Connect with us

Siraj Article

നോര്‍ക്കക്ക് കാല്‍ നൂറ്റാണ്ട്

യൂറോപ്പിലെ മികച്ച തൊഴില്‍ കുടിയേറ്റ കേന്ദ്രങ്ങളിലൊന്നും ലോകത്തിലെ ഏറ്റവും ശക്തമായ വ്യാവസായികവത്കൃത രാജ്യവുമായ ജര്‍മനിയുമായി ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍തല റിക്രൂട്ട്‌മെന്റിന് കേരള സര്‍ക്കാറിന് വേണ്ടി കരാര്‍ ഒപ്പിട്ടതിന്റെ നിറവിലാണിപ്പോള്‍ നോര്‍ക്ക റൂട്ട്‌സ്

Published

|

Last Updated

നോര്‍ക്ക രൂപവത്കൃതമായി ഇന്നേക്ക് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. പ്രവാസ പരിപാലനത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ഈ അവസരത്തില്‍ കേരളവും പ്രവാസ സമൂഹവുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. യൂറോപ്പിലെ മികച്ച തൊഴില്‍ കുടിയേറ്റ കേന്ദ്രങ്ങളിലൊന്നും ലോകത്തിലെ ഏറ്റവും ശക്തമായ വ്യാവസായികവത്കൃത രാജ്യവുമായ ജര്‍മനിയുമായി ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍തല റിക്രൂട്ട്‌മെന്റിന് കേരള സര്‍ക്കാറിന് വേണ്ടി കരാര്‍ ഒപ്പിട്ടതിന്റെ നിറവിലാണിപ്പോള്‍ നോര്‍ക്ക റൂട്ട്‌സ്. നോര്‍ക്കക്ക് രൂപം നല്‍കുമ്പോള്‍ ഉണ്ടായിരുന്ന പല സങ്കല്‍പ്പങ്ങളും ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നു.

നോര്‍ക്കക്ക് മൂന്ന് ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു- വിജയകരവും സുരക്ഷിതവുമായി പ്രവാസത്തിന് യാത്രികനെ/യാത്രികയെ സജ്ജമാക്കുക, ചെന്നെത്തുന്ന നാട്ടില്‍ നേരിടാനിടയുള്ള പ്രതിസന്ധികളില്‍ ഒപ്പമുണ്ടാവുക, തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസം ഒരുക്കുക. ഇവ മൂന്നും പരസ്പരബന്ധിതമായ പ്രക്രിയയുടെ ഭാഗമെന്നതിനാല്‍ തന്നെ മൂന്നിനും ഏതാണ്ട് തുല്യപരിഗണന തന്നെ നല്‍കുകയും ചെയ്തു. തിരിച്ചെത്തിയ ശേഷം സ്വയം സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനമുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രവാസികളെ പിന്തുണക്കാന്‍ നോര്‍ക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് പദ്ധതി നേരത്തേ നിലവിലുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 450ഓളം സംരംഭങ്ങള്‍ക്ക് സഹായം ലഭ്യമാക്കി. എട്ട് കോടിയോളം രൂപ വിതരണം ചെയ്തു.
പ്രവാസ ലോകത്തുള്ളവര്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ള സമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ പ്രവാസികള്‍ മുന്നോട്ടു വരണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. കേവലം 315 രൂപക്ക് പ്രവാസി തിരിച്ചറിയന്‍ കാര്‍ഡ് ലോകത്തെവിടെ നിന്നും നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി തന്നെ സ്വന്തമാക്കാവുന്നതാണ്.

വിദേശത്ത് പ്രവാസികള്‍ക്ക് നിയമസഹായത്തിനായി പ്രവര്‍ത്തിച്ചുവരുന്ന പ്രവാസി ലീഗല്‍ എയ്ഡ് സെല്ലുകള്‍, പരാതികള്‍ അറിയിക്കുന്നതിനും സംശയനിവാരണത്തിനും ബന്ധപ്പെടാവുന്ന 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കോണ്‍ടാക്ട് സെന്റര്‍ എന്നിവ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. അതോടൊപ്പം വിദേശത്ത് ലേബര്‍ ക്യാമ്പുകളിലടക്കം പണിയെടുക്കുന്നവരുടെ പരിപാലനത്തിനായി പുതിയ പദ്ധതികള്‍ നടപ്പാക്കുന്ന കാര്യവും പരിഗണിക്കും. കൊവിഡിനു ശേഷം ആഗോളതലത്തില്‍ തൊഴില്‍ മേഖലയിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പരമാവധി സാധ്യതകള്‍ കണ്ടെത്താനുള്ള എല്ലാ നടപടികളും നോര്‍ക്ക കൈക്കൊള്ളും. പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്കായി ജോബ് ഫെയറുകള്‍ നടപ്പാക്കാനും നോളജ് മിഷനുമായി സഹകരിച്ച് ഓവര്‍സീസ് എംപ്ലോയേഴ്സിനെ കേരളത്തിലേക്ക് കൊണ്ടുവരാനും ശ്രമിക്കും.

സംരംഭകത്വം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്നതും പരിഗണനയിലാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അറിവുകള്‍ കേരളത്തിലേക്ക് വിന്യസിപ്പിക്കാന്‍ വേണ്ടുന്ന സോഷ്യല്‍ ഹാക്കത്തോണ്‍ നമ്മുടെ ലക്ഷ്യമാണ്. മഹാമാരിക്കു ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ലോകത്ത് പ്രവാസി മലയാളിയുടെ സ്ഥാനം കൂടുതല്‍ ഉയരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഉണ്ടാകേണ്ടത്.

നോര്‍ക്ക റൂട്ട്സ്, റസിഡന്റ് വൈസ് ചെയര്‍മാന്‍

Latest