Connect with us

National

കർണാടകയിൽ കോൺഗ്രസിന് മേൽക്കൈ പ്രവചിച്ച് എബിപി - സി വോട്ടർ അന്തിമ അഭിപ്രായ സർവേ

കോൺഗ്രസ് 110 മുതൽ 122 വരെ സീറ്റുകൾ നേടുമെന്ന് അഭിപ്രായ സർവേ; ഭരണകക്ഷിയായ ബിജെപി 73 നും 85 നും ഇടയിൽ സീറ്റുകളിൽ ഒതുങ്ങും

Published

|

Last Updated

ന്യൂഡൽഹി | കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മേൽക്കൈ പ്രവചിച്ച് എബിപി ന്യൂസിനായി സി-വോട്ടർ നടത്തിയ അന്തിമ അഭിപ്രായ വോട്ടെടുപ്പ് ഫലം. ആദ്യഘട്ട അഭിപ്രായ സർവേകളെ അപേക്ഷിച്ച് ബിജെപി നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും കോൺഗ്രസിന് തന്നെയാണ് മുൻതൂക്കം.

മേയ് 10ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 110 മുതൽ 122 വരെ സീറ്റുകൾ നേടുമെന്ന് അഭിപ്രായ സർവേ പറയുന്നു. 224 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ 113 ആണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസ് പാർട്ടിക്ക് 40.2 ശതമാനം വോട്ട് ലഭിക്കുമെന്നും സർവേ വ്യക്തമാക്കുന്നു. 2018 ലെ മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 2.2 ശതമാനം വർധനയാണ് വോട്ട് വിഹിതത്തിൽ പ്രതീക്ഷിക്കുന്നത്.

ഭരണകക്ഷിയായ ബിജെപി 73 നും 85 നും ഇടയിൽ സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പ്രവചനം. 2018ൽ 104 സീറ്റുകളാണ് ബിജെപി നേടിയിരുന്നത്. ബിജെപിയുടെ വോട്ട് വിഹിതം 36 ശതമാനമായി തുടരുരും. സി-വോട്ടർ വോട്ടെടുപ്പിന്റെ മുൻ റൗണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, സീറ്റുകളുടെയും വോട്ട് വിഹിതത്തിന്റെയും കാര്യത്തിൽ ബിജെപിക്ക് നേരിയ പുരോഗതി കാണുന്നുണ്ട്.

ജെഡിഎസ് 21 മുതൽ 29 വരെ സീറ്റുകൾ നേടും. 2018ൽ 37 സീറ്റുകളാണ് അവർ നേടിയിരുന്നത്. ജെഡി(എസ്)ന് 16.1 ശതമാനം വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. ഏകദേശം 2 ശതമാനം കുറവാണ് ഇത് കാണിക്കുന്നത്.

കർണാടക നിയമസഭയിലേക്ക് 32 എംഎൽഎമാരെ അയക്കുന്ന ഗ്രേറ്റർ ബെംഗളൂരു മേഖല ഒഴികെ, സംസ്ഥാനത്തെ മറ്റെല്ലാ മേഖലകളിലും കോൺഗ്രസ് ബിജെപിയേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്ന് അഭിപ്രായ സർവേ വ്യക്തമാക്കുന്നു.

ജെഡി(എസ്)ന്റെ ശക്തികേന്ദ്രമായ ഓൾഡ് മൈസൂരു മേഖലയിൽ 2018ലെ 17 ശതമാനത്തിൽ നിന്ന് ഇത്തവണ 25 ശതമാനത്തിലേറെയായി ബിജെപിയുടെ വോട്ട് വിഹിതം ഗണ്യമായി വർധിപ്പിക്കുമെന്നതും കൗതുകകരമാണ്. എന്നാൽ ഇത് ത്രികോണ പോരാട്ടത്തിൽ കലാശിക്കുന്നത് കോൺഗ്രസിന് സഹായകമാകുമെന്നാണ് സൂചന.

മെയ് 10 ന് ഒറ്റ ഘട്ടമായാണ് കർണാടകയിൽ തിരഞ്ഞെടുപ്പ്. ഫലം മെയ് 13 ന് പ്രഖ്യാപിക്കും.

Latest