Connect with us

Kerala

സിഐടിയു തൊഴിലാളികള്‍ക്കെതിരെ നടപടി; ബിപിസിഎല്ലിലെ ഡ്രൈവര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു

സമരം പിന്‍വലിച്ചതോടെ ഏഴ് ജില്ലകളിലേക്ക് മുടങ്ങിയ പാചകവാതക വിതരണം വീണ്ടും തുടങ്ങി.

Published

|

Last Updated

കൊച്ചി|കൊച്ചി അമ്പലമുകള്‍ ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചു. തൃശ്ശൂര്‍ കൊടകരയിലെ സ്വകാര്യ ഏജന്‍സിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഡ്രൈവറെ മര്‍ദ്ദിച്ച സിഐടിയു കയറ്റിറക്ക് തൊഴിലാളികളെ സംഘടനയിലും, ഏജന്‍സിയില്‍ നിന്നും പുറത്താക്കുമെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഉറപ്പിലുമാണ് ഡ്രൈവര്‍മാര്‍ സമരം പിന്‍വലിച്ചത്. ബിപിസിഎല്‍ മാനേജ്‌മെന്റ്, കരാറുകാര്‍, ഏജന്‍സി പ്രതിനിധികള്‍ എന്നിവര്‍ ഡ്രൈവര്‍മാരുടെ സംഘടനയുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സമരം പിന്‍വലിച്ചതോടെ ഏഴ് ജില്ലകളിലേക്ക് മുടങ്ങിയ പാചകവാതക വിതരണം വീണ്ടും തുടങ്ങി. ലോഡ് ഇറക്കുന്ന സമയത്ത് ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന സര്‍ക്കുലര്‍ എല്ലാ ഏജന്‍സികള്‍ക്കും അയക്കാനും തീരുമാനമായി. സമരത്തെ തുടര്‍ന്ന് ഏഴ് ജില്ലകളിലേക്കുള്ള 140 ഓളം എല്‍പിജി വിതരണം പൂര്‍ണമായും മുടങ്ങിയിരുന്നു. പ്ലാന്റിലെ 200 ഓളം ഡ്രൈവര്‍മാരാണ് ഇന്നലെ പണിമുടക്കിയിരുന്നത്.

എട്ടാം തിയ്യതി ഉച്ചയോടെയാണ് ഡ്രൈവര്‍ ശ്രീകുമാറിന് കൊടകര ശ്രീമോന്‍ ഏജന്‍സിയില്‍ നിന്ന് മര്‍ദനമേറ്റത്. ലോഡ് ഇറക്കാന്‍ കരാര്‍ പ്രകാരമുള്ള തുകയേക്കാള്‍ 20 രൂപ കൂടുതല്‍ ആവശ്യപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് രണ്ട് കയറ്റിറക്ക് തൊഴിലാളികള്‍ ചേര്‍ന്ന് ശ്രീകുമാറിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദിക്കുന്നത് തടയാന്‍ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടിയേറ്റ് ശ്രീകുമാര്‍ താഴെ വീഴുകയായിരുന്നു. ശ്രീകുമാര്‍ താഴെ വീണശേഷവും മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരന്‍ സിഐടിയു കയറ്റിറക്ക് തൊഴിലാളികളെ പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് പരുക്കേറ്റ ശ്രീകുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.