Connect with us

Kerala

തട്ടിപ്പു കേസില്‍ ജാമ്യമെടുത്ത ശേഷം മുങ്ങിയ യുവതി അറസ്റ്റില്‍

ചെന്നീര്‍ക്കര പ്രക്കാനം പാലമൂട്ടില്‍ വീട്ടില്‍ താമസിച്ചിരുന്ന രേഖ പി ഹരി (44)യെയാണ് ആറന്മുള പോലീസ് എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | തട്ടിപ്പു കേസില്‍ ജാമ്യമെടുത്ത ശേഷം മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നീര്‍ക്കര പ്രക്കാനം പാലമൂട്ടില്‍ വീട്ടില്‍ താമസിച്ചിരുന്ന രേഖ പി ഹരി (44)യെയാണ് ആറന്മുള പോലീസ് എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തത്. നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണ് രേഖയെന്ന് പോലീസ് പറഞ്ഞു.

2013 ല്‍ ഇലന്തൂര്‍ സ്വദേശിനിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോടതിയില്‍ നിന്ന് ജാമ്യമെടുത്ത ശേഷം കേസിന്റെ തുടര്‍ നടപടികള്‍ക്ക് ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു പ്രതി. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി കോടതി സ്വീകരിച്ചു വരുമ്പോഴാണ് എറണാകുളത്ത് താമസിച്ച് ഇവര്‍ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചത്. തഴവ സ്വദേശിയായ ഇവര്‍ രേഖ പി, രേഖ എന്നീ പേരുകളില്‍ മുമ്പും വിവിധ സ്ഥലങ്ങളില്‍ താമസിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. പത്തനംതിട്ട, തുമ്പ, ഓച്ചിറ, ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. രണ്ടു വര്‍ഷമായി എറണാകുളത്തെ ഫ്ളാറ്റിലാണ് താമസം.

ഇന്‍ഫോ പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു രണ്ടരക്കോടിയോളം രൂപ ആളുകളില്‍ നിന്ന് തട്ടിയെടുത്തതിന് തൃക്കാക്കര പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറന്മുള പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി കെ മനോജിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ എ മുബാറക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രേഖയെ എറണാകുളത്തു നിന്നും പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest