Connect with us

Editorial

മലയോര മേഖലക്ക് ആശ്വാസം

പ്രകൃതിയേയും വന്യമൃഗങ്ങളേയും സംരക്ഷിക്കേണ്ടതു തന്നെ. അതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യത്തോടെ സംരക്ഷക്കപ്പെടേണ്ടതാണ് ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പു നല്‍കുന്ന പൗരന്റെ ജീവിക്കാനുള്ള അവകാശം. വനസംരക്ഷണത്തെ ചൊല്ലി മലയോര മേഖലക്കാരെ കുടിയിറക്കുന്നത് ന്യായീകരിക്കാവതല്ല.

Published

|

Last Updated

സംസ്ഥാനത്തെ മലയോര നിവാസികള്‍ക്ക് ആശ്വാസമേകുന്നതാണ് ബഫര്‍ സോണ്‍ സംബന്ധിച്ച ബുധനാഴ്ചത്തെ സുപ്രീം കോടതി വിധി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ബഫര്‍ സോണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കയാണ് കോടതി. കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമെ, ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ഡ്രാഫ്റ്റ് നോട്ടിഫിക്കേഷനു അംഗീകാരം നല്‍കിയിരിക്കുന്നു ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രംനാഥ്, സഞ്ജയ് കരോള്‍ എന്നിവരങ്ങുന്ന കോടതി ബഞ്ച്. ഇതോടെ ഖനനമൊഴികെയുള്ള കാര്യങ്ങളില്‍ 2022 ജൂണ്‍ മൂന്നിലെ കോടതി ഉത്തരവിനു മുമ്പുള്ള അവസ്ഥയിലേക്ക് നിയന്ത്രണങ്ങള്‍ മാറും.
സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന ഭൂഭാഗമാണ് ബഫര്‍ സോണ്‍. 2022 ജൂണ്‍ മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ബഫര്‍ സോണ്‍ മേഖലയില്‍ വികസന, നിര്‍മാണ പ്രവര്‍ത്തനങ്ങളും ഖനനവും പൂര്‍ണമായും നിരോധിക്കുകയുണ്ടായി. തമിഴ്‌നാട്ടിലെ നീലഗിരി വനഭൂമികള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ സ്വദേശി ടി എന്‍ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരങ്ങിയ ബഞ്ചിന്റെ ഈ വിധിപ്രസ്താവം. 1995ലാണ് ഗോദവര്‍മന്‍ ഹരജി സമര്‍പ്പിച്ചത്. 2016ല്‍ അദ്ദേഹം മരിച്ചെങ്കിലും ഹരജിയുമായി സുപ്രീംകോടതി മുന്നോട്ടു പോവുകയായിരുന്നു. 2022ലെ കോടതി ഉത്തരവനുസരിച്ചു ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണവും ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണവും വാണിജ്യ അടിസ്ഥാനത്തിലുളള കോഴിഫാം, മര- വ്യവസായ ശാലകളും പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല ബഫര്‍ സോണില്‍. സംസ്ഥാന സര്‍ക്കാറിന്റെ അനുവാദമില്ലാതെ സ്വകാര്യ, റവന്യൂ ഭൂമിയില്‍ നിന്ന് മരം വെട്ടുകയും അരുത്. നിലവില്‍ ഈ മേഖലയില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരണമെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതി വാങ്ങുകയും വേണം.

സുപ്രീം കോടതിയുടെ പുതിയ ഇളവ് അനുസരിച്ചു കെട്ടിടനിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, കൃഷി തുടങ്ങിയവക്കു തടസ്സമില്ല. അന്തിമ, കരടു വിജ്ഞാപനമിറങ്ങിയതോ സര്‍ക്കാറിന്റെ പരിഗണനയിലുള്ളതോ ആയ വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഇനി ബഫര്‍ സോണ്‍ നിയന്ത്രണം ബാധകമാകില്ല. 17 വന്യജീവി സങ്കേതങ്ങളും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുമാണ് കേരളത്തിലുള്ളത്. സംസ്ഥാനാന്തര അതിര്‍ത്തിയിലുള്ള സംരക്ഷിതമേഖലകള്‍ക്കും ഒരേ അതിര്‍ത്തി പങ്കിടുന്നവക്കും 2022 ജൂണ്‍ മൂന്നിലെ വിധി ബാധകമാകില്ലെന്നും ബുധനാഴ്ചത്തെ ഉത്തരവില്‍ പറയുന്നു. അതേസമയം ബഫര്‍ സോണിലെ പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി നല്‍കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മെയ് 17നു പുറത്തിറക്കിയ മുന്‍കൂര്‍ അനുമതി തേടുന്നതുമായി ബന്ധപ്പെട്ട നിബന്ധന പാലിക്കേണ്ടതുണ്ട്.

ബഫര്‍ സോണ്‍ ദൂരപരിധിയില്‍ ഇളവ് തേടി കേരളമടക്കം പല സംസ്ഥാനങ്ങളും കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. വയനാട്, ഇടുക്കി കുമളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങി കേരളത്തിലെ മലയോര മേഖലാ വാസികള്‍ക്കിടയില്‍ 2022 ജൂണ്‍ മൂന്നിലെ വിധി അരക്ഷിതാവസ്ഥ സൃഷ്ടിച്ചതായും സ്ഥലലഭ്യത കുറവായതിനാല്‍ പരിസ്ഥിതി ലോലമേഖല എന്ന പേരില്‍ കേരളത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധ്യമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേരളത്തിലെ മൂന്നരലക്ഷത്തോളം ഏക്കര്‍ വരുന്ന പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 115 വില്ലേജുകള്‍ ഇതിന്റെ പരിധിയില്‍ വരും. ബഫര്‍ സോണുമായി ബന്ധപ്പെട്ട കര്‍ശന നിയന്ത്രണങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വറും കേന്ദ്ര സര്‍ക്കാറിനുവേണ്ടി അഡീഷനല്‍ സോളിസിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയും കോടതിയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതൊക്കെ പരിഗണിച്ചാണ് സുപ്രീം കോടതി ഇളവ് അനുവദിച്ചത്.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും സമീപത്തെ ബഫര്‍ സോണില്‍ ഖനനംപോലുള്ള പ്രവര്‍ത്തനങ്ങളുടെ നിരോധനമാണ് സുപ്രീം കോടതി നേരത്തേ തന്നെ ലക്ഷ്യമിട്ടത്. വിധിപ്രസ്താവം തയ്യാറാക്കുമ്പോള്‍ പുതിയ നിര്‍മാണം വിലക്കുന്ന പരാമര്‍ശം വന്നതാണ് പ്രശ്‌നമായത്. കേസില്‍ കേരളത്തിന്റെ വാദം കേള്‍ക്കുന്നിതിനിടെ ജസ്റ്റിസ് ബി ആര്‍ ഗവായ് തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് എല്ലായിടത്തും ഒരേപോലെ നടപ്പാക്കാന്‍ സാധിക്കാത്തതാണ് ബഫര്‍ സോണ്‍ നിയന്ത്രണങ്ങള്‍. പ്രകൃതിപരമായും മറ്റും വ്യത്യസ്തമാണ് സംസ്ഥാനങ്ങളും രാജ്യത്തെ ഭൂപ്രദേശങ്ങളും. ആകെ ഭൂവിസ്തൃതിയുടെ 21.71 ശതമാനമാണ് ഇന്ത്യയുടെ വനവിസ്തൃതിയെങ്കില്‍ കേരളത്തിന്റെത് 29.65 ശതമാനം വരും. 11,521. 813 സ്‌ക്വയര്‍ കിലോമീറ്റര്‍ വനപ്രദേശമുണ്ട് കേരളത്തിന്. സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ പകുതിയിലധികം ഹരിതാവരണവുമാണ്. കൊച്ചിയില്‍ മംഗളവന പക്ഷി സങ്കേതത്തിന് 200 മീറ്റര്‍ മാത്രം ദൂരത്തിലാണ് കേരള ഹൈക്കോടതി സമുച്ചയം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഉയര്‍ന്ന ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ഇവിടെ പ്രായോഗികമല്ലെന്നും സീറോ ബഫര്‍ സോണാണ് അഭികാമ്യമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടതുമാണ്.

പ്രകൃതിയേയും വന്യമൃഗങ്ങളേയും സംരക്ഷിക്കേണ്ടതു തന്നെ. അതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യത്തോടെ സംരക്ഷക്കപ്പെടേണ്ടതാണ് ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പു നല്‍കുന്ന പൗരന്റെ ജീവിക്കാനുള്ള അവകാശം. വനസംരക്ഷണത്തെ ചൊല്ലി മലയോര മേഖലക്കാരെ കുടിയിറക്കുന്നത് ന്യായീകരിക്കാവതല്ല. വനമേഖലയിലും മലയോര പ്രദേശങ്ങളിലും ആവാസ വ്യവസ്ഥക്കു ഹാനികരമാകുന്നതോ വന്യജീവികള്‍ക്കു ദോഷകരമോ ആയ പ്രവര്‍ത്തനങ്ങള്‍ ആരെങ്കിലും നടത്തിയാല്‍ അത് തടയുന്നതിനാവശ്യമായ നിയമങ്ങള്‍
നിലവിലുണ്ട്.

---- facebook comment plugin here -----

Latest