Connect with us

Kuwait

കുവൈത്തില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു; മാര്‍ച്ച് 17 മുതല്‍ പ്രാബല്യത്തില്‍

അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനോ പിഴയടച്ചു രേഖകള്‍ നിയമപരമാക്കുന്നതിനോ അവസരമൊരുക്കിക്കൊണ്ടാണ് മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെ പൊതു മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മാര്‍ച്ച് 17 മുതല്‍ പ്രാബല്യത്തില്‍ വരും. അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനോ പിഴയടച്ചു രേഖകള്‍ നിയമപരമാക്കുന്നതിനോ അവസരമൊരുക്കിക്കൊണ്ടാണ് മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെ പൊതു മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

കുവൈത്തില്‍ ആകെ ഒരു 1,30,000ത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് കണക്ക്. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാന്‍ അനുവദിച്ച സമയത്തിനുള്ളില്‍ കഴിയും. ഇത്തരക്കാര്‍ക്ക് പുതിയ വിസയില്‍ കുവൈത്തിലേക്കു തിരികെവരുന്നതിനും തടസ്സമുണ്ടാവില്ല. രാജ്യം വിടാന്‍ താത്പര്യമില്ലാത്തവര്‍ക്ക് പിഴ അടച്ചു താമസരേഖ നിയമ വിധേയമാക്കുവാനും സാധിക്കും. 600 ദിനാര്‍ ആയിരിക്കും പരമാവധി പിഴയടയ്‌ക്കേണ്ടത്.

അതേസമയം, ക്രിമിനല്‍, സാമ്പത്തിക കുറ്റ കൃത്യങ്ങളില്‍ അകപ്പെട്ടു രാജ്യത്ത് യാത്രാ വിലക്കുള്ളവര്‍ക്ക് അവരുടെ കേസില്‍ തീര്‍പ്പുണ്ടാകുന്ന മുറയ്ക്ക് മാത്രമേ രാജ്യം വിടാന്‍ അവസരമുണ്ടാവുകയുള്ളൂ. ഇതിനായി ഇവര്‍ താമസകാര്യ വിഭാഗത്തിന്റെ പ്രത്യേക അനുമതിയും വാങ്ങണം. പുതിയ തീരുമാനം രാജ്യത്തെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനു മുമ്പ് 2020 ഏപ്രില്‍ മാസത്തിലാണ് കുവൈത്തില്‍ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.

 

Latest