Connect with us

Travelogue

ഐ ഐ യു എമ്മിലെ അക്കാദമിക മുന്നേറ്റങ്ങൾ

മലേഷ്യയിൽ ഞങ്ങളുടെ മൂന്നാം ദിനമാണ്. ഇന്ന് ഉച്ചക്കുള്ള വിമാനത്തിൽ മലേഷ്യയുടെ വടക്ക് കിഴക്ക് ഭാഗത്തുള്ള കംബോഡിയ എന്ന രാജ്യത്തേക്കെത്തണം. അതിനു മുന്നോടിയായി മലേഷ്യയിലെ അതി പ്രശസ്തമായ സർവകലാശാലയായ ഇന്റർനാഷനൽ ഇസ്്ലാമിക് യൂനിവേഴ്‌സിറ്റി സന്ദർശിക്കേണ്ടതുണ്ട്. ഗവേഷണ വിദ്യാർഥിയായ സുഹൈൽ ഹുദവി കൂരിയാട് ഞങ്ങളെ അവിടേക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണമാണ്, പോകുന്നതിനു മുന്നെയായി അദ്ദേഹത്തെ കാണാൻ വേണ്ടി സർവകലാശാലയിലേക്ക് ഞങ്ങളെ നയിച്ചത്.

Published

|

Last Updated

മലേഷ്യയിൽ ഞങ്ങളുടെ മൂന്നാം ദിനമാണ്. ഇന്ന് ഉച്ചക്കുള്ള വിമാനത്തിൽ മലേഷ്യയുടെ വടക്ക് കിഴക്ക് ഭാഗത്തുള്ള കംബോഡിയ എന്ന രാജ്യത്തേക്കെത്തണം. അതിനു മുന്നോടിയായി മലേഷ്യയിലെ അതി പ്രശസ്തമായ സർവകലാശാലയായ ഇന്റർനാഷനൽ ഇസ്്ലാമിക് യൂനിവേഴ്‌സിറ്റി സന്ദർശിക്കേണ്ടതുണ്ട്. ഗവേഷണ വിദ്യാർഥിയായ സുഹൈൽ ഹുദവി കൂരിയാട് ഞങ്ങളെ അവിടേക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണമാണ്, പോകുന്നതിനു മുന്നെയായി അദ്ദേഹത്തെ കാണാൻ വേണ്ടി സർവകലാശാലയിലേക്ക് ഞങ്ങളെ നയിച്ചത്. ക്വാലാലംപൂർ നഗരമധ്യത്തിൽ നിന്നും മെട്രോയിൽ കയറി. അവിടുത്തേക്കുള്ള വഴിയും എങ്ങനെ യാത്ര ചെയ്യണമെന്നും സുഹൈൽ ഹുദവി ഞങ്ങൾക്ക് മാർഗനിർദേശം നൽകിയിരുന്നു. അൽപ്പ നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ ഗോംബെക്ക് എന്ന മെട്രോ സ്റ്റേഷനിൽ എത്തിച്ചേർന്നു. ഇവിടെ ഇറങ്ങാനായിരുന്നു നിർദേശം ലഭിച്ചത്. ഈ ഭാഗത്തെ മെട്രോ ലൈനിന്റെ അവസാന സ്റ്റേഷനായിരുന്നു ഗോംബെക്ക്. ഒരുപാട് മെട്രോ ട്രെയിനുകൾ അവിടെ നിറുത്തിയിട്ടിട്ടുണ്ട്. പലയിടങ്ങളിലേക്കും യാത്ര ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ മെട്രോയുടെ ഒരു പ്രധാന ഹബ്ബാണിത്.

മുസ്്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വിദ്യാഭ്യാസ ചലനങ്ങൾക്ക് നേതൃത്വം നൽകാനും മതവിഷയങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും അവഗാഹമുള്ള പുതിയൊരു തലമുറയെ വാർത്തെടുക്കാനുമായി അന്താരാഷ്ട്ര നിലവാരമുള്ളൊരു ഇസ്്ലാമിക സർവകലാശാല എന്നത് ജിദ്ദ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്്ലാമിക് കോ ഓപറേഷന്റെ ചിരകാലാഭിലാഷമായിരുന്നു. ഈയൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായാണ് 1983ൽ ഐ ഐ യു എം സ്ഥാപിതമാകുന്നത്. അന്താരാഷ്ട്ര വിദ്യാർഥികളെ ആകർഷിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളിലും അക്കാദമിക നിലവാരത്തിലുമെല്ലാം അതീവ നിഷ്‌കർഷതയാണ് തുടക്കം മുതൽ തന്നെ സർവകലാശാല പുലർത്തിപ്പോരുന്നത്. അതിനെത്തുടർന്ന് നൂറിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠനം നടത്തുന്നു. ഈ കഴിഞ്ഞ ചുരുങ്ങിയ കാലങ്ങൾക്കിടയിൽ യൂനിവേഴ്‌സിറ്റിക്ക് എഴുപതിനായിരത്തിലധികം പൂർവ വിദ്യാർഥികളുടെ വലിയൊരു നെറ്റ്‌വർക്ക് സമ്പാദിക്കാൻ സാധിച്ചിട്ടുണ്ട്.

“വിജ്ഞാനത്തിന്റെയും സുകൃതങ്ങളുടെയും ആരാമം’ ആയിത്തീരുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. നിലവിൽ ക്വാലാലംപൂർ, ഗോംബെക്ക്, കുവാന്താൻ തുടങ്ങി മലേഷ്യയിൽ മൂന്നിടങ്ങളിലായി മൂന്ന് ക്യാമ്പസുകളാണ് ഐ ഐ യു എമ്മിനുള്ളത്. ഇസ്്ലാമിക വിജ്ഞാനങ്ങൾക്കൊപ്പം വൈദ്യശാസ്ത്രം, നിയമം, എൻജിനീയറിംഗ്, മാനേജ്‌മെന്റ്, ഇസ് ലാമിക് ബേങ്കിംഗ് തുടങ്ങി ഇരുപതിലധികം വിഭാഗങ്ങൾ മൂന്ന് ക്യാമ്പസുകളിലുമായി പ്രവർത്തിക്കുന്നു. ഇവിടുത്തെ ഇസ്്ലാമിക് ബേങ്കിംഗിനെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും വളരെ പ്രശസ്തിയാർജിച്ചതാണ്. ജാമിഅ മർകസിന് ഇന്റർനാഷനൽ ഇസ്്ലാമിക് യൂനിവേഴ്‌സിറ്റിയുമായി വിദ്യാർഥി കൈമാറ്റത്തിലും ഗവേഷണത്തിലും ധാരണാ പത്രം ഒപ്പുവെച്ച ഒരു ബന്ധമുണ്ട്.

ഞങ്ങൾ ഗോംബെക്കിൽ നിന്നും ഒരു ടാക്‌സി പിടിച്ചു സർവകലാശാല ലക്ഷ്യമാക്കി യാത്ര തിരിച്ചു. കവാടത്തിനരികിൽ വെച്ച് സന്ദർശക പാസ് ലഭിച്ചു. അത് യൂനിവേഴ്‌സിറ്റി ക്യാമ്പസിലായിരിക്കെ മുഴുസമയം ധരിക്കണമെന്നുള്ള നിർദേശമുണ്ട്. ഞങ്ങൾ കഴുത്തിൽ ധരിച്ചു. ക്യാമ്പസിലേക്കുള്ള യാത്ര ഒരു കാനന വഴി പോലെ എനിക്ക് അനുഭവപ്പെട്ടു. ചുറ്റും മനോഹരമായ വലിയ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചതിനാലുള്ള ആ ഒരു പച്ചപ്പും ഇരുട്ടുമാണ് അതിനു കാരണം. ക്യാമ്പസിന് മധ്യ ഭാഗത്തായി തന്നെ മനോഹരമായ വലിയ ജലധാര സ്ഥാപിച്ചിട്ടുണ്ട്. അതിനു ചുറ്റും അറബിക് കാലിഗ്രാഫിയിലുള്ള അക്ഷരങ്ങളും ഖുർആൻ സൂക്തങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങളൊക്കെ വളരെ മനോഹരവും ഒരു പഴമ തോന്നിക്കുന്ന രീതിയിലുമാണ് നിർമിച്ചിട്ടുള്ളത്. എല്ലാ കെട്ടിടങ്ങളുടെയും മുകളിൽ ഇളം നീല നിറത്തിലുള്ള മേൽക്കൂര പണിതതിനാൽ തന്നെ സ്ഥാപന സമുച്ചയങ്ങളുടെ ആകാശ ദൃശ്യം വളരെ ഹൃദ്യമാകുമെന്നതിൽ യാതൊരു സന്ദേഹവുമില്ല. ഈ ക്യാമ്പസിന്റെ മിക്ക ചിത്രങ്ങളുടെയും വലിയൊരു ഹൈലൈറ്റ് ആ നിറം തന്നെയാണ്.

അതുപോലെ ഗ്രാജുവേഷൻ പരിപാടികളിലെ വിദ്യാർഥികളും ഇതേ നിറത്തിലാണ് വസ്ത്രം ധരിക്കുന്നത്. സ്ഥാപനങ്ങൾ ചുറ്റി ഞങ്ങൾ ക്യാമ്പസിന്റെ പ്രധാന ഭാഗത്ത് വന്നു. സുഹൈൽ ഹുദവി പെട്ടെന്ന് തന്നെ എത്തിച്ചേർന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ മലേഷ്യൻ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. കുറച്ചു വർഷങ്ങളായി അദ്ദേഹം ഇവിടെ ചെലവഴിക്കുന്നു. ഒപ്പം അദ്ദേഹത്തിന്റെ സഹധർമിണിയും അതേ ക്യാമ്പസിൽ റിസർച്ച് ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നി.

എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊണ്ട് ഞങ്ങൾ പിരിഞ്ഞു. സമയം നല്ലത് പോലെ വൈകിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകളിൽ മൂന്ന് മണിക്കൂറുകൾക്ക് മുന്നേയെങ്കിലും എയർപോർട്ടിൽ എത്തേണ്ടതുണ്ട്. അല്ലെങ്കിൽ പലർക്കും തുടർ വിമാനങ്ങൾ വരെ നഷ്ടപ്പെട്ടേക്കാം. ഞങ്ങൾക്ക് മുന്നിൽ ആകെ ഇനി മൂന്ന് മണിക്കൂറിൽ കുറഞ്ഞ സമയം മാത്രമേയുള്ളൂ. ഭയപ്പാടോടെ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു.

Latest