീസ് സേന
എത്ര ഉന്നതനായാലും കുറ്റാരോപിതരെ വെച്ചുപൊറുപ്പിക്കുന്നതും അവരെ ചേര്‍ത്തു പിടിക്കുന്നതും പോലീസ് സേനയുടെയും സര്‍ക്കാറിന്റെയും വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കും.

ഉന്നത ആര്‍ എസ് എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍, അനധികൃത സ്വത്തു സമ്പാദനം, സ്വര്‍ണക്കടത്ത് ആരോപണം തുടങ്ങി നിരന്തരം പോലീസ് സേനക്കും ആഭ്യന്തര വകുപ്പിനും ദുഷ്പേര് വരുത്തുന്ന പരാതികളാണ് എ ഡി ജി പി. എം ആര്‍ അജിത്കുമാറുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശബരിമലയിലെ ട്രാക്ടര്‍ യാത്രയാണ് ഒടുവിലത്തേത്. ശബരിമല സന്നിധാനത്തേക്ക് ചരക്ക് കൊണ്ടുപോകാന്‍ മാത്രമാണ് നിലവില്‍ ട്രാക്ടര്‍ ഉപയോഗിക്കുന്നത്. യാത്രക്ക് ട്രാക്ടര്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് 2021 നവംബര്‍ 25ന് ഹൈക്കോടതി ഉത്തരവിട്ടതാണ്. ചരക്കു കൊണ്ടുപോകുമ്പോള്‍ പോലും ട്രാക്ടറില്‍ ഡ്രൈവര്‍ അല്ലാതെ മറ്റാരും കയറരുതെന്നും ഉത്തരവില്‍ പറയുന്നു. ഇത് ലംഘിച്ചാണ് എ ഡി ജി പി അജിത്കുമാറും ഗണ്‍മാനും പേഴ്സനല്‍ സെക്യൂരിറ്റി ഓഫീസറും കഴിഞ്ഞ ശനിയാഴ്ച ട്രാക്ടറില്‍ സന്നിധാനത്തേക്ക് യാത്ര ചെയ്തത്.
സംഭവത്തെ ദൗര്‍ഭാഗ്യകരമെന്നും മനപ്പൂര്‍വമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമെന്നും ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ശബരിമലയില്‍ ഏറെക്കാലം ജോലി ചെയ്ത അജിത്കുമാറിന് സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര പാടില്ലെന്ന വിവരം നന്നായി അറിയാമല്ലോയെന്നും കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട എസ് പിയോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടിരിക്കുകയാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ കോടതി ബഞ്ച്. വകതിരിവില്ലാത്ത ചെയ്തിയെന്നാണ് എ ഡി ജി പിയുടെ ട്രാക്ടര്‍ യാത്രയെക്കുറിച്ച് റവന്യൂ മന്ത്രി കെ രാജന്റെ പ്രതികരണം. ‘വകതിരിവ് എന്നത് സ്വയം ഉണ്ടാക്കിയെടുക്കേണ്ടതാണ്. ഏതെങ്കിലും വിദ്യാലയങ്ങളില്‍ നിന്നോ സര്‍വകലാശാലകളില്‍ നിന്നോ പഠിക്കേണ്ടതല്ല. ഓരോരുത്തരുടെയും ശൈലിയും സ്വഭാവവുമനുസരിച്ചായിരിക്കും കാര്യങ്ങള്‍’ എന്നാണ് വിവരം ശ്രദ്ധയില്‍ പെടുത്തിയ മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞത്.
ട്രാക്ടര്‍ യാത്ര വിവാദമാകുകയും കേസ് കോടതി കയറുകയും ചെയ്തതോടെ, ട്രാക്ടര്‍ ഓടിച്ച പോലീസ് ഡ്രൈവര്‍ വിവേക് കുമാറിനെ ബലിയാടാക്കി എ ഡി ജി പിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പോലീസ് വകുപ്പ്. പമ്പ പോലീസ് തയ്യാറാക്കിയ എഫ് ഐ ആറില്‍ ഡ്രൈവര്‍ക്ക് എതിരെ മാത്രമാണ് കേസ് ചുമത്തിയത്. കോടതി വിധി ലംഘിച്ച് ഡ്രൈവര്‍, ട്രാക്ടറില്‍ ആളെ കയറ്റി അലക്ഷ്യമായി മനുഷ്യജീവനു ഭീഷണി സൃഷ്ടിക്കുന്ന തരത്തില്‍ സന്നിധാനത്തേക്ക് ഓടിച്ചു പോയെന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയത്. ട്രാക്ടറില്‍ യാത്ര ചെയ്ത എ ഡി ജി പിയെയും അംഗരക്ഷകരെയും കുറിച്ച് പരാമര്‍ശമേ ഇല്ല.
യഥാര്‍ഥത്തില്‍ അജിത്കുമാറിന്റെയും പത്തനംതിട്ട എസ് പിയുടെയും നിര്‍ദേശം പാലിക്കുക മാത്രമാണ് ഡ്രൈവര്‍ ചെയ്തത്. തനിക്ക് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് യാത്ര ചെയ്യാന്‍ ഒരു ട്രാക്ടര്‍ വേണമെന്ന് അജിത്കുമാര്‍ പത്തനംതിട്ട എസ് പിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, പമ്പയില്‍ ഒരു ട്രാക്ടറും ഡ്രൈവറെയും തയ്യാറാക്കി നിര്‍ത്താന്‍ പത്തനംതിട്ട എസ് പി, പമ്പ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് പോലീസ് ഡ്രൈവര്‍ വിവേക് കുമാര്‍ ട്രാക്ടറുമായി എത്തിയതും എ ഡി ജി പിയെ കയറ്റി സ്വാമി അയ്യപ്പന്‍ റോഡിലൂടെ സന്നിധാനത്തേക്ക് പോയതും.
നിയമം ലംഘിച്ചുള്ള ഈ യാത്ര പിടിക്കപ്പെടാതിരിക്കാന്‍ സി സി ടി വി പ്രവര്‍ത്തിക്കാത്ത വഴികളിലൂടെയാണ് എ ഡി ജി പിയും സംഘവും യാത്ര ചെയ്തതെന്നാണ് മാധ്യമ റിപോര്‍ട്ട്. സ്വാമി അയ്യപ്പന്‍ റോഡില്‍ ആദ്യത്തെ വളവ് മുതല്‍ സി സി ടി വി പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഇതടിസ്ഥാനത്തില്‍ ഇവിടെ നിന്നാണ് യാത്ര തുടങ്ങിയത്. എന്നാല്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എ ഡി ജി പിയുടെ നിയമവിരുദ്ധ യാത്ര സംബന്ധിച്ച് ഹൈക്കോടതിക്ക് റിപോര്‍ട്ട് നല്‍കുകയുണ്ടായി. എ ഡി ജി പിയുടെ ട്രാക്ടര്‍ യാത്ര ശ്രദ്ധയില്‍പ്പെട്ട ഒരു വ്യക്തി അത് ക്യാമറയില്‍ പകര്‍ത്തി അയച്ചു കൊടുത്തതിനെ തുടര്‍ന്നാണ് സ്പെഷ്യല്‍ കമ്മീഷണര്‍ വിവരമറിയുന്നത്. ഈ വിവരം പുറത്തു വന്നതിനു ശേഷമാണ് പമ്പ പോലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയത്. അതുവരെ ഒന്നും അറിയാത്ത ഭാവത്തിലായിരുന്നു.
ഒരു സാധാരണക്കാരനോ ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥനോ അല്ല, ശബരിമലയിലെ യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് നന്നായി അറിയാവുന്ന, നിയമം കര്‍ക്കശമായി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഉന്നത സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥനാണ് ഹൈക്കോടതി വിധി കാറ്റില്‍ പറത്തി ട്രാക്ടര്‍ യാത്ര നടത്തിയത്. നിയമലംഘനം ബോധ്യമായിട്ടും അദ്ദേഹത്തെ രക്ഷപ്പെടുത്താനാണ് പമ്പ പോലീസിന്റെയും പത്തനംതിട്ട ജില്ലാ പോലീസിന്റെയും നീക്കം. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ പരാതിയില്‍ അജിത്കുമാറിന്റെ പേര് കൂടി ഉള്‍പ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ പേര് കൂടി ഉള്‍പ്പെടുത്തിയേക്കാമെന്നാണ് അറിയുന്നത്. എങ്കിലും അതൊരു പെറ്റി കേസില്‍ ഒതുങ്ങാനാണ് സാധ്യത. നിരന്തരം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അദ്ദേഹത്തെ രക്ഷിക്കുന്ന നിലപാടാണല്ലോ ആഭ്യന്തര വകുപ്പ് ഇക്കാലമത്രയും സ്വീകരിച്ചത്. എ ഡി ജി പി വിജയനുമായി ബന്ധപ്പെട്ട വിഷയത്തില്‍ അജിത്കുമാറിനെതിരെ കേസെടുക്കണമെന്ന് ഡി ജി പി ശിപാര്‍ശ ചെയ്തിട്ടു പോലും ആഭ്യന്തര വകുപ്പ് തള്ളുകയായിരുന്നു. തൃശൂര്‍ പൂരം കലക്കിയ കേസില്‍ അജിത്കുമാറിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഡി ജി പി സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട് രണ്ട് ദിവസം മുമ്പ്. ഇതുവരെയുള്ള നിലപാട് വെച്ച് വിലയിരുത്തുമ്പോള്‍ അതും തള്ളപ്പെടാനാണ് സാധ്യത.
മാത്രമല്ല. അജിത്കുമാറിന് സ്തുത്യര്‍ഹമായ സേവനത്തിന് അവാര്‍ഡ് തരപ്പെടുത്തിക്കൊടുക്കാനും ഡി ജി പി പദവിയിലേക്ക് ഉയര്‍ത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമവും നടത്തി ആഭ്യന്തര വകുപ്പ്. ആറ് തവണയാണ് കേന്ദ്രത്തിന്റെ വിശിഷ്ട സേവാ മെഡലിനായി അജിത്കുമാറിനെ ശിപാര്‍ശ ചെയ്തത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി)യുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രം നിരസിക്കുകയായിരുന്നു. ഐ ബിയുടെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വിശിഷ്ട സേവാ മെഡല്‍ ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. എത്ര ഉന്നതനായാലും കുറ്റാരോപിതരെ വെച്ചുപൊറുപ്പിക്കുന്നതും അവരെ ചേര്‍ത്തു പിടിക്കുന്നതും പോലീസ് സേനയുടെയും സര്‍ക്കാറിന്റെയും വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കും.