Connect with us

Editorial

ബില്ലില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സമയപരിധി അനിവാര്യം

ഗവര്‍ണര്‍മാരുടെ അമിതാധികാര പ്രയോഗവും രാഷ്ട്രീയക്കളിയും തുടരാന്‍ അനുവദിക്കുകയല്ലേ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിന്റെ വിധി റദ്ദാക്കുന്നതിലൂടെ ഭരണഘടനാ ബഞ്ച് ചെയ്തത്? ബില്ലിന്മേല്‍ ഗവര്‍ണര്‍മാര്‍ അടയിരിക്കരുതെന്ന് കടുത്ത ഭാഷയില്‍ പറയുന്ന അഞ്ചംഗ ബഞ്ചിന് ഇതിനൊരു പരിഹാരം കാണാനുള്ള ഉത്തരവാദിത്വമില്ലേ?

Published

|

Last Updated

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി രണ്ടംഗ ബഞ്ചിന്റെ വിധി റദ്ദാക്കിയിരിക്കുകയാണ് അഞ്ചംഗ ഭരണഘടനാ ബഞ്ച്. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി പാടില്ലെന്നാണ്, രാഷ്ട്രപതിയുടെ റഫറന്‍സിന് മറുപടി നല്‍കവെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, വിക്രംനാഥ്, സൂര്യകാന്ത്, എ എസ് ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ ഭരണഘടനാ ബഞ്ച് അഭിപ്രായപ്പെട്ടത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഭരണഘടന കാലപരിധി നിശ്ചയിക്കാത്തതു ചൂണ്ടിക്കാട്ടിയാണ് ഭരണഘടനാ ബഞ്ചിന്റെ വിധിപ്രസ്താവം.

തമിഴ്നാട് സര്‍ക്കാറും ഗവര്‍ണറുമായുള്ള കേസില്‍ കഴിഞ്ഞ ഏപ്രിലിലാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച്് സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഒപ്പുവെക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും പരിധി നിശ്ചയിച്ചത്. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം വേണം. രാഷ്ട്രപതിക്ക് അയക്കുകയോ തിരിച്ചയക്കുകയോ ആണെങ്കില്‍ മൂന്ന് മാസത്തിനകം നിര്‍വഹിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. നിശ്ചയിച്ച പരിധിക്കകം ബില്ലില്‍ ഒപ്പുവെച്ചില്ലെങ്കില്‍ പ്രസ്തുത ബില്ല് നിയമമായി പ്രാബല്യത്തില്‍ വന്നതായി കണക്കാക്കുമെന്നും രണ്ടംഗ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് ഭരണഘടനയുടെ 143(1) അനുഛേദ പ്രകാരം സുപ്രീം കോടതിയില്‍ രാഷ്ട്രപതി 14 ചോദ്യങ്ങളടങ്ങുന്ന റഫറന്‍സ് സമര്‍പ്പിച്ചത്. പൊതുപ്രാധാന്യമുള്ള വിഷയങ്ങളിലും നിയമ വിഷയങ്ങളിലും രാഷ്ട്രപതിക്ക് സുപ്രീം കോടതിയുടെ അഭിപ്രായം തേടുന്നതിനുള്ളതാണ് ഭരണഘടനയുടെ 143(1) അനുഛേദം.

അതേസമയം അംഗീകാരത്തിനായി ബില്ലുകള്‍ മുമ്പില്‍ വന്നാല്‍ തീരുമാനമെടുക്കാതെ അനിയന്ത്രിതമായി നീട്ടിക്കൊണ്ടു പോകുന്ന ഗവര്‍ണര്‍മാരുടെയും രാഷ്ട്രപതിയുടെയും നിലപാട് ശരിയല്ലെന്നും ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് എതിരാണെന്നും ഭരണഘടനാ ബഞ്ച് പറയുന്നു. ബില്ലുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാമെങ്കിലും പിടിച്ചു വെക്കുന്നത് ഭരണഘടനാ തത്ത്വങ്ങള്‍ക്ക് എതിരാണ്. ബില്ല് പിടിച്ചുവെക്കുകയല്ല, നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പരിഹരിക്കുകയാണ് വേണ്ടതെന്നും ഭരണഘടനാ ബഞ്ച് വ്യക്തമാക്കി.

നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുകയും സംസ്ഥാനങ്ങളില്‍ ഇത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബില്ലില്‍ തീരുമാനമെടുക്കുന്നതിന് രണ്ടംഗ ബഞ്ച് സമയപരിധി നിശ്ചയിച്ചത്. നിയമസഭ സമര്‍പ്പിക്കുന്ന ബില്ലുകളില്‍ മൂന്ന് വഴികളാണ് ഗവര്‍ണര്‍മാരുടെ മുമ്പില്‍ ഭരണഘടന തുറന്നു വെക്കുന്നത്. ബില്ല് അംഗീകരിക്കുക, അല്ലെങ്കില്‍ നിരസിക്കുക, അതുമല്ലെങ്കില്‍ വീണ്ടും പരിഗണനക്കായി നിയമസഭയിലേക്ക് തിരിച്ചയക്കുക. ഈ നടപടികള്‍ എത്ര ദിവസത്തിനകം നിര്‍വഹിക്കണമെന്ന് ഭരണഘടന വ്യക്തമാക്കാത്തതാണ് പ്രശ്നത്തിന്റെ അടിസ്ഥാന കാരണം. ഭരണഘടനയുടെ ഈ മൗനം ചൂഷണം ചെയ്ത് ഗവര്‍ണര്‍മാര്‍ തീരുമാനം അനന്തമായി നീട്ടിക്കൊണ്ടു പോകുകയും സംസ്ഥാന സര്‍ക്കാറുകളെ പ്രതിസന്ധിയിലാക്കുകയുമാണ്. ഗവര്‍ണര്‍മാരുടെ ഈ സ്വേഛാധികാരം തമിഴ്നാട്, കേരളം, പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുകയും സുപ്രീം കോടതിയുടെ വാതില്‍ തട്ടാന്‍ ഇടയാക്കുകയുമുണ്ടായി.

സംസ്ഥാന സര്‍ക്കാറുകളുടെ പ്രവര്‍ത്തനം സുഗമമാക്കാനും ഫെഡറല്‍ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കാനുമാണ് ഭരണഘടന രൂപകല്‍പ്പന ചെയ്തവര്‍ ഗവര്‍ണര്‍ പദവി ഉള്‍പ്പെടുത്തിയത്. ഇന്ന് പക്ഷേ ഗവര്‍ണര്‍മാരെ കേന്ദ്ര ഭരണ കക്ഷിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു ചട്ടുകമായി മാറ്റിയിരിക്കുകയാണ്. ഇതാണ് ബില്ലുകളില്‍ തീരുമാനം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനു പിന്നില്‍. ജനജീവിതത്തെ നേരിട്ടു ബാധിക്കുന്നവയാണ് നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍. ഇവ തടഞ്ഞുവെക്കുമ്പോള്‍ ഭരണപരമായ പ്രതിസന്ധി മാത്രമല്ല, സാമ്പത്തിക മേഖലയിലും സാമൂഹിക-ക്ഷേമ രംഗത്തും അത് വിപരീത പ്രതിഫലനം സൃഷ്ടിക്കുന്നു. ജനക്ഷേമ പദ്ധതികള്‍ വൈകാന്‍ ഇടയാക്കുകയും ചെയ്യുന്നു.

നേരത്തേ വാദം കേള്‍ക്കലിനിടെ അഞ്ചംഗ ഭരണഘടനാ ബഞ്ച,് ബില്ലുകള്‍ തടഞ്ഞുവെക്കാനുള്ള ഗവര്‍ണറുടെ അധികാരത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും നിയമസഭകളെ ഇത് പ്രവര്‍ത്തനരഹിതമാക്കുമെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഗവര്‍ണര്‍മാരുടെ അമിതാധികാര പ്രയോഗവും രാഷ്ട്രീയക്കളിയും തുടരാന്‍ അനുവദിക്കുകയല്ലേ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിന്റെ വിധി റദ്ദാക്കുന്നതിലൂടെ ഭരണഘടനാ ബഞ്ച് ചെയ്തത്? ബില്ലിന്മേല്‍ ഗവര്‍ണര്‍മാര്‍ അടയിരിക്കരുതെന്ന് കടുത്ത ഭാഷയില്‍ പറയുന്ന അഞ്ചംഗ ബഞ്ചിന് ഇതിനൊരു പരിഹാരം കാണാനുള്ള ഉത്തരവാദിത്വമില്ലേ?

ബില്ലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് നിയമം മുഖേനയോ ഭരണഘടനാ ഭേദഗതിയിലൂടെയോ സമയ പരിധി നിശ്ചയിക്കുകയാണ് പരിഹാരം. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് പ്രതിസന്ധിയിലാക്കുന്ന നിലവിലെ കേന്ദ്ര ഭരണകൂടം ഇത്തരമൊരു നിയമ നിര്‍മാണത്തിനോ ഭരണഘടനാ ഭേദഗതിക്കോ സന്നദ്ധമാകില്ല. ഈ സാഹചര്യത്തില്‍ സമയ പരിധി നിര്‍ണയത്തിന് കോടതി തന്നെ മുന്നോട്ട് വരേണ്ടതുണ്ട്. ഭരണഘടനയെ സംരക്ഷിക്കാനുള്ള ജുഡീഷ്യറിയുടെ ബാധ്യത ഇത്തരമൊരു ഇടപെടലിന് കോടതിക്ക് അധികാരം നല്‍കുന്നുണ്ടെന്നാണ് നിയമജ്ഞരുടെ പക്ഷം. ഈ ഭരണഘടനാപരമായ ദൗത്യമാണ് ജെ ബി പര്‍ദിവാലയും ആര്‍ മഹാദേവനുമടങ്ങുന്ന കോടതി ബഞ്ച് നിര്‍വഹിച്ചത്. ഇത് റദ്ദാക്കിയ ഭരണഘടനാ ബഞ്ച് ഉത്തരവ് പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

 

---- facebook comment plugin here -----

Latest