Connect with us

kodiyeri Balakrishnan

പേരില്‍തന്നെ വിപ്ലവം കൊടിയേറിയ നേതാവ്

പേരില്‍ തന്നെ വിപ്ലവത്തിന്റെ കൊടിക്കൂറ പാറുന്ന ആവേശം അദ്ദേഹം കാത്തു സൂക്ഷിച്ചു. ചെങ്കൊടി ഹൃദയത്തിലാണെങ്കില്‍ ശുഭ്രവസ്ത്രവും പ്രസന്ന ഭാവവും തന്നെയായിരുന്നു ജനങ്ങള്‍ക്കു പ്രിയങ്കരനായിരുന്ന ആ കമ്യൂണിസ്റ്റിന്റെ മുഖമുദ്ര.

Published

|

Last Updated

കോഴിക്കോട് | അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും കൊടിയ വേദനകളാല്‍ ആന്തരികാവയവങ്ങള്‍ തളര്‍ത്തുമ്പോലും മുഖത്തെ പേശികളില്‍ നോവിന്റെ ലാഞ്ചനപോലും പ്രകടിപ്പിക്കാതെ പടനയിച്ച ധീര വിപ്ലവകാരിയാണു വിടവാങ്ങുന്നത്. പേരില്‍ തന്നെ വിപ്ലവത്തിന്റെ കൊടിക്കൂറ പാറുന്ന ആവേശം അദ്ദേഹം കാത്തു സൂക്ഷിച്ചു. ചെങ്കൊടി ഹൃദയത്തിലാണെങ്കില്‍ ശുഭ്രവസ്ത്രവും പ്രസന്ന ഭാവവും തന്നെയായിരുന്നു ജനങ്ങള്‍ക്കു പ്രിയങ്കരനായിരുന്ന ആ കമ്യൂണിസ്റ്റിന്റെ മുഖമുദ്ര.

പ്രതിസന്ധികള്‍ ആ കര്‍മപഥത്തെ ഉലച്ചില്ല. വ്യക്തിപരമായ ആത്മ സംഘര്‍ഷങ്ങള്‍, പാര്‍ട്ടിയെയും സര്‍ക്കാറിനേയും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്ന മാധ്യമ വിചാരണകള്‍, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നെട്ടോട്ടം, അതിനപ്പുറം കാന്‍സര്‍ കടിച്ചു കീറുന്ന വേദന…. ആരും തളര്‍ന്നുപോകാവുന്ന ഇത്തരം ഘട്ടത്തില്‍ പോലും ഒരു വിപ്ലവകാരിയുടെ വീറോടെ കോടിയേരി നെഞ്ചുവിരിച്ചു നിന്നു പാര്‍ട്ടിയെ നയിച്ചു.

രോഗ മൂര്‍ഛയാല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു കുറച്ചുനാള്‍ മാറിനില്‍ക്കേണ്ടിവന്ന സമയത്ത് കോടിയേരിക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നു ചിന്തിച്ചവര്‍ ഏറെയുണ്ടായിരുന്നു. അത്തരം പ്രവചനങ്ങളെയെല്ലാം വിസ്മയിപ്പിച്ചുകൊണ്ടു പഴയ അതേ പ്രസന്നതയോടെ അന്നേഹം തിരിച്ചെത്തി.

രോഗത്തേയും വിവാദങ്ങളേയുമെല്ലാം പടിക്കു പുറത്തുനിര്‍ത്തിയാണ് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക് അദ്ദേഹം മൂന്നാം തവണയും കടന്നുവന്നത്. ഭരണവും പാര്‍ട്ടിയും തമ്മില്‍ കൂട്ടിയിണക്കാന്‍ കോടിയേരി തന്നെ വേണമെന്നുറപ്പുള്ളതിനാല്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതി രണ്ടാമതൊന്ന് ആലോചിക്കാതെ കോടിയേരിയുടെ പേര്‍ വിളിച്ചു പറഞ്ഞു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ അക്കമിട്ടു നടപ്പാക്കി വികസനത്തിന് ഊന്നല്‍ നല്‍കി ഭരണചക്രം തിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനു പിന്നില്‍ പാര്‍ട്ടിയെ അണിനിരത്തുകയെന്ന കടമയാണു മൂന്നാംതവണയും സെക്രട്ടറിയായ കോടിയേരിക്കു നിര്‍വഹിക്കാനുണ്ടായിരുന്നത്.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് സിപിഎമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോ വരെയെത്തിയ കോടിയേരിയുടെ ജീവിതം പോരാട്ടത്തിന്റേതായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് 16 മാസം ജയില്‍വാസം അനുഭവിച്ചു. പിണറായി വിജയനോടൊപ്പമായിരുന്നു കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞത്. ആ സൗഹൃദം പിണറായിയെയും കോടിയേരിയെയും ഏറ്റവും പ്രിയപ്പെട്ട സഖാക്കളാക്കി മാറ്റി.

1994ല്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലും 2002ല്‍ കേന്ദ്ര കമ്മിറ്റിയിലും എത്തിയ കോടിയേരി പൊളിറ്റ്ബ്യൂറോ അംഗമാകുന്നത് 2008ല്‍ ആണ്. 2015ല്‍ സി പി എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ വീണ്ടും സെക്രട്ടറിയായെങ്കിലും 2020 നവംബറില്‍ താല്‍ക്കാലികമായി മാറിനിന്നു.

ഈങ്ങയില്‍പീടിക ബ്രാഞ്ച് സെക്രട്ടറിയായി പാര്‍ട്ടിയില്‍ സജീവമായ അദ്ദേഹം ബിരുദ വിദ്യാര്‍ഥിയായിരിക്കെ, 20ാം വയസ്സില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. ആറു വര്‍ഷം സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും പാര്‍ലമെന്ററി രംഗത്തും അദ്ദേഹം ഒരുപോലെ ശോഭിച്ചു. അഞ്ചു തവണ നിയമസഭാംഗമായ കോടിയേരി 2006ലെ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്