Kerala
മന്ത്രി വീണ ജോര്‍ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കും; പാര്‍ട്ടി പരിശോധിക്കുമെന്ന് രാജു എബ്രഹാം
സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകള്‍ മന്ത്രിക്കെതിരെ എന്ന് വ്യാഖ്യാനിക്കപ്പെട്ടുവെന്നും രണ്ട് വിഷയവും പാര്‍ട്ടി ഗൗരവമായിത്തന്നെ പരിശോധിക്കുമെന്നും രാജു എബ്രഹാം

പത്തനംതിട്ട | ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് സാധ്യത. പ്രവര്‍ത്തകരുടെ എഫ്ബി പോസ്റ്റുകള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പിജെയുടെ പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു .സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവിന്റെ പോസ്റ്റ് പ്രത്യക്ഷത്തില്‍ മന്ത്രിക്കെതിരെ അല്ല എന്നും രാജു എബ്രഹാം ഒരു വാര്‍ത്ത ചാനലിനോട് പ്രതികരിച്ചു
സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകള്‍ മന്ത്രിക്കെതിരെ എന്ന് വ്യാഖ്യാനിക്കപ്പെട്ടുവെന്നും രണ്ട് വിഷയവും പാര്‍ട്ടി ഗൗരവമായിത്തന്നെ പരിശോധിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു. േേകാട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിലാണ് മന്ത്രി വീണാ ജോര്‍ജിനെതിരെ സിപഎം നേതാക്കള്‍ തന്നെ പരസ്യമായി രംഗത്തെത്തിയത്. സിപിഎം പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി ജെ, സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവ് എന്നിവരായിരുന്നു സാമൂഹിക മാധ്യമത്തില്‍ മന്ത്രിക്കെതിരെ കുറിപ്പിട്ടത്
മന്ത്രി അല്ല എംഎല്‍എ പോലും ആകാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പിജെ ജോണ്‍സന്റെ പോസ്റ്റ്.
കുട്ടിയായിരിക്കെ താന്‍ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടില്‍ ഇരിക്കുമായിരുന്നു, അങ്ങനെ താന്‍ പരീക്ഷകളില്‍ നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളില്‍ നിന്നും- ഇതിയിരുന്നു രാജീവന്റെ പരിഹാസം