Connect with us

Kerala

നടൻ ഇന്നസെന്റ് അരങ്ങൊഴിഞ്ഞു

അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Published

|

Last Updated

കൊച്ചി | നടനും മുൻ എം പിയുമായ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡോക്ടര്‍മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നാളെ തന്നെ സംസ്‌കാരം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. നാളെ രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐ സി യുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു.

ഭാര്യ: ആലിസ്, മകന്‍: സോണറ്റ്.

മലയാളത്തിന്റെ ഹാസ്യ നായകന്മാരില്‍ ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വമാണ് ഇന്നസെന്റ്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങളെ തന്മയത്വത്തോടെയും വഴക്കത്തോടെയും കൈകാര്യം ചെയ്ത നടനാണ് അദ്ദേഹം. 750ലധികം സിനിമകളില്‍ അഭിനയിച്ചു.

‘നൃത്തശാല’ എന്ന സിനിമയിലൂടെ ആരംഭിച്ച താരം ഹാസ്യ വേഷങ്ങളിലും പിന്നീട് ‘മഴവില്‍ക്കാവടി’, ‘പൊന്‍മുട്ടയിടുന്ന തറവ്’, ‘ഗാനമേള’ തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലും ശ്രദ്ധേയനായി. മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇന്നസെന്റിനെ തേടിയെത്തി. അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും ഇന്നസെന്റ് സജീവ സാന്നിധ്യമായിരുന്നു. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനാറാം ലോകസഭയില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1979ല്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2003 മുതല്‍ 2018 വരെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ഓര്‍മകളെ ആസ്പദമാക്കി പുസ്തകങ്ങളും മാസികകളും ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലാണ് ഇന്നസെന്റ് അവസാനമായി വേഷമിട്ടത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്.

Latest