Kerala
ഇടുക്കി പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറിയവരെ ഒഴിപ്പിക്കുന്നതിന് നടപടി തുടങ്ങി
ശാന്തന്‍പാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ
ഇടുക്കി | പുഴ കയ്യേറിയവര്‍ക്കെതിരെ ഭരണ മാറ്റത്തിന്റെ ഇടവേളയില്‍ ശക്തമായ പോലീസ് നടപടി. ഇടുക്കി പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറിയവരെ ഒഴിപ്പിക്കുന്നതിനാണ് റവന്യൂ വകുപ്പിന്റെ നടപടി.
29 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. മൂന്നാര്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പോലീസുകാര്‍ സ്ഥലത്തെത്തി. ശാന്തന്‍പാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 29 വീടുകള്‍ ഉള്‍പ്പെടെ 89 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.
പന്നിയാര്‍ പുഴ കയ്യേറി നിര്‍മ്മിച്ച ദേവാലയങ്ങള്‍ പൊളിക്കുന്നു. ഒരു ക്ഷേത്രവും ഒരു പള്ളിയും ആണ് പൊളിക്കുന്നത്. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതില്‍ 56 കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിച്ചുനീക്കും. ബാക്കിയുള്ളവ റവന്യു വകുപ്പ് പൊളിച്ചു നീക്കും. പുനരധിവാസം ആവശ്യമുള്ള 12 പേര്‍ക്ക് സര്‍ക്കാര്‍ സഹായം ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു.
ഒരു നിവൃത്തിയും ഇല്ലാത്തവരല്ല പുഴ കയ്യേറി കെട്ടിടം നിര്‍മ്മിച്ചത്. ദുരന്തനിവാരണത്തിന്റെ ഭാഗമായിട്ടാണ് നടപടി. കയ്യേറ്റത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.







