Connect with us

Articles

ഉലമാ ആക്ടിവിസത്തിന്റെ ഒരു നൂറ്റാണ്ട്

വരക്കല്‍ തങ്ങളില്‍ ആരംഭിച്ച് പില്‍ക്കാലത്ത് താജുല്‍ ഉലമയുടെ നേതൃത്വത്തില്‍ മുസ്ലിം ഉമ്മത്തിന് ദിശാബോധം പകര്‍ന്ന ഒരു നൂറ്റാണ്ടിന് ശേഷം സമുദായത്തെ സ്വയംപര്യാപ്തമാക്കാനുള്ള പുതുനൂറ്റാണ്ട് മനസ്സില്‍ കണ്ട് സമസ്ത നമ്മെ നയിക്കുന്നു. പിറകോട്ടല്ല, മുന്നോട്ട്. തീവ്രവാദത്തിലേക്കോ മത നശീകരണത്തിലേക്കോ അല്ല, യഥാര്‍ഥ നവോത്ഥാനത്തിലേക്ക്. വരാനിരിക്കുന്ന ഒരു നൂറ്റാണ്ടിന്റെ ഉള്ളടക്കമുള്ള ആ ഉണര്‍വിന്റെ പ്രഖ്യാപനത്തിന് നാളെ കാസര്‍കോട് വേദിയാകുന്നു.

Published

|

Last Updated

മാര്‍ഗഭ്രംശങ്ങളില്‍ നിന്ന് മുസ്ലിം സമുദായത്തെ ഋജു പാതയിലേക്ക് നയിച്ച പക്വതയെ കേരളം വിളിച്ച പേരാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.

കാലം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം; ഐക്യ കേരളമോ സ്വതന്ത്ര ഭാരതമോ നിലവില്‍ വരുന്നതിനും മുമ്പ്. പറങ്കികളും പോര്‍ച്ചുഗീസും വാസ്‌കോഡിഗാമയും അധിനിവേശം കൊണ്ട് മലിനമാക്കിയ നാട്. നമ്മുടെ മതവും സംസ്‌കാരവും സമ്പത്തുമെല്ലാം അവര്‍ കൊള്ളചെയ്തു. ഏറെ പരുക്കേറ്റത് നാം നെഞ്ചേറ്റി നടന്ന മതാദര്‍ശങ്ങള്‍ക്കും നമ്മുടെ പവിത്രമായ സാംസ്‌കാരിക മൂല്യങ്ങള്‍ക്കും തന്നെയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ അഭിമുഖീകരിച്ച സര്‍വ ദുരന്തങ്ങള്‍ക്കും വിത്ത് വിതറിയതും അധിനിവേശ ശക്തികളായിരുന്നു. മുസ്ലിം-ഹിന്ദു വൈരം, രാഷ്ട്ര വിഭജനം, വര്‍ഗീയത, വെറുപ്പിന്റെ രാഷ്ട്രീയം… എല്ലാം.

മുസ്ലിം സമുദായം എന്നും സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ടു. അധിനിവേശ ശക്തികളെ നിരന്തരം ചെറുത്തുകൊണ്ടിരുന്നു. ഇന്ത്യയിലും കേരളത്തിലും ഉലമാക്കളും സാദാത്തുക്കളും സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ ഉലമാക്കള്‍ക്ക് പിന്നില്‍ ഉമറാക്കള്‍ ഉറച്ച് നിന്ന് പൊരുതിയപ്പോള്‍ അധിനിവേശ ശക്തികള്‍ പ്രതിരോധത്തിലായി. അവര്‍ മുസ്ലിംകളുടെ ഈമാനികാവേശവും സ്വാതന്ത്ര്യാഭിനിവേശവും തകര്‍ക്കാനും ഉമ്മത്തിനെ ദുര്‍ബലപ്പെടുത്താനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. മുസ്ലിംകളെ ‘ശരിയായ’ മതം അഭ്യസിപ്പിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് ഉത്പന്നമായ വഹാബിസത്തെ കേരളത്തില്‍ കൊണ്ട് വന്ന് ചുമതലകള്‍ ഏല്‍പ്പിച്ചു. മുസ്ലിംകളുടെ ആദര്‍ശപരമായ ഷണ്ഡീകരണമായിരുന്നു വഹാബിസം ഏറ്റെടുത്ത മുഖ്യ ചുമതല. ഇസ്ലാമിക വിദ്യാഭ്യാസം, മുസ്ലിം സര്‍ഗ സാഹിത്യ കൃതികള്‍, പോരാട്ട സാഹിത്യങ്ങള്‍, കവിതാ സമാഹാരങ്ങള്‍, മത സാഹിത്യങ്ങള്‍, ചരിത്ര ഗ്രന്ഥങ്ങള്‍… അറബി മലയാള ഭാഷയില്‍ വിരചിതമായ ഈ സാഹിത്യ സമ്പത്ത് മുസ്ലിംകള്‍ക്ക് വിശ്വാസ ദാര്‍ഢ്യവും പോരാട്ട വീര്യവും പകരുന്നതായി വൈദേശിക ശക്തികള്‍ക്കറിയാമായിരുന്നു. മലയാള ഭാഷക്ക് അക്ഷരങ്ങള്‍ വരുന്നതിനും മുമ്പ് മുസ്ലിം സമുദായത്തെ വൈജ്ഞാനിക മുന്നേറ്റത്തിന്റെ ഉന്നതിയില്‍ പ്രതിഷ്ഠിച്ചത് അറബി മലയാള ഭാഷയായിരുന്നു. അധിനിവേശ ശക്തികളും വഹാബി മൗലവിമാരും ചേര്‍ന്ന് അറബി മലയാള ഭാഷയെ തകര്‍ത്തു. സാംസ്‌കാരികാധിനിവേശത്തിന് മണ്ണൊരുക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെയാണ് മുസ്ലിംകള്‍ മലയാളത്തിലും ആങ്കലേയത്തിലും മതം അഭ്യസിക്കാന്‍ തുടങ്ങിയത്. സ്വന്തം ഭാഷയും സംസ്‌കാരവും അറുപഴഞ്ചനെന്ന് കൂലി മൗലവികള്‍ സമുദായത്തെ പഠിപ്പിച്ചു കൊണ്ടിരുന്നു. ക്രമത്തില്‍ മുസ്ലിംകള്‍ക്ക് തന്നെയും തങ്ങള്‍ കൊള്ളരുതാത്തവരും അറുപഴഞ്ചന്‍മാരുമാണെന്ന തോന്നലുണ്ടായി. അപകര്‍ഷത പടര്‍ന്നു. മലയാളത്തില്‍ മതം പഠിച്ചു കൊണ്ടിരുന്നവര്‍ക്ക് തിരു പ്രവാചകന്‍ സാധാരണ മനുഷ്യനായി. ആമിന പ്രസവിച്ച അബ്ദുല്ലയുടെ മോന്‍ സാധാരണ ഒരു അറബി പയ്യന്‍. ദിവസത്തില്‍ കുറഞ്ഞത് നൂറ് ദോഷങ്ങളെങ്കിലും ചെയ്യുന്ന മഹാപാപി. പ്രവാചക ശിഷ്യന്‍മാരായ സ്വഹാബത്ത് മതത്തില്‍ ജൂതായിസം കയറ്റിയ അക്രമികളായി. മദ്ഹബിന്റെ ഇമാമുമാര്‍ ഭിന്നിപ്പിന്റെ ആചാര്യന്‍മാരായി മുദ്രകുത്തപ്പെട്ടു. അല്ലാഹുവിന്റെ ഔലിയാക്കള്‍ നാരായണ പ്രതിമ ദൃഷ്ടിയില്‍ പ്രതിഷ്ഠിക്കുന്നവരും നാരായണ ശ്രുതിമ ചൊല്ലുന്നവരുമായി നിരന്തരം ചിത്രീകരിക്കപ്പെട്ടുകൊണ്ടിരുന്നു. പലിശ അനുവദനീയമായി പ്രഖ്യാപിക്കപ്പെട്ടു. ഒടുവില്‍ കേരള മുസ്ലിംകള്‍ മതഭ്രഷ്ട് ബാധിച്ചവരാണെന്നും അവര്‍ നിഷ്‌കരുണം കൊല്ലപ്പെടണമെന്നും മൗലവിമാര്‍ തീവ്രവാദ വിധി പുറപ്പെടുവിച്ചു. കാലാന്തരത്തില്‍ സലഫി തീവ്രവാദത്തിന്റെ ആഗോള മുഖമായി വഹാബിസം രൂപാന്തരപ്പെട്ടു. മൗദൂദിസവും തബ്ലീഗിസവും തീവ്രവാദത്തിന്റെ വിവിധ മുഖങ്ങളാണെന്നും ഇന്ന് നമുക്കറിയാം. കേരളത്തെ അത്യാപത്കരമായ ഈ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച പണ്ഡിത മുന്നേറ്റത്തിന്റെ പേരാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നേതൃത്വം നല്‍കിയ പ്രസ്ഥാനം.

നാം കേരളത്തിന്റെ പുറത്തേക്ക് നോക്കണം. കേരളത്തില്‍ സമസ്ത സാധിച്ചതിന്റെ ഉത്തരങ്ങള്‍ അവിടെ കാണാം. മുസ്ലിം കേരളത്തിന് ദിശ നിര്‍ണയിച്ചു നല്‍കുകയായിരുന്നു ഈ പണ്ഡിത പ്രസ്ഥാനം. തൊള്ളായിരത്തി ഇരുപതുകളില്‍ മുസ്ലിംകളെ അധിനിവേശ ശക്തികള്‍ക്ക് ഒറ്റുകൊടുക്കാന്‍ സലഫിസം ശ്രമിച്ചപ്പോഴും തൊള്ളായിരത്തി നാല്‍പ്പതുകളില്‍ സ്‌കൂളില്‍ നിന്നും കോളജില്‍ നിന്നും സര്‍ക്കാര്‍ ജോലികളില്‍ നിന്നും മുസ്ലിംകളെ പിന്തിരിപ്പിക്കാനും അവരെ പതിറ്റാണ്ടുകളുടെ പിറകില്‍ തള്ളിയിടാനും ജമാഅത്തെ ഇസ്ലാമി ശ്രമിച്ചപ്പോഴും മുസ്ലിം ഉമ്മത്തിന് രക്ഷകനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിലകൊണ്ടു. തീവ്രവാദം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, മതരാഷ്ട്രവാദം, അരാഷ്ട്രീയം, ദിശാ രഹിത രാഷ്ട്രീയം തുടങ്ങിയ പ്രവണതകള്‍ മുസ്ലിം സമുദായത്തിന്റെ അസ്തിത്വ തകര്‍ച്ചക്ക് കാരണമാകുമെന്ന് സമസ്ത മനസ്സിലാക്കിയിരുന്നു. തെറ്റായ പ്രവണതകളെ ചെറുത്തു നില്‍ക്കുമ്പോഴും സമുദായത്തെ മുന്നോട്ട് നയിക്കുന്നതിന് സമസ്ത പദ്ധതികളാവിഷ്‌കരിച്ചു.സമുദായത്തിന്റെ നിര്‍മാണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.

വിദ്യാഭ്യാസത്തില്‍ നിന്ന് തന്നെയായിരുന്നു തുടക്കം. ഒന്നാമതായി ഒറ്റുകാര്‍ മലയാളത്തിലേക്കും വിശ്വാസ, കര്‍മ വൈകല്യങ്ങളിലേക്കും തിരിച്ചുവിട്ട മത വിദ്യാഭ്യാസത്തെ തിരിച്ചുപിടിച്ചു. കേരളത്തിലും പുറത്തും അതിന്റെ പ്രതിഫലനങ്ങളുണ്ടായി. പതിനായിരക്കണക്കായ മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലക്ഷക്കണക്കായ മത വിദ്യാര്‍ഥികള്‍, അധ്യാപകന്‍മാര്‍, ലക്ഷ്യബോധത്തോടെയുള്ള കരിക്കുലം, ശാസ്ത്രീയമായ പാഠ്യ പദ്ധതി, ഉള്ളടക്കമുള്ള പുസ്തകങ്ങള്‍, പരീക്ഷാ സംവിധാനം… സമസ്ത ഒരു തൊഴില്‍ മേഖല തന്നെ തുറന്നു വെക്കുകയായിരുന്നു. ഇപ്പോള്‍ അത് ഡിജിറ്റല്‍ ക്ലാസ്സ് മുറികളിലും ഓണ്‍ലൈന്‍ മദ്റസകളിലും എത്തി നില്‍ക്കുന്നു. ഓത്ത് പള്ളികളില്‍ നിന്ന് മുസ്ലിംകളെ വലിച്ചിറക്കി കൊണ്ടുവന്ന് വൈദേശിക ശക്തികള്‍ക്ക് മുമ്പില്‍ അടിയറവ് വെക്കാന്‍ ശ്രമിച്ചവരെ സമസ്ത തോല്‍പ്പിച്ചതിന്റെ മനോഹരമായ ചിത്രങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ നിറയെ കാണാം.

ആധുനിക വിദ്യാഭ്യാസവും ഇസ്ലാമിക വിജ്ഞാനവും ചേര്‍ത്ത് വെച്ചുകൊണ്ടുള്ള പരീക്ഷണം അഭൂതപൂര്‍വമായ ഫലങ്ങളുണ്ടാക്കി. കാസര്‍കോട് നിന്ന് ആ മുന്നേറ്റത്തിന് നായകത്വം വഹിച്ച നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. മതദര്‍ശനത്തോട് പുച്ഛ സമീപനം പുലര്‍ത്തുന്ന ഡോക്ടറും എന്‍ജിനീയറും സലഫി മുന്‍ഷിമാരും മുസ്ലിം സമുദായത്തിന്റെ അഭ്യസ്തവിദ്യരാകുന്ന കാലമാണ് അസ്തമിച്ചു പോയത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷ പദവിയിലിരുത്തി ആ ചരിത്ര പുരുഷനെ പില്‍ക്കാലത്ത് മുസ്ലിം കേരളം ആദരിച്ചു.

ഇന്ന് ഈ പണ്ഡിത നേതൃത്വം ഏറെ മുന്നോട്ടു പോയിരിക്കുന്നു. വിവിധ തലങ്ങളില്‍ സാമുദായിക ശാക്തീകരണം സാധ്യമാക്കുന്നതിനുള്ള പദ്ധതികളാണ് സമസ്തയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്. സമുദായത്തിന് ദിശ നിര്‍ണയിച്ചു നല്‍കുന്ന മുന്നേറ്റങ്ങള്‍ക്ക് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാരുടെയും സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെയും നേതൃത്വത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ചുക്കാന്‍ പിടിക്കുന്നു. ഇപ്പോള്‍ സമസ്തയുടെ തിരുമുറ്റത്ത് നിന്ന് സ്ഥാന വസ്ത്രങ്ങള്‍ സ്വീകരിക്കുന്നത് മത പണ്ഡിതന്‍മാര്‍ മാത്രമല്ല. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മാനേജ്മെന്റ് വിദഗ്ധരും അഭിഭാഷകരും ആ തിരുമുറ്റത്ത് പിറവിയെടുത്ത് തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ സമസ്തയുടെ സംഭാവനകള്‍ മദ്റസകളോ ശരീഅത്ത് കോളജുകളോ മാത്രമല്ല, മെഡിക്കല്‍ കോളജുകള്‍, ലോ കോളജുകള്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷനല്‍ സ്ഥാപനങ്ങളിലേക്ക് അവ വളര്‍ന്നിരിക്കുന്നു.

ഉലമാ ആക്ടിവിസത്തിന്റെ വിപ്ലവകരമായ സേവനങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. സമുദായത്തിന്റെയും സമൂഹത്തിന്റെയും സര്‍വതോന്മുഖമായ പുരോഗതിയും വളര്‍ച്ചയും ലക്ഷ്യമാക്കി സമസ്ത നേതൃത്വം പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോകുകയാണ്. വരക്കല്‍ തങ്ങളില്‍ ആരംഭിച്ച് പില്‍ക്കാലത്ത് താജുല്‍ ഉലമയുടെ നേതൃത്വത്തില്‍ മുസ്ലിം ഉമ്മത്തിന് ദിശാബോധം പകര്‍ന്ന ഒരു നൂറ്റാണ്ടിന് ശേഷം സമുദായത്തെ സ്വയംപര്യാപ്തമാക്കാനുള്ള പുതുനൂറ്റാണ്ട് മനസ്സില്‍ കണ്ട് സമസ്ത നമ്മെ നയിക്കുന്നു. പിറകോട്ടല്ല, മുന്നോട്ട്. സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ട് വരാനല്ല, കുഞ്ചിക സ്ഥാനങ്ങളില്‍ നിന്ന് താഴെ ഇറക്കാനല്ല. തീവ്രവാദത്തിലേക്കോ മത നശീകരണത്തിലേക്കോ അല്ല. യഥാര്‍ഥ നവോത്ഥാനത്തിലേക്ക്. പുതിയ ഉണര്‍വിലേക്ക്, കുഞ്ചിക സ്ഥാനങ്ങളിലേക്ക്. വരാനിരിക്കുന്ന ഒരു നൂറ്റാണ്ടിന്റെ ഉള്ളടക്കമുള്ള ആ ഉണര്‍വിന്റെ പ്രഖ്യാപനത്തിന് നാളെ കാസര്‍കോട് വേദിയാകുന്നു.

സഹോദരാ, തര്‍ക്കിച്ചിരിക്കാന്‍ നമുക്ക് സമയമെവിടെ? നാനാതരം കര്‍മങ്ങളുടെ പുതുവഴികള്‍ സമസ്ത ഉലമാക്കള്‍ നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു. ഉമ്മത്തിന്റെ മുന്നേറ്റത്തിനും നമ്മുടെ മക്കളുടെ ഭാവിക്കും വേണ്ടി സമസ്ത നമ്മെ വിളിക്കുന്നു. മറ്റൊന്നിനുമല്ല, കൂടെ നില്‍ക്കാന്‍, ഒന്നിച്ചു മുന്നേറാന്‍. ഇനിയുള്ള ഇന്ത്യയില്‍ അതേ വഴിയുള്ളൂവെന്ന് സമസ്ത ഉലമ നമ്മെ ഓര്‍മിപ്പിക്കുന്നു. ആ വിളി മനസ്സ് കൊണ്ട് സ്വീകരിക്കുക. സമസ്തയോട് ഈ സമുദായം അത്രക്ക് കടപ്പെട്ടിരിക്കുന്നു.

 

Latest