Uae
അബൂദബി സ്വകാര്യ സ്കൂൾ പ്രവേശന കവാടങ്ങളിൽ പ്രകടന ഫലകങ്ങൾ സ്ഥാപിക്കും
ഓരോ സ്കൂളിന്റെയും അക്കാദമിക മികവിനും ദേശീയ മൂല്യങ്ങൾക്കുമുള്ള പ്രതിബദ്ധതയുടെ സൂചനയാണ് ഈ ഫലകങ്ങൾ.

അബൂദബി| എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളുടെയും പ്രവേശന കവാടങ്ങളിൽ പ്രകടന ഫലകങ്ങൾ സ്ഥാപിക്കും. സുതാര്യതയും സമൂഹവുമായുള്ള ബന്ധവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) ആണ് ഇതിന് നിർദേശം നൽകിയിരിക്കുന്നത്. ഓരോ സ്കൂളിന്റെയും ഏറ്റവും പുതിയ ഇർതിഖ പരിശോധനാ റേറ്റിംഗും ദേശീയ ഐഡന്റിറ്റി മാർക്കും ഈ ഫലകങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കും. പ്രധാന ഗുണനിലവാര സൂചകങ്ങൾ രക്ഷിതാക്കൾക്കും സന്ദർശകർക്കും പെട്ടെന്ന് കാണാൻ സാധിക്കുമെന്ന് അഡെക് വ്യക്തമാക്കി.
ഓരോ സ്കൂളിന്റെയും അക്കാദമിക മികവിനും ദേശീയ മൂല്യങ്ങൾക്കുമുള്ള പ്രതിബദ്ധതയുടെ സൂചനയാണ് ഈ ഫലകങ്ങൾ. വിദ്യാർഥികളുടെ നേട്ടം, വ്യക്തിപരവും സാമൂഹികവുമായ വികസനം, അധ്യാപനവും വിലയിരുത്തലും പാഠ്യപദ്ധതിയുടെ ഗുണനിലവാരം, വിദ്യാർഥികളുടെ പരിചരണവും ക്ഷേമവും, നേതൃത്വ ഫലപ്രാപ്തി എന്നിവ ഉൾപ്പെടെ ആറ് മേഖലകളിലെ സ്വകാര്യ സ്കൂൾ പ്രകടനം വിലയിരുത്തുന്ന ഒരു പരിശോധനാ സംവിധാനമാണ് ഇർതിഖ റേറ്റിംഗ്. ഇമാറാത്തി സംസ്കാരം, മൂല്യങ്ങൾ, പൗരത്വം എന്നിവ സ്കൂളുകൾ അവരുടെ വിദ്യാഭ്യാസ അന്തരീക്ഷത്തിൽ എത്രത്തോളം ഉൾക്കൊള്ളുന്നു എന്ന് വിലയിരുത്തുന്ന വാർഷിക റേറ്റിംഗ് ആണ് നാഷണൽ ഐഡന്റിറ്റി മാർക്ക്.
വിവരങ്ങൾ ലഭ്യമാക്കി ഉചിതമായ തിരഞ്ഞെടുപ്പുകൾ നടത്താൻ കുടുംബങ്ങളെ ഇത് സഹായിക്കും. ഭാവിയിൽ ഈ ഫലകങ്ങളിൽ വിദ്യാർഥികളുടെയും ജീവനക്കാരുടെയും വൈകാരികവും സാമൂഹികവും ശാരീരികവുമായ ക്ഷേമം വിലയിരുത്തുന്ന ക്ഷേമ മാർക്കും ഉൾപ്പെടുത്തും.