Connect with us

book review

ചരിത്രങ്ങൾ ചേർത്തുവെച്ച പ്രയാണം

പന്തലായനിയുടെ പാരമ്പര്യം, സമസ്തയുടെ പുനഃസംഘടന, മർകസിന്റെ ഉദ്ഭവും വളർച്ചയും, വിദ്യാഭ്യാസ ബോർഡിന്റെ മുന്നേറ്റം, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ ശാക്തീകരണം തുടങ്ങി വളരെ പ്രധാനപ്പെട്ട ചരിത്രങ്ങൾ സയ്യിദ് അലി ബാഫഖി തങ്ങളുടെയും ചരിത്രമാണ്. കേരളത്തിലെ മത സാമൂഹിക രാഷ്ട്രീയത്തിലെ നിർണായകമായ പല ഘട്ടങ്ങളിലൂടെയും ഈ ചരിത്രപുസ്തകം കടന്നുപോകുന്നുണ്ട്.

Published

|

Last Updated

ലയാളികൾക്ക് ഏറെ സുപരിചിതമായ പ്രവാചക കുടുംബമാണ് ബാഫഖീഹ്. യമനിലെ തരീമില്‍ നിന്നും പതിനെട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് ബാഫഖി കുടുംബം കേരളത്തിലെത്തിയത്. വ്യാപാര വ്യവസായ രംഗത്ത് പ്രമുഖരായിരുന്നു അവർ. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വൈജ്ഞാനിക ചരിത്രത്തിലെ ഇതിഹാസ നായകനായിരുന്ന സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെ കുടുംബത്തിൽ നിന്നും വിജ്ഞാനം കൊണ്ടും വിനയം കൊണ്ടും തലയെടുപ്പോടെ തിളങ്ങിനിൽക്കുന്ന സയ്യിദ് അലി ബാഫഖി തങ്ങളാണ് ബാഫഖീഹ് കുടുംബത്തിന്റെ ഇപ്പോഴത്തെ കാരണവർ.

സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ഉപാദ്ധ്യക്ഷനും സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും ജാമിഅ മർകസിന്റെയും പ്രസിഡന്റുമാണ് സയ്യിദവർകൾ. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആത്മീയ മജ്‌ലിസുകളിലും സജീവ സാന്നിധ്യമായി ആറ് പതിറ്റാണ്ട് പിന്നിടുന്ന സയ്യിദവർകളുടെ അതുല്യമായ ജീവിതരേഖകൾ അടയാളപ്പെടുത്തുന്ന ബൃഹത് ഗ്രന്ഥമാണ് “സൗമ്യനായ സയ്യിദ്’.

വിശുദ്ധ ഖുർആൻ വിഭാവനം ചെയ്യുന്ന സ്വഭാവശാസ്ത്രം ജീവിതരീതിയായി സ്വീകരിച്ച തിരുനബി(സ)യുടെ സന്താനപരമ്പരയിൽ പ്പെട്ട സയ്യിദവർകളിലും പകർത്താൻ പറ്റുന്ന അനേകം വിശേഷണങ്ങളുണ്ട്.

അവിടുത്തെ ആകാരസൗഷ്ഠവവും സ്വഭാവ നൈർമല്യവും നിഷ്‌കപടമായ പുഞ്ചിരിയും സത്യസന്ധതയും ആരാധനാനിഷ്ഠയും ബാഫഖി തങ്ങളെ വ്യതിരിക്തമാക്കുന്നു. “അങ്ങ് പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നെങ്കിൽ ജനങ്ങൾ താങ്കളിൽ നിന്ന് അകന്നുപോകുമായിരുന്നു’ എന്ന വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ച സൗമ്യഭാവത്തെ ജീവിതത്തിൽ കാത്തുസൂക്ഷിക്കുന്ന ബാഫഖി തങ്ങളുടെ ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചകളാണ് പുസ്തകത്തിന്റെ ഇതിവൃത്തം.

സാധാരണക്കാരന്റെ സുഖവും ദുഃഖവും സന്തോഷവും പകുത്തെടുത്ത് നാടുനീളെ സഞ്ചരിക്കുന്ന സൗമ്യസ്വഭാവത്തിന്റെ ഉടമയായ ബാഫഖി തങ്ങൾ നിർവഹിക്കുന്ന നിശബ്ദ വിപ്ലവത്തെ പുസ്തകം വിശകലനം ചെയ്യുന്നു. പഠന ശേഷം കൊയിലാണ്ടിയിലെ ഒരു ടെക്സ്റ്റയിൽസിൽ വ്യാപാരിയായിയിരുന്ന അപൂർവ വിശേഷവും ഇതിലുണ്ട്. വ്യാപാര രംഗത്തു നിന്നും സമുദായ സേവനത്തിലേക്ക് പതിയെ കൈപ്പിടിച്ചു കൊണ്ടു വന്നത് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരാണ്. അന്നുമുതൽ കാന്തപുരം ഉസ്താദിന്റെ സന്തത സഹചാരിയായാണ് തങ്ങൾ സഞ്ചരിക്കുന്നത്. പന്തലായനിയുടെ പാരമ്പര്യം, സമസ്തയുടെ പുനഃസംഘടന, മർകസിന്റെ ഉദ്ഭവും വളർച്ചയും, വിദ്യാഭ്യാസ ബോർഡിന്റെ മുന്നേറ്റം, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ ശാക്തീകരണം തുടങ്ങി വളരെ പ്രധാനപ്പെട്ട ചരിത്രങ്ങൾ സയ്യിദ് അലി ബാഫഖി തങ്ങളുടേയും ചരിത്രമാണ്.

ഉപര്യുക്ത വിവരങ്ങളോടൊപ്പം കേരളത്തിലെ മത സാമൂഹിക രാഷ്ട്രീയത്തിലെ നിർണായകമായ പല ഘട്ടങ്ങളിലൂടെയും ഈ ചരിത്രപുസ്തകം കടന്നുപോകുന്നുണ്ട്.
കേരളത്തിലെ സയ്യിദ് പാരമ്പര്യത്തെ കുറിച്ചുള്ള സംക്ഷിപ്ത വിവരവും കൂടി ഇതിന്റെ അവസാന ഭാഗത്തുണ്ട്. വർത്തമാന കേരളീയ സമൂഹത്തിൽ നിർണായക സാന്നിധ്യമാവുന്ന സയ്യിദവർകളുടെ ചരിത്രപുസ്തകത്തിന്റെ വായനക്ക് ഏറെ പ്രസക്തിയുണ്ട്.

എം ടി ശിഹാബുദ്ദീൻ സഖാഫിയും ടി വി അബ്ദുർറഹ്മാൻ കുട്ടിയും ചേർന്ന് ലളിതമായ ഭാഷയിൽ തയ്യാറാക്കിയ പുസ്തകത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ടി കെ അലി അശ്റഫാണ്. ഐ പി ബിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വില 210 രൂപ.