Connect with us

literature

ഓർമകളുടെ തടവറയിൽ ഒരെഴുത്തുകാരൻ...

1965ൽ വിയന്നയിൽവെച്ചാണ് പാത്രിക്ക് മൊദിയാനോ ആദ്യ പുസ്തകത്തിന്റെ രചന തുടങ്ങിയത്. എഴുത്തുകാരനായ ഒരധ്യാപകനാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കാൻ തന്നെ സഹായിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

2014 ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച ഫ്രഞ്ച് എഴുത്തുകാരനാണ് പാത്രിക്ക് മൊദിയാനോ. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ബാലസാഹിത്യകാരൻ എന്നീ നിലകളിൽ ഫ്രാൻസിന്റെ അക്ഷരലോകത്ത് നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. നാൽപ്പതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുള്ള മൊദിയാനോ മുപ്പതിലേറെ ഭാഷകളിൽ വായിക്കപ്പെടുന്ന എഴുത്തുകാരനാണ്. നൊബേൽ സമ്മാനം ലഭിച്ചതിനു ശേഷമാണ് അദ്ദേഹം ആഗോളതലത്തിൽ ഏറെ ശ്രദ്ധേയനാകുന്നത്.

ഴാങ് പാത്രിക്ക് മൊദിയാനോ 1945 ജൂലൈ 30 ന് പടിഞ്ഞാറൻ പാരീസിലെ ബുളോൺ പ്രവിശ്യയിലാണ് ജനിച്ചത്. അച്ഛൻ ആൽബർ മൊദിയാനോ ജൂത വംശജനായിരുന്നു. ബെൽജിയൻ അഭിനേത്രിയായിരുന്നു അമ്മ. നാസികളുടെ ജൂതവേട്ടയിൽനിന്നും രക്ഷപ്പെടാനായി അച്ഛൻ പലപ്പോഴും ഒളിവിലാണ് കഴിഞ്ഞിരുന്നത്. പിന്നീട് മാതാപിതാക്കൾ വേർപിരിഞ്ഞതോടെ അമ്മയുടെ മാതാപിതാക്കളാണ് മൊദിയാനോയേയും ഇളയ സഹോദരനേയും വളർത്തിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശൈശവം തീർത്തും വർണരഹിതവുമായിരുന്നു. 1957ലെ സഹോദരന്റെ ആകസ്മികമരണം മൊദിയാനോയുടെ ശൈശവത്തെ കൂടുതൽ ദുഃഖാർദ്രമാക്കിയ സംഭവമായിരുന്നു.

1965ൽ വിയന്നയിൽവെച്ചാണ് പാത്രിക്ക് മൊദിയാനോ ആദ്യ പുസ്തകത്തിന്റെ രചന തുടങ്ങിയത്. എഴുത്തുകാരനായ ഒരധ്യാപകനാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കാൻ തന്നെ സഹായിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 1968 ൽ ഫ്രഞ്ച് ഭാഷയിൽ ആദ്യ നോവൽ (The Star’s Place) പ്രസിദ്ധീകരിച്ചു. നാസികളുടെ ജൂതവേട്ടയുടെ കഥ പറയുന്ന ഈ നോവൽ അക്കാലത്ത് ജൂതന്മാർ അടയാളചിഹ്നമായി മഞ്ഞ നക്ഷത്രം ധരിക്കണമെന്ന നാസികളുടെ കൽപ്പനയും തുടർന്ന് ജൂതർക്കുനേരെയുണ്ടായ ക്രൂരതകളെയുമാണ് ആവിഷ്കരിക്കുന്നത്. 1969 ൽ രണ്ടാമത്തെ നോവൽ Night Rounds പുറത്തിറങ്ങി. മൂന്നാമത്തെ നോവൽ Ring Roads 1972 ൽ വെളിച്ചം കണ്ടു. A Trace of Malice, Suspended Sentences, Flowers of Ruin, Out of the Dark, The Horizon, Honeymoon, The Night Watch, Sleep of Memory എന്നിവയാണ് ഈ എഴുത്തുകാരന്റെ മറ്റു പ്രധാന പുസ്തകങ്ങൾ. മൊദിയാനോയുടെ ഏറെ പ്രശസ്തമായ രചനയാണ്‌ Missing Person. 1978 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ ഏറെക്കുറെ ഒരു ത്രില്ലറിന്റെ ശൈലിയിലാണ് എഴുതിയിരിക്കുന്നത്. സ്വന്തം അസ്തിത്വം തേടുന്ന ഒരാളുടെ കഥ പറയുന്ന നോവൽ ഫ്രാൻസിലെ പ്രിക്‌സ്ഗോൺ കോർട്ട് ലിറ്റററി അവാർഡ് നേടുകയുണ്ടായി. മൊദിയാനോയുടെ ഏറ്റവും പുതിയ പുസ്തകം – Invisible Ink ഓർമകളുടെയും മിഥ്യാഭാവനകളുടെയും വിസ്മയകരമായ ഒരക്ഷരാവിഷ്കാരമാണ്.

ആത്മകഥയുടെയും ചരിത്രാഖ്യായികയുടെയും സമ്മിശ്ര ചേരുവകളാണ് പാത്രിക്ക് മൊദിയാനോയുടെ രചനകളെ സവിശേഷമായ വായനാനുഭവമാക്കുന്നത്. ജൂത സ്വത്വം, നാസി അധിനിവേശം എന്നിവയാണ് അവ പ്രധാനമായും ആവിഷ്കരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധവും ഫ്രാൻസിലെ നാസി അധിനിവേശവും സൃഷ്ടിച്ച കെടുതികളിൽ ജീവിതം നരകതുല്യമായ ജൂതരുൾപ്പെടെയുള്ള സാധാരണക്കാരായ ജനങ്ങളുടെ സംത്രാസങ്ങളെ യഥാതഥമായി അവതരിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക രചനകളും. ലളിതമായ ഭാഷയും ശുദ്ധവും ഋജുവുമായ ശൈലിയും മൊദിയാനോയുടെ രചനകളുടെ ആഖ്യാനപരമായ സവിശേഷതകളാണ്. ചെറിയ വാചകങ്ങളിൽ ഡിറ്റക്റ്റീവ് നോവലുകളുടെ ശൈലിയിലാണ് മിക്ക രചനയും എഴുതിയിട്ടുള്ളതെങ്കിലും അതിനുമപ്പുറമുള്ള മനുഷ്യജീവിതത്തിന്റെ സങ്കീർണതകളിലേക്കാണ് അവ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതെന്നു കാണാം.

പാരീസിനെക്കുറിച്ചുള്ള ഓർമകളുടെ തടവുകാരനാണ് താനെന്നാണ് പാത്രിക്ക് മൊദിയാനോ സ്വയം വിശേഷിപ്പിക്കുന്നത്. നോവലുകളിൽ അദ്ദേഹം പാരീസിലെ വിവിധ പ്രദേശങ്ങളുടെ ചിത്രങ്ങൾ സമൃദ്ധമായി ഉപയോഗിക്കുന്നു. പാരീസിന്റെ തെരുവീഥികളിലൂടെ പല തവണ അലഞ്ഞുതിരിഞ്ഞിട്ടുള്ള എഴുത്തുകാരന് ആ നഗരം ഇപ്പോഴും നൽകിയത് ആവേശവും ഗൃഹാതുരത്വവുമാണ്. ആ കാഴ്ചകളും ഓർമകളും തന്റെ രചനകളുടെ ആഖ്യാനത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പലപ്പോഴും എടുത്തുപറഞ്ഞിട്ടുണ്ട്. ഒരഭിമുഖത്തിൽ ഏറ്റവും പ്രിയപ്പെട്ട തന്റെ രചനയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഏറെ കൗതുകകരവും അതിലേറെ ചിന്തോദ്ധീപകവുമാണ് : ” എന്റെ പുസ്തകങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്നു ചോദിച്ചാൽ ഞാൻ വിഷമിച്ചു പോവുകയേ ഉള്ളൂ. സത്യത്തിൽ ഓരോ പുസ്തകം എഴുതുമ്പോഴും ഞാൻ കരുതുന്നത് അതെല്ലാം ഒരൊറ്റ പുസ്തകം തന്നെയാണെന്നാണ്. കഴിഞ്ഞ നാൽപ്പത്തഞ്ച് വർഷമായി ഒരേ പുസ്തകം തന്നെ എഴുതിക്കൊണ്ടിരിക്കുകയാണ് ഞാൻ; തുടർച്ചയല്ലാതെ പല പേരുകളിലാണെന്നു മാത്രം…’

Latest