National
ഔറംഗാബാദില്‍ പ്രവര്‍ത്തിക്കുന്ന ടെയ്‌ലറിങ് ഷോപ്പില്‍ വന്‍ തീപിടിത്തം; ഏഴ് മരണം
രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുള്‍പ്പെടുന്നു.
പൂനെ| മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടെയ്‌ലറിങ് ഷോപ്പില്‍ വന്‍ തീപിടിത്തം. തീപ്പിടിത്തത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏഴ് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്.
കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടെയ്‌ലറിങ് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. പിന്നീട് മറ്റിടങ്ങളിലേക്കും തീ വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്നവരാണ് മരിച്ചത്. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുള്‍പ്പെടുന്നു. പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
നിലവില്‍ കെട്ടിടത്തിലെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.







