Connect with us

ആത്മീയം

ആത്മശുദ്ധിയുടെ വ്രതം

മനസ്സും ശരീരവും പങ്കുചേരുന്ന ആരാധനയാണ് വ്രതാനുഷ്ഠാനം. അത് സംസാരത്തെയും കേൾവിയെയും കാഴ്ചയെയും ചിന്തകളെയും പ്രവൃത്തികളെയുമെല്ലാം നന്നായി സ്വാധീനിക്കുന്നു. ആകയാൽ വ്രതാനുഷ്ഠാനത്തിലെ മർമപ്രധാന വിഷയമായ അന്നപാനീയങ്ങൾ വെടിയുന്നതും നോമ്പുതുറക്കുശേഷം ഭക്ഷിക്കുന്നതും വളരെ കരുതലോടെയാകണം.

Published

|

Last Updated

ചൂടിന് കാഠിന്യം കൂടി വരുന്ന കാലത്താണ് ഈ വർഷത്തെ റമസാൻ ആഗതമാകുന്നത്. കടുത്ത വേനൽക്കാലത്ത് വ്രതമെടുക്കുകയെന്നത് ചിലർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. എന്നാൽ ലക്ഷണമൊത്ത ഇസ്‌ലാമിലെ നോമ്പ് ശരീരത്തിലെ കൊഴുപ്പുകളകറ്റുകയും മാനസികവും ശാരീരികവുമായ സമാധാനവും ഉന്മേഷവും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. “നോമ്പെടുക്കൂ, ആരോഗ്യവാന്മാരാകൂ.’ (ത്വബ്റാനി) എന്ന തിരുവചനം ഏതു കാലാവസ്ഥയെയും പ്രദേശങ്ങളെയും സമൂഹങ്ങളെയും ഉൾക്കൊള്ളുന്ന പ്രസ്താവനയാണ്. “നോമ്പ് ഒരു പരിചയാണ്’ (ബുഖാരി) എന്ന പ്രവാചക വചനത്തിന്റെ ഉൾസാരം കൂടി ആരോഗ്യപരമായും മനഃശാസ്ത്രപരമായും വിലയിരുത്തുമ്പോള്‍ ഇത് വളരെ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്യും.

പ്രപഞ്ചത്തിലെ സകല ജീവജാലങ്ങൾക്കും വിവിധ രീതിയിലുള്ള ഉപവാസമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസങ്ങളോളം കൂട്ടിൽനിന്ന് പുറത്തിറങ്ങാതെയും ഭക്ഷിക്കാതെയും അനങ്ങാതെയും ഉപവസിക്കുന്ന അനേകം ജീവികളുണ്ട്. പക്ഷികളും മത്സ്യങ്ങളുമുണ്ടതിൽ. മനുഷ്യനും ഉൽഭവകാലം മുതൽ നോമ്പനുഷ്ഠിച്ചുവരുന്നു. നോമ്പ് നിർബന്ധമില്ലാത്ത ഒരു സമൂഹവും കഴിഞ്ഞു പോയിട്ടില്ല എന്നാണ് വിശുദ്ധ ഖുർആനിന്റെ ഭാഷ്യം. അത് മനുഷ്യനിൽ ഭക്തിയും ആരോഗ്യവും നിലനിൽക്കുന്നതിനുകൂടി അനിവാര്യമാണ്. അല്ലാഹു പറയുന്നു: “ഓ വിശ്വാസികളെ, ഗതകാല സമൂഹങ്ങളില്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭക്തരാകാന്‍ വേണ്ടി’. (അൽബഖറ: 183)
ഉപവാസം ആമാശയത്തിന് മതിയായ വിശ്രമം നൽകുകയും ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ വേണ്ടവിധം പുറംതള്ളാൻ അവസരമുണ്ടാക്കുകയും ചെയ്യുന്നു. അതോടൊപ്പം അമിത വണ്ണം, കൊളസ്‌ട്രോൾ, ബിപിയുടെ അളവ്, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവ കുറയാനും സഹായിക്കുന്നു.

മനസ്സും ശരീരവും പങ്കുചേരുന്ന ആരാധനയാണ് വ്രതാനുഷ്ഠാനം. അത് സംസാരത്തെയും കേൾവിയെയും കാഴ്ചയെയും ചിന്തകളെയും പ്രവൃത്തികളെയുമെല്ലാം നന്നായി സ്വാധീനിക്കുന്നു. ആകയാൽ വ്രതാനുഷ്ഠാനത്തിലെ മർമപ്രധാന വിഷയമായ അന്നപാനീയങ്ങൾ വെടിയുന്നതും നോമ്പുതുറക്കുശേഷം ഭക്ഷിക്കുന്നതും വളരെ കരുതലോടെയാകണം. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന പട്ടിണിക്കുശേഷം ഇഫ്താറിന്റെ സമയത്ത് ആമാശയത്തിലെത്തുന്ന ഭക്ഷ്യപദാർഥങ്ങൾ ചൂടും തണുപ്പും ഉപ്പുരസവും മധുരവുമെല്ലാംകുടിച്ചേരുന്ന വിധത്തിലാകരുത്. അങ്ങനെ ചെയ്യുന്നത് നാക്കിന് രസമുണ്ടാക്കുമെങ്കിലും ആന്തരികാവയവങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്.

ഉഷ്ണകാലത്ത് ആയാസകരമായ വിധത്തിൽ ദഹനപ്രവർത്തനങ്ങൾ നടക്കുന്നതിനും നോമ്പിന്റെ ഗുണങ്ങൾ പൂർണമായി ലഭിക്കുന്നതിനും മാംസാഹാരത്തേക്കാൾ നല്ലത് സസ്യാഹാരമാണ്. അതുകൊണ്ടുതന്നെ വേനൽ ചൂടിലുള്ള നോമ്പുകാല ഭക്ഷണത്തിൽ ധാരാളം പഴവർഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. മന്തി, ബിരിയാണി, ഇറച്ചി, മീൻ, പൊറോട്ട, മൈദയുടെ മറ്റിനങ്ങൾ എന്നിവക്ക് പകരം ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, പാൽ, പഴങ്ങൾ എന്നിവ അധികരിപ്പിക്കണം. ഗോതമ്പുകൊണ്ടുള്ള ഭക്ഷണവും നല്ലതാണ്. പഴങ്ങൾ ജ്യൂസാക്കി കഴിക്കുന്നതിനെക്കാൾ അതേ രൂപത്തിൽത്തന്നെ കഴിക്കുന്നതാണ് നല്ലത്. ഈത്തപ്പഴം, ശുദ്ധമായ വെള്ളം എന്നിവക്ക് ഊന്നൽ നൽകണം. നോമ്പ് തുറയുടെ ആദ്യഭക്ഷണം ഈത്തപ്പഴമോ വെള്ളമോ ആവണമെന്നാണ് തിരുനബി(സ) പഠിപ്പിച്ചത്. നോമ്പെടുക്കുന്നവർ അത്താഴം മുടക്കരുത്. കാരണം, പകൽ മുഴുവൻ നേരത്തേക്കുമുള്ള ഊർജം ലഭിക്കേണ്ടത് അതിലൂടെയാണ്. മാത്രവുമല്ല, അത്താഴം കഴിക്കൽ പ്രത്യേകം സുന്നത്തുള്ള കാര്യവുമാണ്.

നോമ്പ് കാലത്തും അല്ലാത്തപ്പോഴും വയറ് നിറയെ ഭക്ഷണം കഴിക്കുകയെന്നത് ഒട്ടും ശരിയല്ല. കാരണം, അമിതാഹാരം ശരീരത്തിന് അധിവേഗം വാർധക്യം സമ്മാനിക്കുകയും മാരക രോഗങ്ങൾക്ക് വിധേയമാക്കുകയും ചെയ്യും. ആമാശയത്തിന്റെ മൂന്നിൽ ഒരു ഭാഗമാണ് ഭക്ഷണത്തിനുള്ളത്. മറ്റു രണ്ട് ഭാഗങ്ങൾ വെള്ളത്തിനും വായുവിനും മാറ്റിവെക്കണമെന്നാണ് പ്രവാചകാധ്യാപനം.

ജീവിതരീതിയിലെ മാറ്റങ്ങൾക്കൊപ്പം ഭക്ഷണക്രമത്തിലും ബോധപൂർവമായ ചില വ്യത്യാസങ്ങൾ കൊണ്ടുവരൽ അനിവാര്യമാണ്. ഭക്ഷണ നിയന്ത്രണം ആന്തരികാവയവങ്ങൾക്കു വിശ്രമം നൽകുന്നതോടൊപ്പം രോഗങ്ങൾക്കു വഴിവെക്കുന്ന കാരണങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. രോഗം ദുരിതങ്ങൾ വിതക്കുന്നതിനു മുമ്പ് നല്ല ആരോഗ്യത്തോടെ ജീവിക്കാനുള്ള അനുകൂല സാഹചര്യം സൃഷ്​ടിക്കുകയാണ് വേണ്ടത്. വാരിവലിച്ചു തിന്നുന്നതിനു പകരം സാവധാനം ചവച്ചരച്ചാണ് കഴിക്കേണ്ടത്. വെള്ളം കുടിക്കുമ്പോൾ തവണകളായിട്ടാണ് കുടിക്കേണ്ടത്. ഇതെല്ലാം തരുനബി(സ)യുടെ ഭക്ഷണരീതി വിവരിക്കുന്ന ഹദീസുകളിൽ കാണാം. ശക്തമായ ചൂടോടെയുള്ള ഭക്ഷണം അവിടുന്ന് കഴിച്ചിരുന്നില്ല. മൂന്ന് വിരൽ ഉപയോഗിച്ചായിരുന്നു ഭക്ഷിച്ചിരുന്നത്. ഇടത്തെ കാൽമുട്ടും ചന്തിയും തറയിൽ വെച്ച് വലതു മുട്ടുകാൽ പൊക്കി നിർത്തിയായിരുന്നു അവിടുന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നിരുന്നത്. ഇങ്ങനെ ഇരുന്നാല്‍ ആവശ്യത്തിനു മാത്രമേ ഭക്ഷണം കഴിക്കാൻ സാധിക്കുകയുള്ളൂ.

തിരുനബി(സ)ക്ക് ഇഷ്ടപ്പെട്ട പഴങ്ങള്‍ ഈത്തപ്പഴവും മുന്തിരിയുമായിരുന്നു. അപ്രകാരം കക്കിരിയും ഈത്തപ്പഴവും കൂട്ടിയും ഉപ്പുചേര്‍ത്തും അവിടുന്ന് കഴിക്കാറുണ്ടായിരുന്നു (ബുഖാരി). പച്ചക്കറികളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ചുരങ്ങയായിരുന്നുവെന്നും ഹദീസിലുണ്ട്. ചുരുക്കത്തിൽ, മനുഷ്യരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇസ്‌ലാം വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ഇസ്്ലാമിലെ ആരാധനാ കർമങ്ങളൊന്നും മനുഷ്യനെ ക്ഷീണിപ്പിക്കാനുള്ളതല്ല. മറിച്ച്, അവന്റെ ആരോഗ്യത്തെ കൂടി പരിഗണിച്ചുള്ളതാണ്. മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്നായ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും ശക്തി പകരുന്നതിനും അതുമുഖേന മനസ്സിനും ശാരീരത്തിനും സ്വസ്ഥതയും സന്തോഷവും ലഭിക്കുന്നതിനും നോമ്പുകാലത്തെ ആരാധനയും ഭക്ഷണശീലങ്ങളും നിതാനമാകട്ടെ.

---- facebook comment plugin here -----

Latest