Connect with us

Kozhikode

രാജ്യദ്രോഹക്കുറ്റം ചുമത്തി സത്യം പുറത്തുവരുന്നത് തടയുന്നു; ശക്തമായ പ്രതിഷേധമുയരണം: എം വി ശ്രേയാംസ്‌കുമാര്‍ എം പി

Published

|

Last Updated

കോഴിക്കോട് | രാജ്യദ്രോഹം എന്ന് മുദ്രകുത്തി സത്യം പുറത്തുവരുന്നത് തടയാനുള്ള നിരന്തരമായ ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍ എം പി. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രാജ്യത്തില്‍ ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. നമ്മുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ അറിയേണ്ടതുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയയാണ് ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ഈ സ്വാതന്ത്ര്യം ഇന്ത്യയില്‍ അവസാനിച്ചിരിക്കുകയാണ്. സ്വതന്ത്ര ഏജന്‍സികളെയെല്ലാം ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ പാവകളാക്കിയിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ പല കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്നാല്‍ വ്യാജ വാര്‍ത്തകളുടെ നിര്‍മിതി വ്യാപകമായി നടക്കുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് ജനാധിപത്യ പ്രക്രിയയിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി സിദ്ദീഖ് കാപ്പനെ ജയിലിലടച്ചത്. രാജ്യം ഭീഷണിയിലാണെന്ന പ്രചാരണം നടത്തി വൈകാരിക തലം സൃഷ്ടിച്ച് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്ന സമീപനമാണിത്. ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാട് മാധ്യമങ്ങള്‍ സ്വീകരിക്കണം. വാര്‍ത്തകള്‍ നല്‍കേണ്ടത് അതുകൊണ്ടുണ്ടാവുന്ന നഷ്ടങ്ങള്‍ നോക്കിയാവരുതെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എന്തിനും ഏതിനും ആര്‍ക്കെതിരെയും കേസെടുക്കാമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്നും ഇതിനെ ഏങ്ങനെ നേരിടുമെന്ന വലിയ വെല്ലുവിളിയാണ് മാധ്യമ സമൂഹം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. കെ യു ഡബ്ല്യൂ ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കമാല്‍ വരദൂര്‍, എം വി ഫിറോസ്, വിപുല്‍നാഥ്, കെ സി റിയാസ്, സന്തോഷ് വാസുദേവ്, ജില്ലാ ട്രഷറര്‍ ഇ പി മുഹമ്മദ് പ്രസംഗിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി പി എസ് രാകേഷ് സ്വാഗതവും ബി എസ് മിഥില നന്ദിയും പറഞ്ഞു.

 

 

---- facebook comment plugin here -----

Latest