Connect with us

From the print

ഇറാനെതിരായ പ്രത്യാക്രമണം; ഇസ്‌റാഈലില്‍ ഭിന്നത

ഭാഗമാകില്ലെന്ന് യു എസ് മുന്നറിയിപ്പ്. യുദ്ധ ക്യാബിനറ്റില്‍ തീരുമാനമായില്ല.

Published

|

Last Updated

ടെല്‍ അവീവ്/ ന്യൂയോര്‍ക്ക് | ഇസ്റാഈലിനെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യ മുള്‍മുനയില്‍. ഇസ്റാഈലിന്റെ പ്രത്യാക്രമണം ഉടനുണ്ടായേക്കില്ലെന്നാണ് സൂചന. യു എസിന്റെ സമ്മര്‍ദവും ഇസ്റാഈല്‍ യുദ്ധ ക്യാബിനറ്റിലെ അനൈക്യവുമാണ് ഇസ്റാഈലിനെ പിന്നോട്ടടിപ്പിച്ചത്. പ്രത്യാക്രമണം നടത്തിയാല്‍ ഇസ്റാഈലിനൊപ്പം പങ്കെടുക്കില്ലെന്ന് യു എസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്റാഈല്‍ യുദ്ധ ക്യാബിനറ്റ് യോഗം ചേര്‍ന്നത്. വിഷയം പരിഗണിക്കുന്നതിന് വീണ്ടും യോഗം ചേരുമെന്നാണ് റിപോര്‍ട്ട്.

ഇറാനെതിരെ ഏതെങ്കിലും തരത്തില്‍ പ്രത്യാക്രമണം നടന്നാല്‍ യു എസ് അതിന്റെ ഭാഗമാകില്ലെന്ന് പ്രസിഡന്റ്‌ജോ ബൈഡന്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിക്കുകയായിരുന്നു. വൈറ്റ്ഹൗസ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇറാനുമായുള്ള യുദ്ധം യു എസ് ആഗ്രഹിക്കുന്നില്ലെന്ന് വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ വക്താവ് പറഞ്ഞു.

സംയമനം പാലിക്കണം
മേഖല സംഘര്‍ഷഭരിതമാണെന്നും സംയമനം പാലിക്കണമെന്നും അടിയന്തരമായി ചേര്‍ന്ന യു എന്‍ രക്ഷാസമിതി യോഗത്തിന് ശേഷം യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇറാന് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഇസ്റാഈല്‍ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് പോകുന്നത് തടയണമെന്ന് യൂറോപ്യന്‍ യൂനിയനും ജി 7 രാജ്യങ്ങളും ആവശ്യപ്പെട്ടു. കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്ചാള്‍സ് മിഷേല്‍ പറഞ്ഞു. ഗസ്സയിലെ ഇസ്റാഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറാകണമെന്നും ജി 7 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. കാനഡ, യു എസ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യു കെ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ടതാണ് ജി 7.

സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇറാന്‍ നയതന്ത്ര കാര്യാലയത്തിന് നേരെ ഏപ്രില്‍ ഒന്നിന് ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികരണമായാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും ക്രൂയിസ് മിസൈലുകളുമാണ് ഇസ്റാഈലിന് നേരേ ഇറാന്‍ വര്‍ഷിച്ചത്.

എന്നാല്‍, ഇവയില്‍ മിക്കതും ലക്ഷ്യത്തിലെത്തും മുമ്പേ തകര്‍ത്തുവെന്നാണ് ഇസ്റാഈല്‍ പറയുന്നത്. ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളില്‍ 99 ശതമാനവും ഇസ്റാഈല്‍ തകര്‍ത്തതായും ഇത് ഇറാനുമേല്‍ ഇസ്റാഈലിനുള്ള സൈനിക ആധിപത്യം വ്യക്തമാക്കുന്നതാണെന്നും യു എസും അവകാശപ്പെടുന്നു. അമേരിക്കയുടെ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കാനായി അണിനിരന്നിരുന്നു.

എണ്‍പതിലേറെ ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും യു എസ് തകര്‍ത്തതായാണ് അവകാശവാദം. ആക്രമണത്തില്‍ ഒരു വ്യോമത്താവളത്തിന് നാശനഷ്ടമുണ്ടായതായി ഇസ്റാഈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്റാഈല്‍ ബന്ധമുള്ള ചരക്കു കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ പിടിച്ചെടുത്തിരുന്നു.